Report By: Jereesha (St. Xavier’s College Journalism Student)
കൊറോണ കാലഘട്ടത്തിൽ എല്ലാ മേഖലയിലും, വിശ്വാസജീവിതത്തിലും പ്രതിസന്ധി നേരിട്ടതുപോലെതന്നെ മതബോധന രംഗത്തും പ്രതിസന്ധി രൂക്ഷമായിരുന്നു. ഒഴിഞ്ഞുകിടന്ന പള്ളിമുറ്റങ്ങളും ക്ലാസ്സ് മുറികളും ചോദ്യചിഹ്നങ്ങളായി നിന്നപ്പോൾ, ഏതു സാഹചര്യത്തിലും ബുദ്ധിമുട്ടുകൾക്കിടയിലും മതബോധനം സാധ്യമാകണം എന്ന ലക്ഷ്യമായിരുന്നു ഫാ. ഡാർവിനും, മുൻ ഡയറക്റ്റർ ഫാ. ലോറൻസ് കുലാസിനും മുൻപിലുണ്ടായിരുന്നത്. അത് കൊണ്ട് തന്നെ മതബോധന വിദ്യാഭ്യാസം ഓൺലൈനായി നടത്താൻ തുടങ്ങിയപ്പോൾ രണ്ടുവർഷങ്ങൾക്കുമുൻപതൊരു പുത്തൻ ചുവടുവയ്പ്പായിരുന്നു. കേരളത്തിലന്ന് മറ്റധികം രൂപതകളൊന്നും തന്നെ ഓൺ ലൈൻ വീഡിയോകളെക്കുറിച്ച് ചിന്തിച്ചു പോലുമുണ്ടായിരുന്നില്ല. കെ. ആർ. എൽ. സി. ബി. സി. ഓൺലൈൻ ക്ളാസ്സുകളാരംഭിക്കുന്നതിന് മുൻപ് തന്നെ അതിരൂപതയുടെ വീഡിയോ സ്റ്റുഡിയോയിൽ ചെറിയ ക്യാമറയുമായി ജൂൺ മാസത്തിൽ തന്നെ സ്വന്തം നിലക്ക് ക്ളാസുകളാരംഭിച്ചതൊരു പുതിയ ചരിത്രമായിരുന്നു. നെയ്യാറ്റിൻകര രൂപതയുടെ വിശ്വാസപരിശീലന കമ്മീഷനും ഇതേ വീഡിയോകൾ തന്നെയായിരുന്നു ഉപയോഗിച്ചു വന്നത്.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അതിരൂപത അജപാലന ശുശ്രൂഷാ ഡയറക്ടർ ഫാദർ ഡാർവിന്റെ ആഭിപ്രായത്തിൽ ഏത് പകർച്ചവ്യാധി വന്നാലും യുദ്ധങ്ങൾ സംഭവിച്ചാലും മതബോധന ക്ലാസ് തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ക്രൈസ്തവ ജീവിതത്തിന്റെ അവശ്യ ഭാഗമാണ് മതബോധന ക്ലാസ്സുകൾ, അതാണു ക്രൈസ്തവരുടെ ആത്മീയ മൂലധനം.
കഴിഞ്ഞവർഷം യൂട്യൂബിൽ മതബോധന ക്ലാസ്സുകളാരംഭിച്ചപ്പോൾ വീഡിയോ കണ്ടത് ശരാശരി 500 വിദ്യാർഥികൾ മാത്രമാണെങ്കിൽ ഈ വർഷം ശരാശരി 2500-ിലധികമായത് വർദ്ധിച്ചിട്ടുണ്ട്. ഇക്കൊല്ലം വീഡിയോകളിലുൾപ്പെടുത്തിയിട്ടുള്ള ആനിമേഷൻ ചിത്രങ്ങളും ചുറ്റുപാടുകളും കുട്ടികളെ കൂടുതലാകർഷിക്കുന്ന തരത്തിൽ മാറ്റിയെടുത്തിട്ടുണ്ട്. കുട്ടികളുടെ ക്ളാസ്സുകൾ ഇപ്പോൾ മാതാപിതാക്കളും യുവജനങ്ങളുമൊക്കെ കാണുന്നുണ്ടെന്നതും പ്രത്യേകതയാണ്. ഓൺലൈൻ മതബോധന ക്ലാസ്സുമായി ബന്ധപ്പെട്ട അധ്യാപകരുമായുള്ള യോഗം ഓൺലൈനായി സംഘടിപ്പിച്ച് ഓൺലൈൻ ക്ളാസ്സുകൾ നടത്തുന്നതിന് ട്രെയ്നിങ് നടത്തിയത് പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ ഇടവകകളിൽ ഒതുങ്ങിക്കഴിഞ്ഞ മതബോധന അദ്ധ്യയനം, ഇന്ന് യൂട്യൂബിലൂടെ പല മതസ്ഥരിൽ, ലോകമെങ്ങുമെത്തുന്നുണ്ട് എന്നത് വലിയൊരു മാറ്റം തന്നെയാണ്. ഇടവകകളിലെ പ്രഗല്ഭരായ വേദപാഠം അദ്ധ്യാപകർ ഓൺലൈൻ സെലെബ്രിറ്റികളായിരിക്കുന്നു. കൊറോണക്കാലത്ത് ലഭിച്ച നല്ലൊരു സമ്മാനമായാണ് മതബോധന ഓൺലൈൻ ക്ലാസ്സുകളെ കുട്ടികളും മുതിർന്നവരും കാണുന്നത്.
പക്ഷേ തൂത്തൂർ ഫെറോനക്ക് മാത്രമായി തമിഴ് ഭാഷയിൽ മതബോധന ഓൺലൈൻ ക്ലാസ്സ് ഇനിയും ഒരുക്കാത്തത് പോരായ്മയായി തുടരുന്നുമുണ്ട്.