തിരുവനന്തപുരം: ഭരണഘടനാ നിർമാണസഭയിലെ തിരുവിതാംകൂറിൽ നിന്നുള്ള ഏക വനിതാ പ്രതിനിധി ആനി മസ്‌ക്രീന്റെ അനുസ്മരണ ദിനാചരണം കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ KLCA തിരുവനന്തപുരം അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വഴുതക്കാട് ആനി മസ്‌ക്രീൻ സ്ക്വയറിൽ നടന്നു. സമ്മേളനം അഭിവന്ദ്യ തോമസ് നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
അനുസ്മരണ പ്രഭാഷണം നടത്തിയ രൂപത വികാർ ജനറൽ മോൺസഞ്ഞൂർ യൂജിൻ എച്. പെരേര, ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാ ബോധവൽക്കരണത്തോടുമുള്ള ആനി മസ്‌ക്രീന്റെ പ്രതിബദ്ധത സ്മരിച്ചു. “ആനി മസ്‌ക്രീന്റെ നാമധേയത്തിൽ ഒരു ഭരണഘടനാ പഠനശാല സ്ഥാപിക്കുന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
1938 ഏപ്രിൽ 29ന് സർ സി.പി രാമസ്വാമി അയ്യരുടെ പോലീസ് അർധരാത്രി ആനി മസ്‌ക്രീന്റെ വീട്ടിൽ അതിക്രമിച്ചു കയറി. സർ സി.പിയുടെ ‘അമേരിക്കൻ മോഡൽ’ ഭരണഘടനയെ വിമർശിച്ചതിനും പുന്നപ്ര-വയലാർ സമരത്തിൽ 7000 പേർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തിയതിനും അവരെ ആറുമാസം കരുതൽ തടങ്കലിലാക്കി. കേസിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടപ്പോൾ മാപ്പപേക്ഷ നൽകാൻ വിസമ്മതിച്ച ആനിയുടെ ധീരത ഇന്ത്യയിലെ മിക്ക ഇംഗ്ലീഷ് പത്രങ്ങളും വാർത്തയാക്കിയിരുന്നു. 1939 മുതൽ 47 വരെ നിരവധി തവണ അവർ ജയിൽവാസം അനുഷ്ഠിച്ചു. 299 അംഗങ്ങളുള്ള ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലെ 15 വനിതകളിൽ ഒരാളും കേരളത്തിൽ നിന്നുള്ള മൂന്ന് വനിതകളിൽ ഒരാളുമായിരുന്നു ആനി മസ്‌ക്രീൻ. മഹാന്മാരായ ദേശീയ നേതാക്കൾക്കൊപ്പം ഇരുന്ന് രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്തുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചു.
അൽമായ ശുശ്രൂഷ കോർഡിനേറ്റർ ഫാ. ബീഡ് മനോജ് സംസാരിച്ചു. ആനി മസ്‌ക്രീന്റെ സംഭാവനകൾ കേരള ചരിത്രത്തിൽ കൂടുതൽ അടയാളപ്പെടുത്തണമെന്നും പുതുതലമുറയ്ക്ക് അവരുടെ ജീവിതം പകർന്നു നൽകാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനി മസ്‌ക്രീന്റെ ദേശീയസേവനവും സാമൂഹിക പ്രതിബദ്ധതയും വിവിധ നേതാക്കൾ അനുസ്മരിച്ചു. KLCA അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റർ അധ്യക്ഷത വഹിച്ചു. സുരേഷ് സേവ്യർ, പാട്രിക്ക് മൈക്കിൾ, ഫാ. സെബാസ്റ്റിൻ, വിനോദ് യേശുദാസ് , ആന്റണി ആൽബർട്ട്, ആന്റണി ഗ്രേഷ്യസ് തുടങ്ങിയവർ സംസാരിച്ചു. രൂപത ഭാരവാഹികൾ, ഫൊറോന പ്രസിഡന്റുമാർ, ഇടവക വികാരിമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
