✍️ പ്രേം ബൊനവഞ്ചർ
മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള സെന്റ് ചാൾസ് മേജർ സെമിനാരിയുടെ പുതിയ നിയന്താവായി ഡൊമിനിക്കൻ വൈദികനായ ഫാ. അക്വിൻ നൊറോണയെ നിയമിച്ചു. ഇന്ത്യയുടെ മധ്യ-ഉത്തര ഭാഗങ്ങളിലെ നാല്പതോളം രൂപതകളിലെ വൈദിക വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന സെന്റ് ചാൾസ് മേജർ സെമിനാരിയുടെ പുതിയ അധ്യയന വര്ഷം ആരംഭിക്കുന്ന ജൂൺ മാസത്തിൽ അദ്ദേഹം സ്‌ഥാനമേൽക്കും.
ദക്ഷിണാഫ്രിക്കയിൽ അഞ്ചുവർഷം മിഷനറി ദൗത്യം നിർവഹിച്ച ഫാ. നൊറോണ, ഇപ്പോൾ മംഗലാപുരം അശോക് നഗർ സെന്റ് ഡൊമനിക് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയാണ്. പുതിയ പദവിയേൽക്കുന്ന ഫാദർ ഇതേ സെമിനാരിയിലും മംഗലാപുരം സെന്റ് ജോസഫ് മേജർ സെമിനാരിയിലും സഭാചരിത്രത്തിൽ അധ്യാപകനാണ്.
റോമിലെ സാന്താ ക്രോച്ചേ പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് ഇതേ വിഷയത്തിൽ ലൈസൻഷ്യേറ്റ് ബിരുദം നേടിയിട്ടുണ്ട്. മംഗലാപുരം ശങ്കർപുര സ്വദേശിയായ ഫാ. നൊറോണ നല്ലൊരു അധ്യാപകനും പ്രാസംഗികനും സംഗീതജ്ഞനും ഗായകനുമാണ്.
ഇനി സെമിനാരിയെക്കുറിച്ച് . . .
നാഗ്പൂർ അതിരൂപതയ്ക്ക് കീഴിലുള്ള രൂപതാന്തര സെമിനാരിയാണ് സെന്റ് ചാൾസിന്റെ നാമധേയത്തിൽ 1959ൽ ഇവിടെ ഔദ്യോഗികമായി സ്‌ഥാപിതമായത്. 1959ൽ അന്നത്തെ നാഗ്പൂർ മെത്രാപ്പോലീത്ത അഭിവന്ദ്യ യൂജിൻ ഡിസൂസ ആശീർവദിച്ച സെമിനാരിയുടെ മേൽനോട്ടം അന്ന് ഇന്ത്യയിൽ സേവനത്തിനു എത്തിയ ഐറിഷ് ഡൊമിനിക്കൻ വൈദികരെ ഏൽപ്പിക്കുകയായിരുന്നു. ഡൊമിനിക്കൻ സഭയ്ക്ക് കീഴിലാണ് സെമിനാരിയുടെ പ്രവർത്തനമെങ്കിലും വിവിധ രൂപതകളിൽ നിന്ന് ഇവിടെ വൈദിക വിദ്യാർഥികൾ പരിശീലനം നേടുന്നുണ്ട്.
നൂറിലേറെ വൈദികരും 16 മെത്രാന്മാരും മെത്രാപ്പോലീത്താമാരും ഇവിടെ തങ്ങളുടെ വിശ്വാസപഠനം നടത്തിയിരുന്നു. ഇപ്പോൾ 42 രൂപതകളിൽ നിന്നും 11 സഭാസമൂഹങ്ങളിൽ നിന്നുമുള്ള 250ഓളം വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു. റോമിലെ സെന്റ് തോമസ് പൊന്തിഫിക്കൽ സർവകലാശായുടെ അംഗീകാരം നേടിയ സെമിനാരിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ദൈവശാസ്ത്ര വിഷയങ്ങളിൽ 60 ശതമാനം മാർക്ക് നേടിയാൽ സർവകലാശാലയുടെ ദൈവശാസ്ത്ര ബിരുദ പരീക്ഷയ്ക്ക് യോഗ്യത നേടി സർട്ടിഫിക്കറ്റ് കരസ്‌ഥമാക്കാം.
