അന്തരിച്ച ജോണ്‍സനച്ചന്‍റെ സംസ്കാര കര്‍മ്മത്തില്‍ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്താ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം.
തികച്ചും അപിതീക്ഷിതമായി നമ്മെയെല്ലാം വേര്‍പിരിഞ്ഞ് ബഹുമാനപ്പെട്ട ജോണ്‍സനച്ചന്‍ ദൈവസന്നിധിയിലായിരിക്കുകയാണ്. ഒരു കാലത്ത് കായികാഭ്യാസങ്ങളിലും പിന്നീട് പഠനത്തിലും ഒരു വൈദികനായി അജപാലനപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതിലും മികവു കാണിച്ച ജോണ്‍സനച്ചന്‍ ദീര്‍ഘകാലം ഈ അതിരൂപതയ്ക്ക് ഒരു മുതല്‍ക്കൂട്ടായി നമ്മോടൊത്തുണ്ടാവുമെന്ന് നാം പ്രതീക്ഷിച്ചതാണ്. എന്നാല്‍ തിരുപ്പട്ടം സ്വീകരിച്ച് ഒരു കൊല്ലംപോലും തികയുന്നതിനു മുന്‍പേ അദ്ദേഹം നമ്മോടെല്ലാം യാത്ര പറയുകയാണ്. വേര്‍പാടിന്‍റെ വേദന നമുക്കെല്ലാമുണ്ട്. അദ്ദേഹത്തിന്‍റെ അമ്മയുടെയും സഹോദരങ്ങളുടെയും ബന്ധുജനങ്ങളുടെയും ദുഃഖം ഊഹിക്കാവുന്നതിലധികമാണ്. അനുശോചനം രേഖപ്പെടുത്തുന്നു. പ്രാര്‍ത്ഥനാഞ്ജലികള്‍ സമര്‍പ്പിക്കുന്നു. ജോണ്‍സനച്ചന്‍റെ ആത്മാവിനു നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു.
– ലൂക്കാ. 8: യേശു പഠിപ്പിച്ചുകൊണ്ട് ജനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നു. സിനഗോഗ് അധികാരിയായ ജായ്റോസ് യേശുവിനെ സമീപിക്കുന്നു. അയാളുടെ അഭ്യര്‍ത്ഥന അനുസരിച്ച് ഗുരുതരമായ രോഗംബാധിച്ച മകളെ സുഖപ്പെടുത്തുവാന്‍ യേശു അയാളുടെ ഭവനത്തിലേക്ക് പോകുന്നു:
“നിന്‍റെ മകള്‍ മരിച്ചുപോയി. ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ട”.
“ഭയപ്പെടേണ്ട. വിശ്വസിക്കുക മാത്രം ചെയ്യുക. അവള്‍ സുഖം പ്രാപിക്കും”
– “എല്ലാവരും കരയുകയും അവളെക്കുറിച്ച് വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവന്‍ പറഞ്ഞു: കരയേണ്ട. അവള്‍ മരിച്ചിട്ടില്ല; ഉറങ്ങുകയാണ്”
– യോഹ. 11: “കര്‍ത്താവേ, അങ്ങ് സ്നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു”. യേശു ഉടന്‍ പുറപ്പെട്ടില്ല; രണ്ടു ദിവസംകൂടി താമസിക്കുന്നു. “നമ്മുടെ സ്നേഹിതന്‍ ലാസര്‍ ഉറങ്ങുകയാണ്. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു”
“കര്‍ത്താവേ, അവന്‍ ഉറങ്ങുകയാണെങ്കില്‍ അവന്‍ സുഖം പ്രാപിക്കും; ഉണര്‍ത്തെണീക്കും”.
അപ്പോള്‍ യേശു വ്യക്തമായി അവരോടു പറഞ്ഞു: “ലാസര്‍ മരിച്ചുപോയി…..”.
ശാരീരിക മരണത്തെ യേശു എപ്പോഴും ഉറക്കമെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
– മര്‍ത്താ അലമുറയിട്ട് കരയുകയാണ്.
“കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു”
“നിന്‍റെ സഹോദരന്‍ ഉറങ്ങുകയാണ്, അവന്‍ ഉണര്‍ന്നെണീക്കും ഉയിര്‍ത്തെഴുന്നേല്‍ക്കും”.
“അന്തിമദിനത്തില്‍ അവന്‍ഉണര്‍ന്നെണീക്കുമെന്ന് എനിക്കറിയാം”.
“ഞാന്‍ പുനഃരുത്ഥാനവും ജീവനുമാകുന്നു”.
“എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും”.
“അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?”
“ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്ക് വരാനിരിക്കുന്ന ദൈവപുത്രനായ ക്രിസ്തുവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു”.
ഇതാണ് ഇന്നത്തെ ആദ്യലേഖനത്തില്‍ പൗലോസ് അപ്പോസ്തലന്‍ തെസലോണിയാക്കാര്‍ക്ക് നല്കിയ ഉപദേശവും:
“സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ നിങ്ങള്‍ ദുഃഖിക്കരുത്. യേശു മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തു, എന്നു നാം വിശ്വസിക്കുന്നതുപോലെ യേശുവില്‍ നിദ്രപ്രാപിച്ചവരെയും ദൈവം അവനോടുകൂടി ഉയിര്‍പ്പിക്കും”.
യേശുവില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ശാരീരിക മരണം ഒരു ഉറക്കമാണ്, നിദ്രയാണ്. അവര്‍ ഉണര്‍ന്നെണീക്കും. ഉയിര്‍ത്തെഴുന്നേറ്റ് യേശുവിന്‍റെ മഹത്വത്തിലേക്ക് പ്രവേശിക്കും.
