വെള്ളയമ്പലം: ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് വിവാഹമെന്ന കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ അവബോധം നല്കുകയെന്ന ലക്ഷ്യത്തോടെ അതിരൂപതയിലെ കുടുംബപ്രേഷിത ശൂശ്രൂഷ നടത്തി വരുന്ന വിവാഹ ഒരുക്ക സെമിനാർ 2024 ജനുവരി മാസം മുതൽ മുൻ കാലങ്ങളിലെന്നപോലെ മൂന്ന് ദിവസമായി നടത്തും.
കോവിഡ് മാഹമാരി സമയത്ത് നിലച്ചുപോയ വിവാഹ ഒരുക്കസെമിനാർ കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ 2 ദിവസങ്ങളിലായി വിവിധ മേഖലകളിലായി നടത്തിയിരുന്നു. തുടർന്ന് കോവിഡിന്റെ അതിജീവനത്തിന് ശേഷം വെള്ളയമ്പലം ആനിമേഷൻ സെന്റർ കേന്ദ്രീകരിച്ച് മാസത്തിൽ രണ്ട് തവണ ദ്വിദിന സെമിനാറായി തുടർന്നു. സെമിനാറിൽ പങ്കെടുത്തവരുടെ അഭിപ്രായം പരിഗണിച്ചാണ് മൂന്ന് ദിവസത്തെ സെമിനാറായി ഉയർത്തുന്നത്. താമസം, ഭക്ഷണം, കോഴ്സ് മെറ്റീരിയൽ എന്നിവയ്ക്കായി 1700/- രൂപയാണ് സെമിനാർ ഫീസ്.
വിജയകരമായ ദാമ്പത്യ ജീവിതത്തിന് ആവശ്യമായ കുടുംബ പ്രാർത്ഥന, ഫാമിലി ബഡ്ജറ്റ്, ആരോഗ്യകരമായ ആശയ വിനിമയം, മാധ്യമങ്ങളുടെ ശരിയായ ഉപയോഗം, വിവാഹവും കാനോൻ നിയമങ്ങളും, സ്ത്രീ പുരുഷ മന:ശാസ്ത്രം, ആരോഗ്യകരമായ ലൈംഗീക ജീവിതം, ഗർഭകാലഘട്ടവും ശരിയായ പരിചരണവും, പാരന്റിംഗ്, അനുഭവസാക്ഷ്യങ്ങൾ, ചർച്ചകൾ, തുടങ്ങി കുടുംബജീവിതം വിജയകരമായി നയിക്കാനുതകുന്ന വിഷയങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾ സെമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ വ്യക്തിപരമായും ആവശ്യമെങ്കിൽ വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന ഇരുവർക്കും അതുപോലെ ഇവരുടെ മാതാപിതാക്കൾക്കും കൗൺസിലിംഗ് സേവനം ലഭ്യമാക്കുന്നു. കൂടാതെ അനുതാപത്തിലേക്ക് നയിക്കുന്ന ആരാധന, കുമ്പസാരം, ദിവ്യബലി, ജപമാല തുടങ്ങി ആത്മീയമായ വളർച്ച ലഭ്യമാക്കുന്ന ഭക്താനുഷ്ടാനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുടുംബജീവിതത്തിൽ വർഷങ്ങൾ പിന്നിട്ടവരുടെ ജീവിത സാക്ഷ്യങ്ങളും, കാലികമായ വിഷയങ്ങളുടെമേലുള്ള സംവാദങ്ങൾ, അതിന്റെ അവതരണം തുടങ്ങിയവ വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നു. മൂന്നാം ദിനം ഉച്ചയ്ക്ക് രണ്ട് മണിമുതൽ സെമിനാറിൽ പങ്കെടുക്കുന്നവരുടെ മാതാപിതാക്കൾക്കായുള്ള ഒരു ക്ളസ്സും ഒരുക്കിയിട്ടുണ്ട്.
കുടുംബങ്ങൾ വെല്ലുവിളികൾ നേരിടുന്ന മാറുന്ന കാലഘട്ടത്തിൽ കുടുംബജീവിതത്തെ കുറിച്ചുള്ള ശരിയായ കാഴ്ചപാടും അറിവും ലഭിച്ചതിന് ശേഷം മാത്രം ദാമ്പത്യജീവിതത്തിൽ പ്രവേശിക്കുന്നത് ഒരു പരിധിവരെ വിജയകരമാകാൻ സാഹായിക്കും. ആയതിനാൽ വിവാഹ പ്രായമെത്തി കുടുംബജീവിതം ഒരു വിളിയായി സ്വീകരിക്കാനാഗ്രഹിക്കുന്ന എല്ലാവരും വിവാഹം ഉറപ്പിക്കുന്നതിന് മുന്നേതന്നെ ഈ സെമിനാറിൽ പങ്കെടുക്കുന്നത് ഗുണകരമാകുമെന്ന് കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. ക്രിസ്റ്റൽ റൊസ്സാരിയോ പറഞ്ഞു.
2024 വർഷത്തെ വിവാഹ ഒരുക്ക സെമിനാർ തിയതികളുൾക്കൊള്ളുന്ന ബ്രോഷർ താഴെക്കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://drive.google.com/file/d/1Mi0d063vcqiGCD4Jvdl3ZnQ_IJjTdQ26/view?usp=sharing