ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം “ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ മായാത്ത കറ”യെന്നു ചൂണ്ടിക്കാട്ടി അധികാരികളെ പ്രതിസ്ഥാനത്തു നിർത്തുന്ന റിപ്പോർട്ട് മനുഷ്യാവകാശ സംരക്ഷകർക്കായുള്ള യുഎൻ പ്രത്യേക പ്രതിനിധി മേരി ലോലർ സമർപ്പിച്ചു.
തദ്ദേശവാസികളുടെയും ആദിവാസി ന്യൂനപക്ഷത്തിന്റെയും അവകാശങ്ങൾക്കായി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ യൂ.എ.പി.എ (UAPA) നിയമപ്രകാരം തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും, തുടർന്നു മാനസിക ശാരീരിക പീഡനങ്ങൾക്കു വിധേയനാക്കുകയും മതിയായ ചികിത്സയും സൗകര്യങ്ങളും നൽകാതിരിക്കുകയും ചെയ്തതുമൂലമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ മോചിപ്പിക്കണമെന്ന് മനുഷ്യവകാശ കമ്മീഷനെപ്പോലെ നിരവധി സംവിധാനങ്ങൾ നിയമപരമായി അഭ്യർത്ഥിച്ചിട്ടുപോലും അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും അനുവദിക്കാതെ അഭ്യർഥനങ്ങൾ എല്ലാം തന്നെ കോടതി തള്ളിക്കളയുകയായിരുന്നുവെന്ന നിജസ്ഥിതി മേരി ലോലർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
താൻ ജീവിതത്തിലൊരിക്കലും ഭീമ കൊറെഗാവിൽ പോയിട്ടില്ലെന്ന ഫാ. സ്റ്റാനിന്റെ മൊഴി അധികാരികൾ ചെവിക്കൊണ്ടില്ലെന്നും, തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുപോലും കസ്റ്റഡി മരണത്തിന് ഇരയായ ഇന്ത്യയിലെ ഏറ്റവും മുതിർന്ന തടവുകാരനായി അദ്ദേഹത്തെ മാറ്റിയതിലെ അതിയായ ദുഃഖമുണ്ടെന്നും മേരി ലോലർ റിപ്പോർട്ടിൽ പറയുന്നു.
പാർക്കിൻസന്റെ മൂർദ്ധന്യാവസ്ഥ കാരണം ഫാ. സ്റ്റീൻ സ്വാമിക്ക് ഭക്ഷണം കഴിക്കുക പോലുള്ള അടിസ്ഥാന ദൈനംദിന കാര്യങ്ങൾ പോലും പരസഹായംകൂടാതെ ചെയ്യാനായിരുന്നില്ലെന്നും, കേൾവി തകരാർ മൂലം അദ്ദേഹത്തിന് രണ്ട് ചെവികളിലും ശ്രവണസഹായികളും ആവശ്യമായിരുന്നുവെന്നു ശൈത്യകാലത്തെ വസ്ത്രങ്ങൾക്കുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന പോലും നിരുപാധികം നിരസിക്കപ്പെട്ടുവെന്നും വ്യക്തമാക്കുന്നുണ്ട്. കോവിഡ് -19 മൂർച്ഛിച്ച അവസ്ഥവരെ ചികിത്സകൾ പോലും അനുവദിച്ചിരുന്നില്ലയെന്നും ഒരു മനുഷ്യാവകാശ സംരക്ഷകനെ തീവ്രവാദിയായി മുദ്രകുത്തിയതിനും, അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിച്ചതിനുമെതിരെ ഒരു ന്യായീകരണവും നല്കാനാവില്ലെന്നും റിപ്പോർട്ട് നിലപാടെടുക്കുന്നു.
പാരിസ്ഥിതികാവശ്യങ്ങൾക്കും തദ്ദേശവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരെ ടാർഗെറ്റു ചെയ്യാനുള്ള സാധ്യത ഇന്ത്യയിൽ ഇപ്പോൾ കൂടുതലാണെന്നും, യുഎൻ മനുഷ്യാവകാശ ഓഫീസ് അതിനാൽ ആശങ്കാകുലരാണെന്നും ലോലർ റിപ്പോർട്ട് ചെയ്യുന്നു.
ഫാ. സ്വാമിയുടെ മരണത്തെക്കുറിച്ച് യുഎൻ മനുഷ്യാവകാശ കമ്മീഷണർ (യുഎൻഎച്ച്സിആർ) ഓഫീസ് അറസ്റ്റിന്റെ ആരംഭത്തിൽ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.