1851ൽ ഒരു വിദ്യാർഥിയും ഒരു റെക്ടറും എന്ന നിലയിൽ തുടക്കം കുറിച്ച ചരിത്രമാണ് ഈ സെമിനാരിയെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു കെട്ടിടം പോലുമില്ലാതിരുന്ന അവസ്‌ഥയിൽ കാളവണ്ടിയിൽ ആയിരുന്നു അക്കാലത്തെ പഠനം. ഫ്രാൻസിസ് സാലസ് മിഷനറി സമൂഹത്തിലെ ഫാ. മൗറിസ് ഡൊമെങ്കെ ആണ് ആ സെമിനെറിയൻ. 1851ൽ ഡീക്കനായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഗോദാവരി തീരത്തെ യാനൂനിൽ നിന്ന് ഔറംഗാബദിനടുത്തുള്ള ജൽന വരെ ബിഷപ് സെബാസ്റ്റിൻ തിയോഫിലിനൊപ്പം കാളവണ്ടിയിൽ ദിവസങ്ങളോളം സഞ്ചരിച്ചു.
പിന്നീട് അവർ നാഗ്‌പൂരിനു വടക്കുള്ള ആശ്രമത്തിലേക്ക് മാറി. അവിടത്തെ റെക്ടർ ഒരു മിലിറ്ററി ചാപ്ലൈൻ കൂടിയായിരുന്നു. തുടർന്ന് ചില വിദ്യാർഥികൾ നാഗ്പൂരിലേക്കും, മറ്റു ചിലർ ജബൽപൂരിലേക്കും മാറി. 1886ൽ മോൺ. അലക്സിസ് റിക്കാസ് സെമിനാരി മന്ദിരമെന്ന സ്വപ്നത്തിനു ആക്കംകൂട്ടി. അദ്ദേഹം പിന്നീട് 1890ൽ നാഗ്പൂർ രൂപതയുടെ പ്രഥമ മെത്രാനായി. നാഗ്പൂരിലെ ഭോസ്‌ലെ രാജാക്കന്മാരിൽ നിന്ന് 39 ഏക്കർ സ്‌ഥലം വാങ്ങി. തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായ ബിഷപ് ഫ്രാൻസിസ് കൊപ്പൽ 11 ഏക്കർ കൂടി സെമിനാരിക്കായി വാങ്ങി സെമിനാരിയുടെ അധ്യയനമേഖല വികസിപ്പിച്ചു.
1896 സെപ്റ്റംബർ എട്ടിന് ബിഷപ് റിക്കാസിന്റെ ചരമവാർഷിക ദിനത്തിൽ ആദ്യ സെമിനാരി മന്ദിരത്തിനു തറക്കല്ലിട്ടു. ഫ്രാൻസിലെ ഏവിയനിലുള്ള ഫ്രാൻസാലിയൻ സഭയുടെ അപ്പോസ്തലിക വിദ്യാലയത്തിന്റെ മാതൃകയിലായിരുന്നു മന്ദിരം നിർമിച്ചത്. സഭംഗമായ ഫാ. ഹിപ്പോളിറ്റ് ഗെയ്‌ഡൻ ആദ്യത്തെ റെക്ടർ ആയി നിയമിതനായി.
പ്രവർത്തനത്തിനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്ന അവസ്‌ഥയിൽ 1922ൽ സെമിനാരി അടച്ചിടും വിദ്യാർഥികളെ മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയിലേക്കും തിരുച്ചിറപ്പള്ളി, അലഹബാദ്, കാൻഡി സെമിനാരികളിലേക്കും മാറ്റുകയും ചെയ്തു.
