കൊറോണ മഹാമാരി മൂലമുണ്ടായ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിഴലിൽ ആണ്ടുപോയ ഇന്നത്തെ ലോകത്ത് പ്രത്യാശയുടെ ഏറ്റവും ശക്തമായ അടയാളവും സന്ദേശവുമായി മാറുകയാണ് യേശുവിന്റെ തിരുപ്പിറവി ആഘോഷം. ആരും നശിച്ചുപോകാതെ രക്ഷപ്പെടുന്ന ഒരു ഭാവിയിലേക്ക് ലക്ഷ്യംവച്ചു എല്ലാ മതവിഭാഗങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പ്രത്യാശയുടെയും രക്ഷയുടെയും വെളിച്ചം കൊണ്ടുവന്ന യേശു എന്ന ശിശുവിന്റെ ജനനം പാപ്പയുടെ പുതിയ പ്രബോധനത്തിന്റെ വെളിച്ചത്തിൽ അർഥവത്തായ ഒരാഘോഷമായി മാറുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. മാർപാപ്പയുടെ ഏറ്റവും പുതിയ ഉദ്ബോധനമായ “ഫ്രത്തെല്ലി തുത്തി”ക്ക് ഒരു ക്രിസ്മസ് ഇടയലേഖനത്തിന്റെ പ്രതിഫലനമാണുള്ളത്.
“ഫ്രത്തെല്ലി തുത്തി” യുടെ വായന യേശുവിന്റെ ജനനത്തിന്റെ ആത്മാവിനെ ശരിക്കും വെളിപ്പെടുത്തുന്നു. അത് ക്രിസ്മസിന്റെ ആത്മാവ് കൂടിയാണ്.
യേശു ജനിച്ചത് വളരെ മോശമായ സാഹചര്യങ്ങളിലാണ് – ഒരു കൊട്ടാരത്തിലല്ല, പുൽക്കൂട്ടിലാണ്. ദരിദ്രരെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത, അവരുടെ സാഹചര്യങ്ങളെ കുറിച്ചോർത്ത് ഭയമുള്ള ഒരു ഹൃദയം, അവരുടെ ബുദ്ധിമുട്ടുകൾ കാണുന്ന കണ്ണുകൾ, അവരെ സമീപിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന കൈകൾ എന്നിവയിലേക്ക് ഈ ചിത്രീകരണം നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ദരിദ്രരോടുള്ള സ്നേഹമാണ് ക്രിസ്തുമസ് നമ്മിൽ ഉണർത്തേണ്ടത്.
അവർ ബെത്‌ലഹേമിൽ വന്നപ്പോൾ സത്രത്തിൽ അവർക്ക് ഇടമില്ലായിരുന്നു. ഇന്നും പ്രസക്തിയേറുന്ന കുടിയേറ്റക്കാരുടെ ജീവിതാവസ്‌ഥയെ ഇത് സൂചിപ്പിക്കുന്നു. ഇടമില്ലെന്ന് പറയപ്പെടുന്ന എല്ലാ കുടിയേറ്റക്കാരെയും ഈ സംഭവം നമുക്ക് ഓർമ്മപ്പെടുത്തുന്നു. മറിയവും യൗസേപ്പും ഗർഭസ്‌ഥശിശുവും അനുഭവിച്ച അതെ അവസ്‌ഥകളിലൂടെ തന്നെയാണ് ഇന്ന് കുടിയേറ്റക്കാരും കടന്നുപോകുന്നത്. അവരുടെ അതെ പാതയിലാണ് ഇന്നത്തെ കുടിയേറ്റക്കാരും അഭയാർഥികളും സഞ്ചരിക്കുന്നത്, ഇടമില്ലാത്ത സത്രങ്ങൾക്ക് ഇടയിലൂടെ.
യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള പ്രഖ്യാപനം ദൂതന്മാർ എല്ലാവർക്കും നൽകി. എന്നാൽ ആദ്യം അവർ അറിയിച്ചത് ഇടയന്മാരെയാണ്. ഇടയന്മാർ നാടോടികൾ എന്ന് പറയാവുന്ന തദ്ദേശവാസികളായിരുന്നു. വളരെയധികം വിവേചനം അനുഭവിക്കുന്ന നമ്മുടെ ചുറ്റുപാടുമുള്ള തദ്ദേശവാസികളെ നാം ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രകൃതിയുടെ മനോഹാരിതയാൽ ചുറ്റപ്പെട്ട പരിസ്‌ഥിതിയായിരുന്നു ആ പുൽക്കൂട്ടിനു ചുറ്റും കാണപ്പെട്ടത്. അവിടെ അവർക്ക് അസ്വസ്ഥതകളോ പിരിമുറുക്കാമോ അനുഭവപ്പെട്ടില്ല. നമ്മുടെ പൊതുവായ ഭവനം പരിപാലിക്കാനുള്ള നമ്മുടെ തന്നെ ബാധ്യതയെ, ഉത്തരവാദിത്വത്തെ കുറിച്ച് ഈ സംഭവം ഓർമിപ്പിക്കുന്നു. ഒരു തലമുറയ്ക്ക് മാത്രമല്ല, എല്ലാവർക്കുമായി ദൈവം തന്റെ നന്മയാൽ ഭൂമിയെ സൃഷ്ടിച്ചു എന്നതാണ് ലൗദാത്തോ സിയുടെ പ്രചോദനം. എന്നാൽ നാം ഈ ഭൂമിയെ ചൂഷണം ചെയ്യുവാനാണ് ശ്രമിക്കുന്നത്.
നാം ഒരു പകർച്ചവ്യാധിയുടെ നടുവിലാണ്. ഈ കാലഘട്ടത്തിൽ മഹാമാരിയുടെ പ്രതിഫലനം വ്യക്തമായിത്തീർത്ത ഒരു കാര്യം ഐക്യദാർഢ്യത്തിന്റെ ആവശ്യകതയാണ് – നാമെല്ലാവരും ഒരു കുടുംബത്തിലെ സഹോദരീസഹോദരന്മാരായി ഐക്യത്തോടെ ഒത്തുചേരേണ്ടത്, ഒരുമയോടെ ആയിരിക്കേണ്ടത് അത്യാവശ്യമാണ്. “ഞാൻ” എന്ന ചിന്തയിൽ നിന്ന് “നാം”, “നമ്മൾ” എന്നീ ബോധ്യങ്ങളിലേക്ക് നമ്മൾ മാറണം. ഇതാണ് ഇന്നിന്റെ ക്രിസ്മസിന്റെ സന്ദേശം.
കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ് (ബോംബെ അതിരൂപത മെത്രാപ്പോലീത്ത)
തിരുപ്പിറവിയോടനുബന്ധിച്ചു വിശ്വാസികളെ അഭിസംബോധന ചെയ്ത് നൽകിയ വിഡിയോ സന്ദേശത്തിൽ നിന്ന്. കൊളാബ കത്തീഡ്രലിൽ തിരുപ്പിറവി ദിവ്യബലി അർപ്പിച്ച അദ്ദേഹം ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയവർക്കൊപ്പം തന്റെ പിറന്നാളും ആഘോഷിച്ചു. ഇന്നലെ (ഡിസം. 24) അദ്ദേഹത്തിന്റെ എഴുപത്തിയാറാം പിറന്നാൾ ആയിരുന്നു.