അണയ്ക്കുന്നതിനു മുന്നേ, നനയ്ക്കണം അതിരുകൾ @ കോവിഡ് 19!
കാട്ടു തീ അണയ്ക്കാൻ ശ്രമിക്കുമ്പോൾ തീയുടെ അരികുകൾക്കപ്പുറത്ത് ആദ്യം നനയ്ക്കുക എന്നതാണ് ഏറ്റവും ഉത്തമം. കൊറോണ എന്ന തീയണയ്ക്കാൻ ഇന്ത്യ പരീക്ഷിച്ചു പോരുന്ന മാർഗ്ഗങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ മഹാമാരി ഇറ്റലിയെ വിഴുങ്ങി കൊണ്ടിരിക്കുന്ന കണക്കുകൾ അപഗ്രഥിച്ച് ഹാർവാർഡ് ബിസിനസ് റിവ്യൂ പുറത്തിറക്കിയ ലേഖനം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. തീയിൽ പെട്ട ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനു മുൻപോ അതിനൊപ്പമോ ജാഗ്രതയോടെ ചെയ്യേണ്ടതാണ് തീ കൂടുതൽ പടരാതിരിക്കാനുള്ള മുൻകരുതൽ. അതാണിപ്പോൾ ലോക്ക് ഡൗൺ തീരുമാനത്തിലൂടെ ഇന്ത്യയും കേരളവും ചെയ്തുകൊണ്ടിരിക്കുന്നത്.
ഇറ്റലിയും ഇന്ത്യയും
ഇന്ത്യയുടെ അഞ്ച് ശതമാനം ജനസംഖ്യ ആണ് ഇറ്റലിയിൽ ഉള്ളത്. മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉള്ള യൂറോപ്യൻ രാജ്യമായ ഇറ്റലി തന്നെയാണ് ആദ്യമായി ഈ മഹാമാരിയെ നേരിടേണ്ടി വന്ന യൂറോപ്യൻ രാജ്യം. സാമ്പത്തികമായി ഇന്ത്യയേക്കാൾ 20 മടങ്ങ് ഉയർന്ന രാജ്യം എന്ന് പറയാം. കാരണം ആളോഹരി വരുമാനത്തിലെ കണക്കെടുക്കുമ്പോൾ ഈ നിഗമനത്തിൽ മാറ്റമുണ്ടാവില്ല. എന്നിട്ടും എന്തുകൊണ്ട് കൊറോണയുടെ കനത്ത പ്രഹരം നേരിടേണ്ടിവന്നു എന്നതാണ് പ്രസക്തമായ ചോദ്യം. അതുകൊണ്ടുതന്നെ ഇറ്റലിയുടെ അനുഭവം വിലയിരുത്തി ഇതര രാഷ്ട്രങ്ങൾ ഒരുപാട് പഠിക്കാനുണ്ട്.
ഇറ്റലി നല്കുന്ന പാഠം എന്ത് ?
ഇറ്റലി നൽകുന്ന പാഠം മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും നാലു തരത്തിലുള്ള വസ്തുതകളെ അപഗ്രഥനം ചെയ്യണം.
