ആലപ്പുഴ രൂപതയുടെ എമരത്തിയൂസ് മെത്രാൻ റൈറ്റ്.റവ.ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഹൃദയാഘാതത്തെ തുടർന്ന് അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രിയിൽ വച്ച് കാലംചെയ്തു. മൃതദേഹ സംസ്‌കാര കര്‍മ്മം ചൊവ്വാഴ്‌ച ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നടക്കും. 1944 മെയ് 18 നാണ് സ്റ്റീഫൻ പിതാവിൻ്റെ ജനനം. 1969 ഒക്ടോബർ 5ന് ബിഷപ്പ്മൈക്കിൾ ആറാട്ടുകുളത്തിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. രൂപതാ മൈനർ സെമിനാരിയുടെ പ്രിഫെക്ടും ഓമനപ്പുഴ ഇടവക വികാരിയുമായി പ്രവർത്തിച്ചു. തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളെജിൽ നിന്നും ഫിലോസഫിയിൽ ബിരുദാനന്ത ബിരുദം നേടിയതിനെ തുടർന്ന് മൈനർ സെമിനാരിയുടെ റെക്ടറും ആലപ്പുഴ ലിയോ തെർട്ടീൻത് ഹൈസ്കൂൾ മാനേജരുമായി നിയമിക്കപ്പെട്ടു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായിരുന്നു. 2000 നവംബർ 16ന് ബിഷപ്പ് പീറ്റർ ചേനപ്പറമ്പിലിന്റെ പിൻഗാമിയായി കോഅഡ്ജുത്തോർ ബിഷപ്പായി. 2001 ഫെബ്രുവരി 11ന് മെത്രനായി അഭിഷിക്തനായി. 2001 ഡിസംബർ 9 ന് ചേനപ്പറമ്പിൽ പിതാവിനെ പിന്തുടർന്ന് ആലപ്പുഴ രൂപതയുടെ മെത്രാനായി. 52 വർഷക്കാലം പുരോഹിത ശുശ്രൂഷ ചെയ്ത ബിഷപ്പ് 21 വർഷം മെത്രാനായി ആലപ്പുഴ രൂപതയെ നയിച്ച്, 2019 ഒക്ടോബർ 11 ന് സജീവ അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചു. ആലപ്പുഴ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ ഡയറക്ടറായിരുന്നു. തീരമേഖലയുടെ സമഗ്ര വികസനത്തിനായി കെആർഎൽസിസി “കടൽ* എന്ന സംഘടനയ്ക്ക് രൂപം നല്കിയപ്പോൾ അദ്ദേഹം അതിന്റെ ചെയർമാനായി.
സംസ്കാരശുശ്രൂഷ_സമയക്രമം
അഭിവന്ദ്യ സ്റ്റീഫൻ അത്തിപ്പൊഴി പിതാവിന്റെ ഭൗതികശരീരം തിങ്കളാഴ്ച (11/ 04 / 2022 )രാവിലെ 6 മണിക്ക് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ കൊണ്ടുവരികയും തുടർന്ന് പ്രാർത്ഥനാശുശ്രൂഷകൾ നടക്കും. തുടർന്ന് രാവിലെ 7 മണിക്ക് മാതൃഇടവകയായ പെരുന്നേർമംഗലം (ചേന്നവേലി) സെൻറ് ആൻറണീസ് ദൈവാലയത്തിൽ കൊണ്ടുവരികയും, അവിടെവച്ച് ദിവ്യബലി അർപ്പിക്കപ്പെടുകയും ചെയ്യും. അതിനുശേഷം, തീരദേശ ഇടവകകളിലൂടെ അഭിവന്ദ്യ പിതാവിൻറെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോവുകയും, ഏകദേശം ഉച്ചയ്ക്ക് ഒരു മണിയോടുകൂടെ ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദൈവാലയത്തിൽ എത്തിച്ചേരുകയും ചെയുന്നു. ചൊവ്വാഴ്ച (12 / 04 / 2022 ) രാവിലെ 10.30 ന് ,മൌണ്ട് കാർമൽ കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ ജയിംസ് പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്യും.