പ്രേം ബൊനവഞ്ചർ
ഫാത്തിമ നാഥ – 1917 ൽ പോർച്ചുഗലിലെ മൂന്ന് ഇടയ കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പരിശുദ്ധ കന്യകാമറിയത്തെ ലോകം വിശേഷിപ്പിക്കാൻ തുടങ്ങിയത് ഇങ്ങനെയാണ്. ഹൃദയപരിവർത്തനത്തിനുള്ള ആഹ്വാനം, പാപബോധത്തിൽ നിന്നുള്ള മാനസാന്തരവും അവിടുത്തോടുള്ള സമർപ്പണവും – പ്രത്യേകിച്ച് ജപമാല പ്രാർത്ഥന വഴിയായി ഫാത്തിമയിൽ അമ്മ നൽകുന്ന സന്ദേശങ്ങൾ, അവിടുന്ന് പകർന്നു നൽകിയ രഹസ്യങ്ങൾ – കാലങ്ങൾക്കിപ്പുറവും പ്രസക്തമാണ്. അവയ്ക്ക് സഭയും വിശ്വാസി സമൂഹവും വലിയ പരിഗണന നൽകുകയും ചെയ്യുന്നു.
1916 ലും 1917 ലും ഫാത്തിമയിൽ സംഭവിച്ച പ്രത്യക്ഷീകരണവും അത്ഭുതങ്ങളും അക്കാലത്ത് ആ രാജ്യത്തെയും പിന്നീട് ലോകത്തെയും വിറപ്പിച്ചു എന്ന് പറയാം. ഫാത്തിമയിലെ സംഭവങ്ങളിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞുനോക്കാം – ദൈവദാസിയായ ലൂസിയ ഡോസ് സാന്റോസിന്റെ വാക്കുകളിലൂടെ.
കിഴക്കെ നീണ്ടു കിടക്കുന്ന മരങ്ങൾക്ക് മുകളിൽ, ഒരു യുവസുന്ദരിയുടെ രൂപത്തിൽ, മഞ്ഞിനേക്കാൾ നേരിയ വെളുത്തതും, തികച്ചും സുതാര്യവും, സൂര്യരശ്മികളിൽ സ്ഫടികം പോലെ മിഴിവുള്ളതുമായി ഞങ്ങൾ അവളെ കാണാൻ തുടങ്ങി. ഈ വാക്കുകൾ പ്രാർത്ഥിക്കാൻ അവർ ഞങ്ങളെ പഠിപ്പിച്ചു: “ഓ, എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയെ ആരാധിക്കുന്നു, ഞാൻ അങ്ങയിൽ പ്രത്യാശ വയ്ക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു. അങ്ങയെ വിശ്വസിക്കാത്ത, ആരാധിക്കാത്ത, പ്രത്യാശിക്കാത്ത, സ്നേഹിക്കാത്ത എല്ലാവരെയും ഓർത്ത് ഞാൻ അങ്ങയോട് ക്ഷമ ചോദിക്കുന്നു. ”
ദൈവം ആരാണ്? അവന് നമ്മോടുള്ള അനന്തവും തീവ്രവുമായ സ്നേഹം എന്താണ്? നാം അവനെ എങ്ങനെ സ്നേഹിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു? ആ മാലാഖയുടെ വാക്കുകൾ തിളങ്ങുന്ന വിളക്കുമാടം പോലെ ഞങ്ങളുടെ ആത്മാവിലേക്ക് ആഴത്തിൽ പതിഞ്ഞിറങ്ങി. ത്യാഗത്തിന്റെ മൂല്യം, അത് അവനെ എങ്ങനെ പ്രസാദിപ്പിക്കുന്നു. പാപികളുടെ പരിവർത്തനത്തിനായി അവൻ അത് എങ്ങനെ സ്വീകരിക്കുന്നു എന്നൊക്കെ അവൾ വിവരിച്ചു. അതോടെ, ആ നിമിഷം മുതൽ നമ്മെ കീഴ്പ്പെടുത്തിയവയെല്ലാം അവനു ഞങ്ങൾ സമർപ്പിച്ചു.
