മുനമ്പം : മുനമ്പത്തിന് ഭാരതത്തിന്റെ മുഴുവൻ മുഖമാണെന്നും ഇനിയൊരു മുനമ്പം ആവർത്തിക്കരുതെന്നും ഇരിങ്ങാലക്കുട ബിഷപ്പും കെസിബിസി വൈസ് പ്രസിഡന്റുമായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരുകളും കോടതിയും, ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ആണ് എന്ന് അദ്ദേഹം പറഞ്ഞു. മത നിയമങ്ങളുടെ പേരിലുള്ള വിവേചനങ്ങളും അനീതിയും ഒഴിവാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ നേതൃത്വത്തിൽ മുനമ്പം നിരാഹാര സമരത്തിൻ്റെ നൂറാം ദിനത്തിൽ നടന്ന രാപകൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം ഭൂസമരത്തിൻ്റെ 100-ാം ദിവസത്തിൽ നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് പ്രശസ്ത മാന്ത്രികൻ ഡോ. ജോൺ മാമ്പിള്ളി അവതരിപ്പിച്ച മാജിക് ഷോ ശ്രദ്ധേയമായി. മുനമ്പം ഭൂസംരക്ഷണ സമിതി 100 ദിവസമായി നടത്തി വരുന്ന നിരാഹാര സമരത്തിലെ പന്തലിൽ വച്ചാണ് മാജിക് അവതരിപ്പിച്ചത്. മുനമ്പം നിവാസികളുടെ മാനസീക സംഘർഷങ്ങളും, മയക്ക് മരുന്ന് ലഹരി വസ്തുക്കൾ എന്നിവക്ക് എതിരെ ബോധവൽക്കരണവും ഉൾക്കൊള്ളിച്ചുള്ളതായിരുന്നു ഇന്ദ്രജാല പ്രകടനം.
മുനമ്പം ഭൂപ്രശ്നത്തിൽ മുഖ്യപ്രതി സർക്കാരാണെന്ന് പി.വി അൻവർ എക്സ് എം.എൽ .എ പറഞ്ഞു. ഭൂമി രജിസ്റ്റർ ചെയ്തു കൊടുത്തപ്പോഴും പോക്ക് വരവ് നടത്തിയപ്പോഴും കരം അടച്ചു കൊണ്ടിരുന്നപ്പോഴും വീട് വയ്ക്കുമ്പോഴും എല്ലാം അനുമതി നല്കിയ സർക്കാർ ഒരു സുപ്രഭാതത്തിൽ ഈ അവകാശങ്ങൾ നിഷേധിക്കുന്നത് കടുത്ത അനീതിയും ജനവഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു.