തിരുവനന്തപുരം: മാർച്ച് 19 ശനിയാഴ്ച ചെറുവെട്ടുകാട് സെന്റ്. സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകളുടെ സമയക്രമത്തിൽ മാറ്റം. വൈകുന്നേരം 4 മണിക്ക് നിശ്ചയിച്ചിരുന്ന ചടങ്ങുകളാണ് 5 മണിയിലേക്ക് മാറ്റിയതെന്ന് സംഘാടക സമിതി ചെയർമാനും അതിരൂപത സഹായമെത്രാനുമായ ക്രിസ്തുദാസ് ആർ അറിയിച്ചു. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് സമയക്രമത്തിൽ മാറ്റം വരുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
ആർച്ച് ബിഷപ്പ് സൂസപാക്യം തിരുകർമ്മങ്ങൾക്ക് മുഖ്യകാർമ്മികനാകും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ വിൻസെന്റ് സാമുവൽ എന്നിവരാണ് തിരുകർമ്മങ്ങളിലെ സഹ കാർമ്മികൾ. സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആഴ്ച്ച ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് സുവിശേഷ പ്രഘോഷണം നടത്തും.
വി.യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനത്തിലാണ് നിയുക്ത മെത്രാപ്പോലീത്ത തോമസ്.ജെ. നെറ്റോയുടെ മെത്രാഭിഷേക കർമ്മങ്ങൾ ഒരുങ്ങുന്നത്. കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മെത്രാഭിഷേക കർമ്മങ്ങൾ നടക്കുക.