മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി തീയ്ക്കു ചുറ്റുമിരുന്നു കഥപറയുന്നവനായിരുന്നു ആദ്യകാല ഇന്‍ഫ്ളുവെന്‍സര്‍ അഥവാ ലീഡര്‍. അയാള്‍ പൊതുവായ ജന-അഭിപ്രായം രൂപീകരിക്കുന്നതില്‍ വലിയ പങ്കുവച്ചു. വൈകുന്നേരങ്ങളിലെ ജനങ്ങളുടെ സമയവും ശ്രദ്ധയും മനസ്സും ഈ ആദ്യകാല ‘ഇന്‍ഫ്ളുവെന്‍സറിന്’ സ്വന്തമായിരുന്നു. ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതരത്തില്‍ ഇതുപോലെ ലളിതമായി നല്ല കഥകള്‍ ആസ്വാദ്യമായി പറഞ്ഞു കടന്നുപോയവനായിരുന്നു നമ്മുടെ ഗുരുവും നാഥനുമായ ക്രിസ്തു. ആശയ സംവദേനത്തിന് തന്റെ ഭാഷയും ഭാഷാസങ്കേതങ്ങളും കഥകളുപയോഗിച്ച ഗുരുവിന്റെ വഴിയേ നടക്കുകയാണ് ഫാ. ഡാനി കപ്പൂച്ചിനെന്ന് വരയന്‍ സിനിമ കണ്ടുകഴിയുമ്പോള്‍ പറയാന്‍ തോന്നുന്നു.
ഗുരുവിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പലപ്പോഴും മനസ്സിലാക്കാന്‍ പോലും പറ്റാത്തതരത്തില്‍ സംസാരിക്കുന്നവര്‍ക്കിടയിലേക്കാണ് പൂര്‍ണമായും കോമേഴ്‌സ്യലായ ഒരു സിനിമയുമായി ഒരച്ചന്‍ എത്തുന്നത്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ കഥ പറയുക എന്നതാണ് അടിസ്ഥാനപരമായി സിനിമയെ വിജയിപ്പിക്കുന്ന ഘടകമെന്നത് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചു ‘വരയന്‍’. വിപണി മുന്നോട്ട് വയ്ക്കുന്ന വ്യാകരണമനുസരിച്ച് പറഞ്ഞൊരു കഥയെന്നതു മാത്രമല്ല ഒരു ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ രൂപപ്പെടുത്തിയ പള്ളിയും പട്ടക്കാരനും, സഭയും, രൂപതയുമൊക്കെ പ്രമേയമാകുന്നൊരു കഥ കോമേഴ്‌സ്യലായി ലാഭമുണ്ടാക്കുന്ന തരത്തില്‍ പറയാനും വിജയിപ്പിക്കാനും സാധിച്ചു എന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ട്.
ഇതിനുമുന്‍പും വൈദികര്‍ മുഖ്യകഥാപാത്രമായും സഹകഥാപാത്രമായും എത്തുന്ന നിരവധി സിനിമകളുണ്ടായിട്ടുണ്ടെങ്കിലും വൈദികന്‍ എഴുതി വൈദികന്‍ മുഖ്യകഥാപാത്രമായ മുഴുനീള എന്റര്‍ടൈന്‍മെന്റുമായി എത്തുന്ന ആദ്യ സിനിമയാകും വരയന്‍. ഈ സിനിമ ഒരു കലാസൃഷ്ടി എന്ന നിലയില്‍ വിലയിരുത്തപ്പെടുന്നതിനൊപ്പം തന്നെ ഫ്രാന്‍സിസ്‌കന്‍ ആദ്ധ്യാത്മികതയുടെ നന്മകളിലേക്ക് കൂടി വെളിച്ചം വീഴ്ത്തുന്നുണ്ട്.
നായകനായ കപ്പൂച്ചിന്‍ വൈദികനില്‍ കേരളം കണ്ടനുഭവിക്കുന്ന നിരവധി കപ്പൂച്ചിന്‍സമര്‍പ്പിതരുടെ അടരുകളുണ്ട് എന്നതില്‍ സംശയമില്ല. കുടുംബബന്ധങ്ങളെക്കുറിച്ച് തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും സംസാരിക്കുന്ന ജോസഫ് പുത്തന്‍പുരക്കലച്ചനും, സന്യാസത്തിന്റെ അര്‍ത്ഥമെന്തെന്ന് നാനാജാതിമതസ്ഥരായ മനുഷ്യരെ നിരന്തരം വാക്കുകളിലൂടെയും ജീവിതത്തിലൂടെയും ഓര്‍മിപ്പിക്കുന്ന ബേബി ജോസച്ചനും, നന്മകള്‍ ചെയ്തുകടന്നുപോയ തിയോഫിനച്ചനും, ചിത്രകാരനായ ജോയ്‌സനച്ചനുമൊക്കെ നായകനെ ബിഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നു.
