തീരജനത നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ അവഗണന തുടരുന്നു…
തിരുവനന്തപുരം: ഏറെ നിർണ്ണയകമായ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലങ്ങളിലെ വിജയത്തിൽ തീരദേശ ജനതയുടെ നിലപാട് നിർണ്ണായകമായതായി വിലയിരുത്തൽ. വിജയിച്ച സ്ഥാനാർത്ഥികളും പാർട്ടിയും ഇക്കാര്യം സമ്മതിച്ചുകഴിഞ്ഞു. ഇലക്ഷനുമുമ്പ് തിരുവനന്തപുരം അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടിയിൽ തീരജനതയുടെ ആശങ്കകൾ അക്കമിട്ട് പറഞ്ഞിരിന്നു. ഇതിൽതന്നെ തീരജനതയുടെ നിലപാടും ആശങ്കയും വ്യക്തമാണ്. തീരജനത നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ അവഗണന എടുത്ത് പറയേണ്ടതുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം തിരുവനന്തപുരത്തെ തീരം കടുത്ത തീരശോഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകാരണം തീരദേശവാസികളുടെ തൊഴിലിനും ജീവിതത്തിനും നിലനില്പിനുതന്നെയും വെല്ലുവിളി ഉയർത്തുന്നു. ഇതിൽ വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന് കാര്യമായ പങ്കുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അത് ശാസ്ത്രീയമായി പഠിക്കുവാനോ, ശാശ്വത പരിഹാരം കണ്ടെത്തുവാനോ ശ്രമിക്കുന്നതിന് പകരം ഭരണകൂടങ്ങൾ പിന്തിരിഞ്ഞു നില്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ജന്മംകൊണ്ട ദേശത്ത് ജീവിക്കാൻ തീരജനത പാടുപെടുമ്പോൾ അവരെ അവിടെനിന്നും അടിച്ചോടിക്കാനാണ് സംരക്ഷണം നൽകേണ്ട സർക്കാർ ശ്രമിക്കുന്നത്. പൊഴിയൂർ തീരഗ്രാമം ദിവസങ്ങൾ കഴിയുംതോറും കടൽ വിഴുങ്ങുകയാണ്. എന്നാൽ തൊട്ടടുത്ത് തമിഴ്നാട് സർക്കാരിന്റെ അധീനതിയിലുള്ള തീരം മുഴുവൻ അവർ സംരക്ഷിച്ചുകഴിഞ്ഞു.
ഈ ആവശ്യങ്ങൾ ഉയർത്തിക്കാട്ടി നടന്ന മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞം അതിജീവനസമരത്തെ അടിച്ചമർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടി വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ചതും തീരജനതയുടെ മനസ്സുകളെ വ്രണിതമാക്കി. ഒരുഘട്ടത്തിൽ സംസ്ഥാനത്തിന്റെ മന്ത്രിമാർ തന്നെ തീരവാസികളെ രാജ്യദ്രോഹികളെന്നും തീവ്രവാദികളെന്നുമൊക്കെ വിളിച്ചാക്ഷേപിച്ചു. പോരാഞ്ഞിട്ട് മതമേലധ്യക്ഷന്മാരെയും വൈദികരെയും സഭാവിശ്വാസികളെയും കള്ളകേസിൽ കുടുക്കി തീരജനതയുടെ ന്യായമായ ആവശ്യത്തെ തിരസ്കരിച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ഇപ്പോഴെങ്കിലും സർക്കാർ വിലയിരുത്തുന്നത് നന്നായിരിക്കും. ഈ കള്ളകേസുകളുടെ പിൻബലത്തിലാണ് തിരുവനന്തപുരം അതിരൂപതയുടെ എഫ്. സി.ആർ അക്കൗണ്ട് കേന്ദ്രസർക്കാർ മരവിപ്പിച്ചത്.
അതുപോലെ ഏറെ പ്രാധാന്യമുള്ളവയാണ് മുതലപ്പൊഴിയിലെ അപകടങ്ങൾ. നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം അവിടെ ഇതുവരെ പൊലിഞ്ഞത് എഴുപതിലധികം മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ്. ഇവിടെയും ശാസ്ത്രീയമായി പഠിച്ച് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ഭരണസംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടുന്നില്ല. പകരം തീരജനതയെയും മതമേലധ്യക്ഷന്മാരേയും നോക്കി ‘ഷോ’ കാണിക്കരുതെന്ന് ആക്രോശിക്കാൻ ഭരണത്തിന് നേതൃത്വം നൽകിയ മന്ത്രിമാർ മറന്നില്ല. ഇന്നും മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ ജീവനെടുക്കുന്ന കവാടമായി തുടരുന്നു.
തീരദേശ ഹൈവേയിലെ ഒളിച്ചുകളി, ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ വിമുഖത, മത്സ്യത്തൊഴിലാളികൾ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട് നേരിടുന്ന വിഷയങ്ങളിൽ മുഖംതിരിക്കുന്ന നിലപാടുകൾ, മതേതരത്വത്തിന് തുരങ്കം വയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകൾ, ക്രൈസ്തവ പീഡനം, മണിപ്പൂർ കലാപം തുടങ്ങി നിരവധി വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ തീരജനത ചിന്തിച്ചു… ചർച്ച ചെയ്തു… നിലപാടുകൾ കൈക്കൊണ്ടു… അത് പ്രതിഫലിച്ച തിരഞ്ഞെടുപ്പ ഫലമാണ് പുറത്തുവന്നത്.