നാഗ്പൂർ രൂപതയുടെ ആറാമത്തെ മെത്രാനയാ ബിഷപ് ലൂയിസ് ഗായേറ്റ് 1935 ഓഗസ്റ്റ് 15ന് സെമിനാരി പുനരുദ്ധരിക്കുകയും പഠനത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു. ഫാ. ഡാമിയൻ ഫെർണാണ്ടസ് റെക്ടർ ആയി സ്‌ഥാനമേൽക്കുകയും ചെയ്തു.
എന്നാൽ 1942ൽ ബ്രിട്ടീഷ് മധ്യമേഖല പ്രവിശ്യയിലെ സൈനിക ഉദ്യോഗസ്‌ഥർ സെമിനാരി മന്ദിരത്തെ യുദ്ധ ആവശ്യങ്ങൾക്കായി ഏറ്റെടുത്തതോടെ വീണ്ടും പഠനം മുടങ്ങി. രണ്ടാംദിനം തന്നെ സെമിനാരിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ അവിടംവിട്ട് കത്തീഡ്രലിനടുത്തുള്ള അപ്പോസ്തലിക് സ്‌കൂളിൽ അഭയംകണ്ടെത്തി. അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പഠനവും താത്കാലികമായി നിർത്തിവയ്‌ക്കേണ്ടിവന്നു.
രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാൻ ആർച്ച്ബിഷപ് യൂജിൻ ഡിസൂസ പുതിയ സെമിനാരി മന്ദിരം നിർമിക്കുവാൻ തീരുമാനിക്കുകയും 1955 ഒക്ടോബർ മൂന്നിന് ഇന്ന് കാണുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്‌ഥാപനം നടത്തുകയും ചെയ്തു.
1957ൽ നിർമാണം പൂർത്തിയാകാനിരുന്ന മന്ദിരത്തിൽ അന്നത്തെ 32 വിദ്യാർഥികളും തങ്ങളുടെ പഠനം പുനരാരംഭിച്ചു. 1959 ഫെബ്രുവരി ഒന്നിന് കർദിനാൾ ജെയിംസ് ക്‌നോക്സ് പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യുമ്പോൾ 43 വിദ്യാർഥികളും 45 അപ്പോസ്തലിക സ്‌കൂൾ വിദ്യാർഥികളും ഉണ്ടായിരുന്നു. ഐറിഷ് ഡൊമിനിക്കൻ വൈദികരെ സെമിനാരിയുടെ ഭരണ നിര്വഹണത്തിനായി ആർച്ച്ബിഷപ് ക്ഷണിച്ചു. 1960 മുതൽ അവർ തങ്ങളുടെ ദൗത്യം ആരംഭിച്ചു. ഫാ. ജെറാൾഡ് കസ്സെൻ ആയിരുന്നു അവരുടെ ആദ്യ റെക്ടർ.
1970ൽ ആർച്ച്ബിഷപ് ലിയോണാർഡ് റെയ്മണ്ട് പുതിയ മന്ദിരവും, 1981ൽ ആർച്ച്ബിഷപ് ലിയോബാഡ് ഡിസൂസ തത്വശാസ്ത്ര പഠനത്തിനായി 60 ക്ലാസ്മുറികളോട് കൂടിയ പുതിയ വിഭാഗവും ഉദ്‌ഘാടനം ചെയ്തു. തുടക്കത്തിൽ നാഗ്പൂർ രൂപതയ്ക്ക് വേണ്ടിയായിരുന്നു സെമിനാരിയുടെ പ്രവർത്തനമെങ്കിൽ ഇപ്പോൾ രൂപതയ്ക്ക് പുറത്തേക്കും സെമിനാരിയുടെ ഖ്യാതി വളർന്നതോടെ മറ്റ് രൂപതകളിൽ നിന്നുമുള്ള വിദ്യാർഥികൾക്കും ഇവിടെ പഠനത്തിന് അവസരം നൽകി.
(വിവരങ്ങൾക്ക് കടപ്പാട് : ഡൊമനിക്കൻ ചരിത്രം)