1. ധാരണയും തിരിച്ചറിവും
ഈ രോഗത്തെ എങ്ങനെ നോക്കി കാണുന്നു എന്നതാണ് പ്രധാനം. ഇത് വിദേശത്തുള്ളവർക്ക് മാത്രമേ വരികയുള്ളൂ, കുട്ടികൾക്കോ മുതിർന്നവർക്കൊ മാത്രമേ വരുകയുള്ളൂ, നമ്മുടെ നാട്ടിൽ ഇത് ഇങ്ങനെ വരില്ല, പ്രതിരോധ ശേഷിയില്ലാത്ത ചെറിയൊരു ശതമാനത്തിനു മാത്രമേ ഇത് വരികയുള്ളൂ, എന്നൊക്കെയുള്ള ശരാശരി ഇന്ത്യക്കാരൻ വെച്ചുപുലർത്തിയിരുന്ന അനുമാനങ്ങൾ അനുഭവത്തിലൂടെ വഴിമാറിക്കഴിഞ്ഞു. ഇറ്റലിയിലെ ഒരു മന്ത്രി ഈ രോഗം അങ്ങനെയൊന്നും പകരുകയില്ല എന്ന് തെളിയിക്കുന്നതിന്, ജനങ്ങൾക്ക്
ആത്മവിശ്വാസം പകരുന്നതിന് സാമൂഹികമായി അടുത്തിടപഴകി; ഇപ്പോൾ അദ്ദേഹം കോവിഡ് പോസിറ്റീവ് ആണ്. സമാനമാണ് ബ്രിട്ടണിലെ ബോറിസ് ജോൺസന്സംഭവിച്ചതും. അമേരിക്കയിൽ ഡൊണാൾഡ് ട്രംപും മാർച്ച് മാസം വരെയും ജനങ്ങളുമായി അടുത്തിടപഴകി, ഇപ്പോഴാണ് ഗൗരവം മനസ്സിലായത്. ഇന്ത്യയും ആദ്യഘട്ടങ്ങളിൽ അത്ര ഗൗരവത്തിൽ എടുക്കാതെ അന്താരാഷ്ട്ര യാത്രകൾ തടസ്സപ്പെടുത്തിയില്ല. കൂടിയ ഉഷ്ണാവസ്ഥ ഇന്ത്യയെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കും എന്നു വരെ പ്രചരണങ്ങൾ ഉണ്ടായിരുന്നു. എയർപോർട്ടിലെ തെർമോമീറ്റർ പരിശോധനയിൽ കുഴപ്പം ഇല്ലാത്തതും, പിന്നീട് കുഴപ്പം ആയി മാറും എന്ന ധാരണ അന്നുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഇന്ത്യയ്ക്ക് ഒരു പരിധി വരെ ശരിയായ ധാരണ കൈവന്നിരിക്കുന്നു.
2. താൽക്കാലികമായതല്ല, പൂർണ പരിഹാരം തേടണം
ഘട്ടം ഘട്ടമായി നിരോധനങ്ങൾ കൊണ്ടുവന്നത് കൊണ്ട് ഫലമുണ്ടായില്ല എന്ന് ഇറ്റലി മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി. കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനൊപ്പം വശങ്ങൾ നനയ്ക്കണം എന്ന തത്വം ആലോചിച്ചില്ല. എന്നാൽ ഇന്ത്യ അക്കാര്യത്തിൽ ശരിയായ നിലപാട് എടുത്തു. തീരുമാനം ശക്തമാണ് ധീരമാണ്; അതേസമയം വീടുകളിൽ തന്നെ കഴിയാനുള്ള നിർദ്ദേശത്തോട് വീടില്ലാത്തവർ എങ്ങനെ പ്രതികരിക്കും എന്നതും പ്രസക്തമായ ചോദ്യം. ആഴ്ചകളോളം ഉള്ള ഭക്ഷണം ശേഖരിച്ചുവയ്ക്കാൻ സാഹചര്യമില്ലാത്ത ദിവസവേതനക്കാർ, അതിർത്തികളിൽ നിന്ന് അതിർത്തികളിലേക്ക് കുട്ടികളും സ്ത്രീകളുമായി പാലായനം ചെയ്യുന്ന തൊഴിലാളികൾ, വീട്ടിൽ ഇരുന്ന് ബോറടിക്കുന്നു എന്ന് പറയാനോ രാമായണം കാണാനോ സാധ്യതകൾ ഇല്ലാത്തവർ. അവർക്കിടയിൽ രോഗത്തിൻറെ സമൂഹ വ്യാപനം ഇല്ല എന്ന് റിപ്പോർട്ടുകൾ ആശ്വാസകരമാണ്. എങ്കിലും വ്യാപനത്തിനു ഉള്ള സാധ്യതകൾ ആശങ്കകളായി നിലനിൽക്കുന്നു. ജീവനില്ലാത്ത പ്രതലങ്ങളിൽ അണുനശീകരണം ചെയ്യുന്നതുപോലെ കണ്ണടച്ച് ഇരിക്കാൻ നിർദേശിച്ചു, അവരുടെ മേൽ അണുനാശിനികൾ പമ്പ് ചെയ്തു പ്രതിരോധ ശ്രമങ്ങൾ നടത്തിയ ഉത്തരേന്ത്യൻ കാഴ്ചകൾ വേദനാജനകമാണ്. മടങ്ങിയെത്തിയ തൊഴിലാളികളെ പൂട്ടിയിട്ട ബീഹാറിലെ കാഴ്ച അതിലും ഭയാനകം.
