പാളയം: തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ പൗരോഹിത്യ ജീവിതത്തിന് 25 വർഷം 2023 നവംബർ 25 ന് പൂർത്തിയാകുന്നു. രജതജൂബിലിയോടനുബന്ധിച്ച് നാളെ രാവിലെ 10 മണിക്ക് പാളയം സെന്റ്. ജോസഫ്സ് മെട്രോപോളീറ്റൻ കത്തഡ്രലിൽ നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്ക് ക്രിസ്തുദാസ് പിതാവ് മുഖ്യകാർമ്മികത്വം വഹിക്കും. അതിരൂപത മെത്രാപോലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ പിതാവും, ഇതര രൂപതകളിലെ മെത്രാന്മാരും രൂപത വൈദീകരും സഹകാർമികത്വം വഹിക്കും. അതിരൂപതയിലെ ഇടവകകളിൽ നിന്നും വിവിധ സ്ഥപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കൂം. ക്രിസ്തുദാസ് പിതാവിന്റെ ആഗ്രഹപ്രകാരം വളരെ ലളിതമായ ചടങ്ങുകളാണ് രജത ജൂബിലിയോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്.
1998 നവംബർ 25 നാണ് ക്രിസ്തുദാസ് പിതാവ് അഭിവന്ദ്യ സൂസപാക്യം പിതാവിൽ നിന്നും കൈവയ്പ് ശുശ്രൂഷ വഴി പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. 1971 നവംബർ 25 ന് അടിമലത്തുറയിൽ ശ്രീ. രാജപ്പന്റെയും ശ്രീമതി ആഞ്ജലീനയുടെയും മൂത്തമകനായി ജനിച്ചു. ജന്മദിനത്തിലാണ് പൗരോഹിത്യം സ്വീകരിച്ചതെന്ന അപൂർവ്വതയും ക്രിസ്തുദാസ് പിതാവിനുണ്ട്. പൗരോഹിത്യ പട്ടം സ്വീകരിച്ച ശേഷം നീരോടി സെന്റ്. നിക്കോളാസ് ദൈവാലയത്തിൽ നിന്നുമാരംഭിച്ച തന്റെ അജപാലന ദൗത്യം ഇന്ന് തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനായി തുടരുന്നു.
ഏഴു ഭാഷകൾ കൈകാര്യം ചെയ്യാനാറിയുന്ന പിതാവ് റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും മനോഹരമായി ഗാനങ്ങളാലപിച്ച് മറ്റുള്ളവരെ ദൈവസ്നേഹത്തിലേക്ക് നയിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച തിരുവനന്തപുരം അതിരൂപതയുടെ സ്വന്തം കൊച്ചുപിതാവ്. യുവജനങ്ങളുടെ ശാക്തീകരണം സ്വപ്നം കാണുന്ന അതിനായി അക്ഷീണം പ്രയത്നിക്കുന്ന ഒരു ഇടയൻ. എല്ലാവരോടും സൗഹൃദം പുലർത്തി ചേർത്തു നിർത്തുന്ന, ആഴമേറിയ വിശ്വാസത്തോടെ മാതൃകാപരമായ സമർപ്പിത ജീവിതത്തിനുടമയായ, പരാതികളോ പരിഭവമമോ ഇല്ലാത്ത എപ്പോഴും പുഞ്ചിരിതൂകി ഇടപഴകുന്ന, എളിമയിൽ സമ്പന്നത പുലർത്തുന്ന അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന് പൗരോഹിത്യ രജത ജൂബിലിയുടെ മംഗളങ്ങളും പ്രാർത്ഥനകളും നേരുന്നു.