തുടർന്ന്, അവൾ മൂന്നാം തവണ പ്രത്യക്ഷപ്പെട്ടപ്പോൾ, ഒരു പാനപാത്രവും രക്തംനിറഞ്ഞ തിരുവോസ്തിയും കൈയിലേന്തി നിന്ന് ഞങ്ങൾക്ക് അവ പകർന്നു നൽകി.
മാതാവിന്റെ ആദ്യ സന്ദർശനം
1917ൽ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ ലോകത്തിന്റെ ഭൂരിഭാഗവും ദുരിതങ്ങളിലൂടെ കടന്നുപോവുകയായിരുന്നു – കൃത്യമായി പറഞ്ഞാൽ അതിനു മുൻപ് അവസാനമായി പ്രത്യക്ഷപ്പെട്ട് എട്ട് മാസത്തിനുശേഷം. ഒന്നാം ലോകമഹായുദ്ധം യൂറോപ്പിലുടനീളം നാശം വിതയ്ക്കുകയായിരുന്നു, റഷ്യയിൽ പ്രക്ഷുബ്ധമായ വിപ്ലവത്തിന്റെ ആരംഭം പിന്നീട് സോവിയറ്റ് യൂണിയന്റെ പിറവിക്ക് കാരണമായി. അന്നേരം ലോകത്തിന് ഈ പ്രത്യക്ഷീകരണം വളരെയധികം ആവശ്യമുള്ളതായി തോന്നി.
മെയ് 13 ന്, പത്തു വയസുള്ള ലൂസിയയ്ക്കും ഒൻപതുകാരൻ ഫ്രാൻസിസ്കോയ്ക്കും ഏഴുവയസ്സുള്ള ജസീന്തയ്ക്കും മുന്നിൽ മാതാവ് ഒരു മിന്നലൊളി കണക്കെ പ്രത്യക്ഷയായി. അവൾ ചോദിച്ചു: “അവിടുത്തെയ്ക്കെതിരായി ഉള്ള എല്ലാ പാപങ്ങൾക്കും പ്രായശ്ചിത്തമായി പാപികളുടെ പരിവർത്തനത്തിനുവേണ്ടി നിങ്ങൾ ദൈവത്തിനു സമർപ്പിക്കുകയും അവൻ നിങ്ങൾക്ക് നൽകുന്ന വേദനകൾ, പീഡകൾ സഹിക്കുവാൻ തയാറാണോ?” അതേ എന്ന് അവർ വാഗ്ദാനം നൽകി. എല്ലാ മാസവും അതെ ദിവസം ഈ സ്ഥലത്തേക്ക് വരാൻ അവൾ അവരോട് ആവശ്യപ്പെട്ടു.
അതിനെക്കുറിച്ച് ലൂസിയ വിവരിക്കുന്നു: “അവളുടെ കൈകളിൽ നിന്ന് നേരിട്ട് വരുന്നതായി തോന്നിയ ഒരു സ്വർഗ്ഗീയ വെളിച്ചത്തിൽ ഞങ്ങൾ നിഴലിച്ചു. ആ പ്രകാശത്തിന്റെ പ്രതിഫലനം ഞങ്ങളുടെ ഹൃദയങ്ങളിലേക്കും ആത്മാക്കളിലേക്കും മുറിഞ്ഞിറങ്ങി. ആ വെളിച്ചം ദൈവമാണെന്ന് ഞങ്ങൾ അറിഞ്ഞു. അതിനെ ഞങ്ങൾ സ്വയം ഉൾക്കൊണ്ടു. ദൈവിക കൃപയുടെ ആന്തരിക പ്രേരണയാൽ ഞങ്ങൾ മുട്ടുകുത്തി നിന്ന് “ഓ, പരിശുദ്ധ ത്രിത്വമേ, ഞങ്ങൾ നിന്നെ ആരാധിക്കുന്നു. എന്റെ ദൈവമേ, എന്റെ ദൈവമേ, ദിവ്യകാരുണ്യത്തിൽ ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു” എന്ന് നിരന്തരം ഉരുവിട്ടു.