ഈ ആശങ്ക ദുരീകരിക്കാൻ ആയില്ലെങ്കിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഫലവത്താകില്ല. ചികിത്സിക്കുന്നതിനേക്കാൾ ഭേദം പ്രതിരോധമാണ്
തീയ്ക്കുള്ളിൽ കയറി തീയണക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് വശങ്ങൾ നനച്ച് തീ പടരാതിരിക്കാൻ ശ്രമിക്കുന്നതാണ്.
3. വസ്തുതാ പഠനം അനിവാര്യം
ഇറ്റലിയിലെ ലൊമ്പാർഡിയും വെനിറ്റോയും (വെനീസ്) ഇറ്റലിയിലെ 2 പ്രവിശ്യകൾ ആണ്. ഒരു കോടി ജനസംഖ്യയുള്ള ലൊമ്പാർഡിയിൽ 35000 കോവിഡ് റിപ്പോർട്ട് ചെയ്തു 5000 പേർ മരിച്ചു. ഇറ്റലിയുടെ ആറിലൊന്ന് ജനസംഖ്യയുള്ള ഈ പ്രവിശ്യയിലാണ് ആകെ മരിച്ചവരിൽ പകുതിയും. ആറു കോടി ജനസംഖ്യയുള്ള ഇറ്റലിയുടെ ആറിലൊന്ന് ജനസംഖ്യ ഇവിടെയുണ്ട്. വെനീറ്റോയിൽ 7000 കോവിഡ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്, മരണം 287 ഉം. കാരണം, എന്താണ് ലൊമ്പാർഡി ചെയ്യാതിരുന്നത് അത് വെനീറ്റോ ചെയ്തു. അതുകൊണ്ട് മരണസംഖ്യ കുറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളവരെ ലൊമ്പാർഡി ടെസ്റ്റ് ചെയ്തപ്പോൾ, അല്ലാതെ തന്നെ
വളരെയധികം ടെസ്റ്റുകൾ വെനീറ്റോ ചെയ്തു. ആശുപത്രികൾ നിറഞ്ഞു, ആരോഗ്യ പ്രവർത്തകർക്ക് രോഗം, ലൊമ്പാർഡിയിൽ കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ വെനീറ്റോ ചെയ്തത് വീടുകളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി.ലൊമ്പാർഡി ചികിത്സ മരുന്നുകളിലൂടെ (therapeutic medicine) ശ്രമങ്ങൾ നടത്തിയപ്പോൾ വെനീറ്റോ പ്രതിരോധ ചികിത്സയിലൂടെ (community treatment) ചെറുത്തുനിൽപ്പിന് ശ്രമിച്ചതുകൊണ്ട് മരണനിരക്ക് കുറവായി. വീടുകളിൽ പ്രതിരോധ ചികിത്സ നടത്തിയതിലൂടെ ആശുപത്രികളിലും സജ്ജീകരണങ്ങൾ ലഭ്യമായി. വെൻറിലേറ്ററുകളുടെ അപര്യാപ്തതയും രോഗികളുടെ എണ്ണത്തിൽ കൂടുതലും കാരണം സാധ്യത കുറവുള്ള രോഗികളെ മരണത്തിനു വിട്ടുകൊടുത്തു വെൻറിലേറ്ററുകൾ എടുത്തുമാറ്റാൻ ലൊമ്പാർഡിയിലെ ആശുപത്രികൾ നിർബന്ധിതമായത് പോലെ, വെനീറ്റോയിൽ അത്തരം സാഹചര്യം നേരിടേണ്ടി വന്നില്ല.
