✍️ പ്രേം ബോനവഞ്ചർ
തിരുപ്പിറവിയിലൂടെ യേശു മനുഷ്യകുലത്തിനു, പ്രത്യേകിച്ച്, സന്മനസ്സുള്ള എല്ലാവർക്കും നൽകിക്കൊണ്ടിരിക്കുന്ന വലിയ സമ്മാനം സമാധാനമാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് സൂസപാക്യം. ബെത്‌ലഹേമിലെ തിരുപ്പിറവിയെ അനുസ്മരിച്ച് പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടന്ന ദിവ്യബലി മദ്ധ്യേയായിരുന്നു സമ്മാനങ്ങളെക്കുറിച്ചുള്ള ചിന്ത അദ്ദേഹം പങ്കുവച്ചത്.
തിരുപ്പിറവിയിലൂടെ ദൈവം നമുക്ക് നൽകുന്ന സമ്മാനം ഏറ്റവും വലിയ സമ്മാനം ആകുന്നത് അത് പരിപൂർണമായ സ്നേഹത്തിൻറെ പ്രകടനം ആയതുകൊണ്ടാണ്. ക്രിസ്തുമസ് യാത്രയില് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടുള്ള സ്തുതിഗീതത്തിൽ മുഴങ്ങിക്കേൾക്കുന്നത് ഈ വലിയ സമ്മാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ്.
സമ്മാനം എപ്പോഴും സ്നേഹത്തിൻറെ അടയാളമാണ്. സ്നേഹത്തോടെ നൽകുന്ന സമ്മാനത്തിന്റെ അനന്തരഫലങ്ങളാണ് ജീവിതത്തിലെ സമാധാനവും സംതൃപ്തിയും. നമ്മുടെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും തോതനുസരിച്ച് അത് നമുക്ക് ലഭിക്കുന്നു. ഇവയൊക്കെ. ക്രിസ്മസ് രാത്രി മുതൽ ഇന്നോളം യേശുവാകുന്ന സമ്മാനത്തെ സ്വീകരിക്കുന്നവർ അനുഭവിക്കുന്ന സമാധാനത്തിന്റെയും സംതൃപ്തിയുടെയും രഹസ്യം ഇതാണ്.
സുവിശേഷങ്ങളിലെ സുവിശേഷം എന്നറിയപ്പെടുന്ന വചനത്തെക്കാൾ (യോഹ 3 : 16) വലിയൊരു ക്രിസ്മസ് സന്ദേശമോ സമ്മാനമോ ഇല്ല. പുൽക്കൂട്ടിൽ ശൂന്യതയിലൂടെയും മരക്കുരിശിലെ സമർപ്പണത്തിലൂടെയും ദൈവം തന്റെ അവര്ണനീയമായ സ്നേഹപ്രവാഹത്തെക്കുറിച്ചു നമുക്ക് അനുഭവവേദ്യമാക്കിത്തരുന്നു.
ഞാൻ എന്നിൽത്തന്നെ ഒന്നുമല്ല; വെറും പൊടിയും ചാമ്പലുമാണ്. എന്നാൽ ദൈവത്തിന്റെ മുന്നിൽ ഞാൻ നിസ്സാരനല്ല; അങ്ങേയറ്റം വിലപിടിപ്പുള്ളവനാണ് – ഇതാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശവും സമാധാനവും. ബന്ധങ്ങൾ തമ്മിൽ ആധുനികലോകത്ത് ഉണ്ടാകുന്ന അകലവും മറ്റുമുണ്ടാക്കുന്ന പിരിമുറുക്കത്തിന് അയവുവരാൻ പക്ഷികളെ കണ്ടുപഠിക്കാൻ ഉദ്ബോധിപ്പിക്കുന്ന യേശുവിന്റെ വചനമാണ് മരുന്ന്. (മത്താ 6:25-26)
ക്രിസ്മസ് നൽകുന്ന സന്ദേശത്തെക്കുറിച്ചുള്ള അവബോധം നമ്മിലുളവാക്കുന്ന സന്തോഷവും സമാധാനവും സംതൃപ്തിയുമാണ് അവിടുന്ന് നമുക്ക് തരുന്ന ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനം. അതുവഴി നിരന്തരം തിരുപ്പിറവിയുടെ സമാധാന അനുഭവത്തിൽ നിൽക്കുവാനും വളരുവാനും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.