ബെനഡിക്ട് പതിനാറാമന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രനേതാക്കൾ അനുശോചിച്ചു. സഭയോടുള്ള അദ്ദേഹത്തിന്റെ അർപ്പണത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രകീർത്തിച്ചു. പരമ്പരാഗത ക്രൈസ്തവമൂല്യങ്ങളുടെ സംരക്ഷകനായിരുന്നു പാപ്പയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുഡിൻ പറഞ്ഞു.
സാർവത്രിക മൂല്യങ്ങൾ പ്രോത്സാഹിപ്പിച്ച വ്യക്തിയായിരുന്നു ബെനഡിക്റ്റെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. സമൂഹത്തിനു ചെയ്ത സേവനങ്ങളുടെ പേരിൽ അദ്ദേഹം ഓർക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങി ഒട്ടേറെ നേതാക്കൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു.
ലോകമെമ്പാടുമുള്ള കത്തോലിക്കരോടൊപ്പം, പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ, വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും തന്റെ തത്വങ്ങളും വിശ്വാസവും വഴി നയിക്കപ്പെടുന്ന, സഭയോടുള്ള ആജീവനാന്ത സമർപ്പണത്തോടെ നിലകൊണ്ട പ്രമുഖ ദൈവശാസ്ത്രജ്ഞനായി അദ്ദേഹം ഓർമിക്കപ്പെടുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ക്രൈസ്തവ മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഉജ്ജ്വലമായി പോരാടിയ ഇടയ ശ്രേഷ്ഠനായിരുന്നു എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ എന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.