വെട്ടുകാട്: കടൽമണൽ ഖനനത്തിനെതിരെ ഫെബ്രുവരി 27-ന് തീരദേശ ഹർത്താൽ മത്സ്യത്തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ജില്ലാതല കൺവെൻഷൻ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. കടൽമണൽ ഖനന വിഷയത്തിൽ ഏകപക്ഷീയ തീരുമാനമാണു കേന്ദ്ര സർക്കാരിന്റേതെന്നും, അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു. തീരജനതയുമായി ചർച്ച നടത്താതെ കേന്ദ്രസർക്കാർ ജനങ്ങളെ മണ്ടന്മാരാക്കുകയാണ്. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒന്നിച്ചുനിന്ന് ഇതിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു. കടൽ ഖനനം ചെയ്യാനുള്ള തീരുമാനം 15 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ വരുമാനമില്ലാതാക്കുമെന്നും അതിനാൽ ഈ തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ മോൺ. യൂജിൻ എച്ച് പെരേരയുടെ ആദ്ധ്യക്ഷതയിൽ നടന്ന ജില്ലാതല കൺവെൻഷനിൽ ദുരന്ത നിവാരണ അതോറിറ്റി മുൻ സെക്രട്ടറി ഡോ. കെ. ജി താര മുഖ്യപ്രഭാഷണം നടത്തി. ആർ ജറാൾഡ് (കൺവീനർ, മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി), പുല്ലുവിള സ്റ്റാൻലി, എസ് നാഗപ്പൻ (സി.ഐ.ടി.യു), വെട്ടുകാട് സോളമൻ, ജയ്സൺ (ഐ.എൻ.ടി.യു.സി.), അഡോൾഫ് മൊറായിസ്, ഹഡ്സൺ (എ.ഐ.ടി.യു.സി.), ഫാ. ലൂസിയാൻ തോമസ് (റ്റി.എം.എഫ്), ആന്റോ ഏലിയാസ് (സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ), ബീമാപള്ളി റഷീദ് (മുസ്ലിം ലീഗ്), ബൈജു (ധീവര സഭ), ഫാ. മൈക്കിൾ തോമസ് (കെ.എൽ.സി.എ), സീറ്റാദസൻ (സേവ), പാട്രിക് മൈക്കിൾ (കെ.എൽ.സി.എ.), എം. ആർ മനോജ് (സി.എം.പി), മാഗ്ലിൻ പിറ്റർ (തീരവേദി), പ്രസന്നകുമാർ (ആർ.എസ്.പി.) ജപ്സി (ജനാധിപത്യ കോൺഗ്രസ്), ജോളി പത്രോസ് (കെ.എൽ.സി.ഡ്ബ്ല്യു.എ.) എന്നിവർ സംസാരിച്ചു.
കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി സാമ്പത്തിക നയത്തിനെതിരെയും കടൽ ഖനനത്തിന് അനുമതി നൽകാനുള്ള തീരുമാനത്തിനെതിരെയുമാണ് ഹർത്താൽ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖലയിലാണ് ഹർത്താൽ നടത്തുന്നത്.
