വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വൈദികൻ ഫാ. സ്റ്റീഫൻ എം. റ്റി. നിര്യാതനായി. രോഗബാധിതനായി ദീർഘനാൾ കുമാരപുരത്തെ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇന്ന് (16.05.2024) രാവിലെയായിരുന്നു കർത്താവിൽ നിദ്രപ്രാപിച്ചത്. അതിരൂപതയിലെ പരുത്തിയൂർ ഇടവകാംഗമാണ്. ഇന്നു വൈകുന്നേരം 3 മണിക്ക് കണ്ണാന്തുറ സെന്റ്. പീറ്റേഴ്സ് ദേവാലയത്തിൽ അച്ചന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ 9.30 ന് പരുത്തിയൂർ വിശുദ്ധ മേരിമഗ്ദലേന ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. തിരുക്കർമങ്ങൾക്ക് അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
പൊഴിയൂർ, പരുത്തിയൂരിൽ ശ്രീ. മനുവേലിന്റെയും തങ്കമ്മാൾ ലോപ്പസിന്റെയും മകനായി 1964 സെപ്തംബർ 15 ന് ജനനം. പൊഴിയൂരിലെ ഗവണ്മെന്റ് സ്കൂളിലെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സെന്റ്. ജോസഫ്സ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സെന്റ്. സേവ്യേഴ്സ് കോളേജിൽ പ്രി-ഡിഗ്രി പഠനത്തിനു ശേഷം 1977 -ൽ സെന്റ്. വിൻസെന്റ് സെമിനാരിയിൽ ചേർന്നു.സെന്റ്. ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ തത്വശാസ്ത്ര പഠനവും തുടർന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. നിയമപഠനം പൂർത്തിയാക്കിയ അച്ചൻ അച്ചൻ അഭിഭാഷകൻ കൂടിയാണ്.
1990-ൽ പൗരോഹിത്യം സ്വീകരിച്ച സ്റ്റീഫനച്ചൻ പൂന്തുറ, കിളിയൂർ, നീരോടി, പൂത്തുറ, അടിമലത്തുറ, കണ്ണാന്തുറ, പുത്തൻ തോപ്പ്, കൊച്ചുതോപ്പ്, കഴക്കൂട്ടം, ശാന്തിപുരം, ചെറിയതുറ, മാർത്താണ്ഡൻ തുറ, ഫാത്തിമപുരം ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അജപാലന ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ, കമ്മിഷൻ ഫോർ ഫാമിലി & ബൈബിൾ സെക്രട്ടറി എന്നീ നിലകളിൽ അതിരൂപത ശുശ്രൂഷതലങ്ങളിലും സേവനമനുഷ്ഠിച്ചു.
ദിവ്യബലിയുടെയും തിരുവചനത്തിൻ്റെയുമൊക്കെ അന്തരാർത്ഥങ്ങൾ ആഴത്തിൽ ഗ്രഹിച്ചു കൊണ്ട് അത് ജനങ്ങളിലേക്ക് എത്തിക്കുവാൻ വളരെയധികം പരിശ്രമിച്ച ഒരു വൈദികനായിരുന്നു ഫാ. സ്റ്റീഫൻ എം. റ്റി. പരേതാത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.
Live Streaming Link 👇