ഇന്ത്യക്കും ഈ മാതൃക ഉപയോഗപ്രദമാകും. നിരവധി പകർച്ചവ്യാധികളെ പ്രതിരോധിച്ച ചരിത്രമാണ് നമുക്കുള്ളത്.
4. വിവര ശേഖരണവും വിഭവ ശേഖരണവും
ഈ വൈറസ് ബ്യൂറോക്രസി യെക്കാൾ വേഗത്തിൽ സഞ്ചരിക്കും. നമ്മുടെ സംവിധാനങ്ങൾക്ക് ഈ വൈറസിന് മുമ്പേ പറക്കാൻ സാധിക്കണം. ഇപ്പോൾ ഉള്ളടത്ത് തന്നെ നിലകൊള്ളാനും പൂർണ്ണമായും വീടുകളിൽ കഴിയാനും നിർദ്ദേശിക്കുന്നത് അതുകൊണ്ടാണ്. അങ്ങനെ നിലകൊള്ളണം എങ്കിൽ അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കേണ്ടതുണ്ട്. ഭക്ഷണം, മരുന്ന്, അത്യാവശ്യ വേതനം, ജീവനാംശ പാക്കേജുകൾ എന്നിവയൊക്കെ ഉറപ്പാക്കണം. താമസിക്കുന്ന സ്ഥലത്തു നിന്ന് ആരും നിങ്ങളെ ഇറക്കി വിടില്ലെന്നും വേതനം മുടങ്ങാതെ ലഭിക്കുമെന്നും അവർക്ക് ഉറപ്പു നൽകണം. അതാണ് നമ്മുടെ സർക്കാരുകൾ പ്രഖ്യാപനങ്ങളിലൂടെ എങ്കിലും ചെയ്യാൻ ശ്രമിക്കുന്നത്. പ്രഖ്യാപിക്കുന്ന പെൻഷനുകളും പദ്ധതികളും അർഹരായവർക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം.
വെൻറിലേറ്ററുകൾ, ആശുപത്രി സംവിധാനങ്ങൾ എന്നിവ ഒരുക്കി വെക്കണം. പ്രതിരോധ നടപടികളിലൂടെ സമൂഹവ്യാപനം തടയണം. ഇറ്റലിയിൽ 3.2 ആശുപത്രി ബെഡ്ഡുകൾ ആയിരം പേർക്കുണ്ട്; ഇന്ത്യയിൽ 0.5 ആശുപത്രി ബെഡ്ഡുകളാണ് ആയിരം പേർക്കുള്ളത്.
ഇറ്റലിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് അതിജീവനത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ നിലകൊള്ളാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം ആവശ്യമാണ്. രോഗവ്യാപനത്തിൻറെ ഗ്രാഫ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരമായി ഉയർന്നു പോകുന്നില്ല എന്ന ബ്റൂകിംങ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഷമിക രവിയുടെ (പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക കാര്യ ഉപദേശകസമിതി അംഗം) ദിനംപ്രതിയുള്ള കണക്കെടുപ്പിലൂടെയുള്ള അവലോകനം ശ്രദ്ധയർഹിക്കുന്നുണ്ട്. അതേസമയം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണവും തിരിച്ചറിയുന്ന രോഗികളുടെ എണ്ണവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുതയും മറന്നുകൂടാ. എന്തൊക്കെയാണെങ്കിലും ഈ കാലവും നമുക്ക് അതിജീവിക്കണം. !
അഡ്വ ഷെറി ജെ തോമസ്