വത്തിക്കാൻ: ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്സ്’ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു. നവംബർ മാസം 22-മാം തിയതി നടന്ന പാപ്പയുടെ പൊതുകൂടികാഴ്ചയ്ക്കിടയിലാണ് സന്ദർശനത്തിന് അവസരമൊരുങ്ങിയത്. ചിത്രത്തിന്റെ സംവിധായകൻ ഷെയ്സൻ പി. ഔസേഫ്, നിർമ്മാതാവ് സാന്ദ്ര ഡി‘ സൂസ എന്നിവരാണ് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശന സമയത്ത് സിനിമയുടെ പോസ്റ്റർ കരങ്ങളിലുണ്ടായിരുന്നു. സന്യസ്ത ജീവിതത്തിന്റെ വെല്ലുവിളികളും ത്യാഗവും ക്രിസ്തുസ്നേഹത്തിന്റെ മഹത്വവും വിളിച്ചുപറയുന്ന സിസ്റ്റർ റാണിമരിയയുടെ ജീവിതകഥ സിനിമയാക്കിയതിൽ പാപ്പ അതിയായ സന്തോഷം രേഖപ്പെടുത്തുകയും അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. പാപ്പയെ സന്ദർശിച്ച അണിയറപ്രവർത്തകർ അദ്ദേഹത്തിന് തൊട്ടടുത്ത ദിവസം സിനിമ കാണുന്നതിനായുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം കേന്ദ്രമാക്കിയുള്ള ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി പാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് വത്തിക്കാനിൽ ഔദ്യോഗികമായി ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന് വത്തിക്കാൻ പരിപൂർണപിന്തുണയാണ് നൽകുന്നത്.
പൊതുകൂടിക്കാഴ്ചയിൽ ഹമാസിന്റെ ബന്ധനത്തിൽ കഴിയുന്ന രണ്ടു ഇസ്രായേൽക്കാരുടെ ബന്ധുക്കളും, ഇസ്രായേൽ തടവറയിൽ കഴിയുന്ന ഒരു പലസ്തീൻകാരന്റെ ബന്ധുക്കളും വത്തിക്കാനിൽ പപ്പയെ സന്ദർശിച്ചു. ഇരു കൂട്ടരുടെയും ഹൃദയവേദന താങ്ങാവുന്നതിലുമപ്പുറമാണെന്ന് പാപ്പാ പറഞ്ഞു. തുടർന്ന് തന്റെ സന്ദേശങ്ങളിലുടനീളം ലോകത്ത് രൂക്ഷമാകുന്ന യുദ്ധത്തിന്റെ സാഹചര്യത്തിൽ സമാധാനത്തിനു വേണ്ടി പാപ്പാ അഭ്യർത്ഥന നടത്തി.