– ഇന്നത്തെ വൈദികര്‍ക്കായുള്ള യാമപ്രാര്‍ത്ഥനയിലെ പൗലോസ് അപ്പോസ്തലനെക്കുറിച്ചുള്ള വിചിന്തനത്തില്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം എടുത്തുകാണിക്കുന്നതും ഇതുതന്നെയാണ്:
എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ മരണാനന്തര ജീവിതമാണ് നമ്മുടെ ലക്ഷ്യം.
ഈ ലോകവാസം വെടിഞ്ഞ് യേശുവിനോടൊപ്പം ആയിരിക്കാനാണ് പൗലോസ് അപ്പോസ്തലന്‍ തീവ്രമായി ആഗ്രഹിക്കുന്നത്. എങ്കിലും യേശുവിനോടുള്ള സ്നേഹത്തെപ്രതി അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍ ഈ ലോകത്തില്‍ ജീവിക്കുന്നതും ഈ നിത്യസൗഭാഗ്യത്തിന്‍റെ മുന്‍ ആസ്വാദനംതന്നെയാണ്.
ഇങ്ങനെ ശരീരത്തില്‍ ജീവിച്ചാലും അതില്‍നിന്ന് വേര്‍പിരിഞ്ഞാലും യേശുവിനോടൊപ്പമുള്ള ജീവിതം എപ്പോഴും നിത്യജീവിതംതന്നെയാണ്.ഒരു ദിവസം ശാരീരിക മരണമാകുന്ന കവാടത്തിലൂടെ കടന്ന് നാം ദുഃഖവും ദുരിതവുമില്ലാത്തനിത്യജീവന്‍റെ പൂര്‍ണ്ണതയിലേക്ക് പ്രവേശിക്കും.
– നല്ല മരണത്തിനായി ഞാന്‍ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്.
വിശുദ്ധ കൊച്ചുത്രേസ്യയുടെ ശാരീരിക മരണത്തിന്‍റെ പൊരുള്‍ മനസ്സിലാക്കാന്‍ എന്നെ സഹായിക്കുന്നത്:
“മാലാഖമാര്‍ ഭൂമിയില്‍ വിശ്രമിക്കാറില്ല. കാരുണ്യവാനായ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റി കഴിയുമ്പോള്‍ അവര്‍ സ്വര്‍ഗ്ഗത്തിലേക്ക് പറക്കുന്നു. അതിനാണ് അവര്‍ക്ക് ചിറകുകള്‍ ഉള്ളത്”.
ദീര്‍ഘകാലമായിട്ടും നമ്മിലൊക്കെ മുളച്ചു പാകമാകാത്ത സുകൃതങ്ങളുടെ ചിറകുകള്‍ വളരെവേഗം മുളച്ചു പാകമായതിന്‍റെ ഫലമായിട്ടാണ് ഇപ്പോള്‍ ജോണ്‍സനച്ചന്‍ദൈവത്തിന്‍റെ പക്കലേക്ക് പറന്നുപോകുന്നത്.
– കുറേ നാളുകള്‍ക്കുമുമ്പ് ട്രെയിന്‍ യാത്രയിലുണ്ടായ ഒരു അനുഭവം ഓര്‍ത്തുപോവുകയാണ്. തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് ഞാന്‍ യാത്ര ചെയ്യുകയായിരുന്നു. കമ്പാര്‍ട്ടുമെന്‍റില്‍ പലരുമുണ്ടായിരുന്നു. എല്ലാവരും നിശ്ശബ്ദരായിരുന്നു. കോട്ടയമെത്തിയപ്പോള്‍ ചുറുചുറുക്കുള്ള രണ്ടുകുട്ടികളുമായി ഒരു അമ്മ വന്നുകയറി. കമ്പാര്‍ട്ടുമെന്‍റ് സജീവമായി. കുട്ടികളുടെ കളിയും ചിരിയും പാട്ടും തമാശയുമെല്ലാം എല്ലാവരെയും രസിപ്പിച്ചു. എല്ലാവര്‍ക്കും കുട്ടികളെ ഇഷ്ടമായി. ദീര്‍ഘനേരം ഈ കുട്ടികളുടെ സാന്നിദ്ധ്യം എല്ലാവരും ആസ്വദിച്ചു. തൃശൂരെത്തിയപ്പോള്‍ അമ്മ മക്കളോടു പറഞ്ഞു:” വാ, മക്കളേ പോകാം. നമുക്ക് ഇറങ്ങാനുള്ള സ്ഥലമായി”. കുട്ടികളെ പിരിയാന്‍ പ്രയാസമുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ അമ്മയ്ക്ക് അവകാശപ്പെട്ടവരാണ്. അമ്മ വിളിച്ചാല്‍ കുഞ്ഞുങ്ങള്‍ പോകണം.
ഇതുപോലെ നമ്മളെല്ലാം ജീവിതയാത്രയ്ക്കിടയില്‍പരസ്പരം കണ്ടുമുട്ടിയവരാണ്. ദൈവമാണ് നാമെല്ലാവരുടെയും അവകാശി. കുറേനേരം കണ്ടുമുട്ടാനും സ്നേഹം പങ്കുവയ്ക്കാനും സന്തോഷമനുഭവിക്കാനും അനുവദിച്ചതിന് നാം ദൈവത്തോട് നന്ദി പറയണം. എങ്കിലും ദൈവം വിളിക്കുന്ന സമയത്ത് നാം പോകണം. കാരണം ദൈവമാണ് നമ്മുടെ പരമമായ ലക്ഷ്യം.