വത്തിക്കാന്‍ സിറ്റി: തുറവിയോടും സര്‍ഗാത്മകതയോടും കൂടെ സുവിശേഷം പങ്കുവയ്ക്കാന്‍ ഭയപ്പെടരുതെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഫ്രാന്‍സിലെ സഭയ്ക്കു വേണ്ടി സേവനം ചെയ്യുന്ന കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ക്കായി, റോമില്‍ സംഘടിപ്പിച്ച ആത്മീയ രൂപീകരണ ധ്യാനത്തില്‍ പങ്കെടുത്തവരുമായി കൂടിക്കാഴ്ച നടത്തി അവരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. 2025-ലെ പ്രത്യാശയുടെ ജൂബിലിക്കായി മാധ്യമപ്രവര്‍ത്തകരെ ഒരുക്കുന്നത് ലക്ഷ്യമിട്ടായിരുന്നു റോമില്‍ ഈ സിമ്പോസിയം കഴിഞ്ഞയാഴ്ച സംഘടിപ്പിക്കപ്പെട്ടത്.
നല്ല ആശയവിനിമയത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ മുമ്പത്തേക്കാള്‍ ഇന്ന് സങ്കീര്‍ണമായിട്ടുണ്ട്. എന്നാല്‍ ലൗകിക മനോഭാവത്തോടെ അവയെ നേരിടുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ലക്ഷ്യം വ്യക്തിപരമായ തന്ത്രങ്ങളോ വാണിജ്യപരമായ നേട്ടങ്ങളോ ആകരുത്. സങ്കേതിക പുരോഗതിയില്‍ മാത്രം കേന്ദ്രീകരിക്കുകയുമരുത്. കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ ഹൃദയങ്ങളുമായി ആശയവിനിമയം നടത്തുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. കത്തോലിക്കാ മാധ്യമപ്രവര്‍ത്തനം ഒരു പ്രചരണതന്ത്രമോ വിപണനതന്ത്രമോ അല്ല മറിച്ച്, അത് മറ്റുള്ളവരോടുള്ള കരുതലും ക്രിസ്തീയ കാഴ്ചപ്പാടിലൂടെ സംഭവങ്ങളെ നോക്കിക്കാണുന്നതുമാണ്. പിടിച്ചടക്കലിന്റെയും തേജോവധത്തിന്റെയുമായ ഒരു സംസ്‌കാരത്തിന് വഴങ്ങി കൊടുക്കുന്നതുമല്ല അത്.