തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷാ സമിതി ‘ഗ്രീൻ വീക്ക്’ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ‘നമ്മുടെ ഭൂമി നമ്മുടെ ഭാവി’ എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. വെള്ളയമ്പലം ബിഷപ്സ് ഹൗസ് കോമ്പൗണ്ടിൽ വിവിധ ശുശ്രൂഷകൾ ഒത്തുചേർന്ന് നടത്തിയ ദിനാചരണ പരിപാടി അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ്, സാമൂഹ്യ ശുശ്രൂഷ സമിതി ഡയറക്ടർ റവ. ഫാ. ആഷ്‌ലിൻ ജോസ് എന്നിവർ പരിസ്ഥിതിദിന സന്ദേശം നല്കി. തുടർന്ന് ഫാ. ഷാജു വില്യം, ഫാ. റീച്ചാർഡ്, ഫാ. ജെനിസ്റ്റൻ, ഫാ. വിജിൽ ജോർജ്, ഫാ. ബിജോയ്, ഫാ. സ്റ്റാൻലിൻ ഫെർണാണ്ടസ്, റഫാ. രജീഷ് എന്നീ വിവിധ ശുശ്രൂഷ ഡയറക്ടേഴ്സ് ഫലവൃക്ഷതൈകൾ നട്ടു. വിവിധ ശുശ്രൂഷകളിൽ സേവനം ചെയ്യുന്ന സന്യസ്തരും സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു..
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ട്രിവാൻഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒൻപത് ദിനം നിണ്ടുനിൽക്കുന്ന ബ്രഹത്പരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ‘ഗ്രീൻ വീക്ക്’ എന്ന പേരിൽ നടത്തുന്ന ദിനാചരണ പരിപാടിയിൽ പരിസ്ഥിതി സംരക്ഷണം, സീറോ കാര്‍ബണ്‍ എമിഷന്‍, കാര്‍ബണ്‍ ന്യൂട്രൽ ക്യാമ്പസ്, മലിനീകരണത്തിന്റെ തോത് കുറക്കല്‍ എന്നീ ആശയങ്ങള്‍ മുൻനിർത്തി സൈക്കിള്‍ റാലി & ഇലക്ടിക് സ്കൂട്ടര്‍ റാലി, പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കല്‍, ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍, വൃക്ഷത്തൈ നടല്‍, പച്ചക്കറിത്തോട്ട നിര്‍മ്മാണം, റീസൈക്കിള്‍ ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം എന്നീ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.