കഥ നടക്കുന്ന നാട്ടിലെ കുട്ടികള്‍ വരച്ച കുറേ വര്‍ണാഭമായ ചിത്രങ്ങള്‍ അതിപാവനമായ ദൈവാലയത്തിനുള്ളില്‍ പ്രതിഷ്ഠിക്കുമ്പോഴും ടൈഗര്‍ എന്ന നായയെ മെരുക്കിയെടുക്കുമ്പോഴും കുഞ്ഞുങ്ങളെ കൂടെ കൂട്ടുമ്പോഴും ക്ഷമയെക്കുറിച്ച് പ്രസംഗിക്കുമ്പോഴുമെല്ലാം നായകനിലൂടെ ഡാനിയലച്ചന്‍ സൂക്ഷിച്ച് കടത്തുന്നത് ഫ്രാന്‍സിസിന്റെ ആദ്ധ്യാത്മികതയുടെ ഭാവങ്ങള്‍ തന്നെയാണ്.
രൂപതാ വൈദികര്‍ പഠിച്ച പണി പതിനെട്ടും പയറ്റി പ്രസംഗിച്ചിട്ടും ഉപദേശിച്ചിട്ടും തല്ലിയിട്ടുമൊന്നും നന്നാകാന്‍ തയ്യാറാകാത്ത ‘കലിപ്പക്കര’യെന്ന കൊച്ചിടവകയിലേക്ക് ഫ്രാന്‍സിസ്‌കന്‍ നന്മകളുമായി വന്നു കയറുന്ന പുതിയ ഇടവക വികാരിയും, വികാരിയെ ഓടിക്കാന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമാണ് മുഖ്യപ്രമേയമെങ്കിലും, സൗഹൃദവും, കുട്ടികളും, കുടുംബങ്ങളും, പ്രണയവുമൊക്കെ കഥക്ക് ചേരുമ്പടി മാര്‍ക്കറ്റിനിണങ്ങിയ രീതിയില്‍ ചേര്‍ത്ത് മൊത്തത്തില്‍ ഒരു വിഭവമാക്കി മാറ്റിയിട്ടുണ്ട് ഡാനിയച്ചന്‍.
നായകനായ എബിയച്ചന്‍ മാത്രമല്ല, മനസ്സും ഹൃദയവും നിറക്കുന്ന ഒരുപാട് ഓര്‍മ്മകള്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ ബാക്കിയാവുന്നുണ്ട്. കലിപ്പക്കര എന്ന ഗ്രാമത്തിന്റെയും കായല്‍ പരമ്പിന്റെയും, ദൃശ്യഭംഗം ഒട്ടും നഷ്ടപ്പെടാതെ ഛായാഗ്രഹണം നിര്‍വഹിച്ച രജീഷ് രാമനും, അതിഭാവുകത്വം കലരാതെ എബിയച്ചനെ വല്ലാത്തൊരു ലാളിത്യത്തോടെ അവതരിപ്പിച്ച സിജു വില്‍സണ്‍ എന്ന നടനും, ഇത്തരമൊരു കഥ യാഥാര്‍ത്ഥ്യബോധത്തോടെ വിപണിമൂല്യങ്ങളെ മനസ്സിലാക്കി കരുതലോടെ കൈകാര്യം ചെയ്ത സംവിധായകനായ ജിജോ ജോസഫും മനോഹരമായ പാട്ടുകളെഴുതിയ ഹരിനാരായണനും സംഗീതം നല്‍കിയ പ്രകാശ് അലക്‌സുമെല്ലാം പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെയാണ്. അത്ഭുതപ്പെടുത്തിക്കളയുന്ന പ്രകടനം കാഴ്ചവച്ച ബാലതാരങ്ങളുടെ ഒരുനിരതന്നെയുണ്ട്.
നായകനെ മഹത്വവല്‍ക്കരിക്കാനും വില്ലനെ താഴ്ത്തിക്കെട്ടാനും കഥയില്‍ ചേര്‍ത്തിട്ടുള്ള ചേരുവകള്‍ കൈവിട്ടുപോയില്ല എന്നതാണ് കഥാകൃത്തിനെ അഭിനന്ദിക്കാന്‍ എടുത്തുപറയേണ്ടകാര്യം. കഥ പറയുക, എന്നതുമാത്രമല്ല, പ്രേഷകനെ മടുപ്പിക്കാതെ ആകര്‍ഷകമായി പറയുക എന്നതും പ്രാധാന്യമുള്ളതാണെങ്കില്‍ ഡാനിയച്ചന്‍ കഥ പറയുകമാത്രമല്ല, അത് രസകരമായി മടുപ്പിക്കാതെ പറയുന്നതിലും,വിപണിക്കായി പറയുന്നതിലും വിജയിച്ചിരിക്കുന്നു.