രഹസ്യങ്ങളും പീഡകളും
രണ്ടാമത്തെയും നാലാമത്തെയും പ്രത്യക്ഷീകരണത്തിനിടയിൽ, കുട്ടികൾക്ക് അവരുടെ കുടുംബങ്ങളുടെയും പ്രാദേശിക അധികാരികളുടെയും ഇടപെടലുകൾ കാരണം വളരെയേറെ കഷ്ടങ്ങൾ സഹിക്കേണ്ടി വന്നു. എന്നാൽ ഫ്രാൻസിസ്കോയുടെയും ജസീന്തയുടെയുടെയും പ്രോത്സാഹനത്തോടെ, ലൂസിയ തന്റെ കുടുംബത്തിന്റെ അവിശ്വാസം മൂലമുണ്ടായ സംശയങ്ങളെ അതിജീവിച്ചു.
രണ്ടാമത്തെ അവസരത്തിൽ (ജൂൺ 13), ഫ്രാൻസിസ്കോയെയും ജസീന്തയെയും ഉടൻ സ്വർഗത്തിലേക്ക് കൊണ്ടുപോകുമെന്ന് വെളിപ്പെടുത്തി; ഫാത്തിമയുടെ രഹസ്യങ്ങളും മറ്റും ലോകത്തെ അറിയിക്കാൻ ലൂസിയ കുറച്ചുകാലം ഭൂമിയിൽ തുടരുമെന്നും. ഈ വാക്കുകൾക്ക് കൂടുതൽ വ്യക്തത വന്നത് മൂന്നാമത്തെ അവസരത്തിലാണ്.
ജൂലൈ 13 ന് മൂന്നു രഹസ്യങ്ങൾ കുട്ടികൾക്ക് വെളിപ്പെടുത്തി. അതിൽ മൂന്നാമത്തേത് വി. ജോൺ പോൾ രണ്ടാമൻ 2000മാണ്ടിൽ പരസ്യമായി അവതരിപ്പിക്കുന്നത് വരെ സജീവരഹസ്യമായി തുടർന്നു. ആദ്യത്തേത് നരക ദർശനവും രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ആയിരുന്നു; രണ്ടാമത്തേത്, റഷ്യയെക്കുറിച്ചുള്ള മുന്നറിയിപ്പ്.
‘രഹസ്യ’ത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ – പ്രത്യേകിച്ച് നരകത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ദർശനം, മറിയത്തിന്റെ വിമല ഹൃദയത്തോടുള്ള ഭക്തി, രണ്ടാം ലോക മഹായുദ്ധം. ഒടുവിൽ ക്രിസ്ത്യൻ വിശ്വാസത്തെ മറികടന്നു കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിലേക്ക് വഴിതുറക്കുന്ന റഷ്യ മനുഷ്യരാശിയ്ക്ക് വരുത്തുന്ന അപാരമായ നാശനഷ്ടം എന്നിവയെ പരാമർശിക്കുന്നു.
“വെള്ള വസ്ത്രം ധരിച്ച ഒരു ബിഷപ്പ്; അത് പരിശുദ്ധപിതാവാണെന്ന ധാരണ ഞങ്ങൾക്ക് ഉണ്ടായിരുന്നു.” ഇതായിരുന്നു മൂന്നാമത്തെ രഹസ്യം. ഇരുപതാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ നേരിട്ട കൊടിയ പീഡനങ്ങളും അതിന്റെ പരിണിതഫലമെന്നോണം ജോൺ പോൾ പപ്പയ്ക്ക് നേരെ നടന്ന വധശ്രമവുമാണ് അതിന്റെ ഉള്ളടക്കമെന്നു 2000മാണ്ടിൽ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് കർദിനാൾ ഏഞ്ചലോ സോദാനോ അറിയിച്ചത് അത്ഭുതത്തോടെയാണ് ലോകം കേട്ടത്. അതുവരെ ആ രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കുകയായിരുന്നു.
സൂര്യന്റെ അത്ഭുതം
ഒക്ടോബർ 13 ന് നടന്ന അവസാന ദർശനത്തിൽ ഏകദേശം 70,000 പേർ തടിച്ചുകൂടിയ സ്‌ഥലത്ത് അവർ സൂര്യനൃത്തത്തിന് സാക്ഷികളായി. അവൾ കൈകൾ തുറന്ന് പിടിച്ചു. ആ കൈകളെ സൂര്യനിൽ പ്രതിഫലിപ്പിച്ചു, അവൾ ആരോഹണം ചെയ്യപ്പെട്ടു. അപ്പോൾ സ്വന്തം പ്രകാശത്തിന്റെ പ്രതിഫലനം സൂര്യനിൽത്തന്നെ പ്രദർശിപ്പിക്കപ്പെട്ടു. സൂര്യനിലേക്ക് നോക്കുവാൻ ലൂസിയ ജനങ്ങളോട് നിലവിളിച്ചു പറഞ്ഞു. “ഒരു ആന്തരിക പ്രേരണയുടെ മാർഗ്ഗ നിർദ്ദേശത്തിലാണ് ഞാൻ അങ്ങനെ ചെയ്തത്.”
രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിനുശേഷം, പന്ത്രണ്ടാം പിയൂസ് പാപ്പ ഫാത്തിമയുടെ ആദ്യ രണ്ട് രഹസ്യങ്ങൾ പുറത്തുവിട്ടു. മനുഷ്യരാശിയെ മറിയത്തിന്റെ വിമലഹൃദയത്തിനു സമർപ്പിച്ചു. റഷ്യയെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നതിനെ അദ്ദേഹം വിശദീകരിച്ചു. പോൾ ആറാമൻ മാർപ്പാപ്പ തന്റെ ഭരണകാലത്ത് വിമലഹൃദയ സമർപ്പണം പുതുക്കി.
ഫാത്തിമയുടെ സന്ദേശങ്ങളോട് ഏറ്റവും അർപ്പണ ബോധത്തോടെ പ്രതികരിച്ചത് ജോൺ പോൾ രണ്ടാമൻ ആയിരുന്നു. 1981 മെയ് 13ന് നടന്ന കൊലപാതക ശ്രമത്തെത്തുടർന്ന്, ഫാത്തിമയിലെ നാഥ തന്റെ ജീവൻ രക്ഷിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. പിറ്റേന്ന് അദ്ദേഹം തന്റെ മരിയ സമർപ്പണം പുതുക്കുകയും ചെയ്തു.
13 ഒരു മോശം സംഖ്യയായി കണക്കാക്കിയിരുന്ന കാലത്ത് തുടർച്ചയായി 13 എന്ന തീയതിയിൽ മൂന്ന് കുഞ്ഞുമക്കൾക്ക് പ്രത്യക്ഷപ്പെട്ട പരി. അമ്മ ആ അക്കത്തിന് തക്ക മഹത്വം നൽകി. മഹാമാരിക്കാലത്ത് ലോകത്തെ പല ഭാഗത്തും അനുരഞ്ജനത്തിന്റെ അലയൊലികൾ ഉയരുമ്പോൾ അവയിൽ കൂടുതൽ പ്രാമുഖ്യം നൽകിവരുന്ന പ്രക്രിയ മറിയത്തിന്റെ വിമല ഹൃദയ സമർപ്പണമാണ്.
പ്രവചനമോ, പ്രഖ്യാപനമോ, അപേക്ഷയോ, ആഹ്വാനമോ എങ്ങനെ വേണമെങ്കിലും ഫാത്തിമ ചരിത്രം നമുക്ക് അവതരിപ്പിക്കാം. എന്നാൽ ആ നാളുകളിലെപ്പോലെ ഇന്നും അവയിലെ ഉള്ളടക്കത്തിന് പ്രസക്തിയുണ്ട്, ആ വാക്കുകളിൽ പ്രതീക്ഷയുണ്ട്. ലൂർദിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ പറഞ്ഞ ‘അമ്മ ഫാത്തിമായിൽ ഈ ലോകത്തിലെ സകല പാപികൾക്കും വേണ്ടി, അവരെ തന്റെ വിമലഹൃദയത്തിൽ സമർപ്പിക്കുവാൻ വേണ്ടി നമ്മെ ഓർമിപ്പിക്കുന്നു.
അവൾ പറയുന്നത് കേൾക്കുവാൻ നാം ബാധ്യസ്‌ഥരാണ്. കാനായിലെ വിരുന്നിൽ അവൾ പറഞ്ഞ വാക്കുകൾ തന്നെ അതിന് അടിവരയിടുന്നു – “അവൻ പറയുന്നത് ചെയ്യുവിൻ”
ഫാത്തിമ നാഥയുടെ തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു !!
(Independent Translation Made On Quotes From Referred Books. Kindly Excuse)