പുതുവത്സരത്തിന് മുന്നോടിയായി ഗോഡൗണുകളിൽ ദുരിതമനുഭവിക്കുന്ന അതിരൂപതാ മക്കൾക്കൊപ്പം സമയം പങ്കുവെച്ച് അതിരൂപത അധ്യക്ഷൻ. അതിരൂപത കോർപ്പറേറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് വലിയതുറ ഗോഡൗണിൽ കഴിയുന്നവർക്കൊപ്പമുള്ള സായാഹ്ന കൂട്ടായ്മയൊരുക്കിയത്.
നാമെല്ലാവരും ഒന്നാണെന്ന മനോഭാവത്തിൽ നിന്നാണ് നമ്മുടെ അതിരൂപതയിലെ അധ്യാപകർ ഇന്ന് ഗോഡൗണിലെ ജനങ്ങൾക്കായി ഇത്തരത്തിലൊരു കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മെത്രാപൊലീത്ത പറഞ്ഞു. ദൈവത്തിൽ കൂടുതൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ദൈവീക കാര്യത്തിൽ തല്പരരാകണം എന്ന ബോധ്യത്തോടെയും പ്രതീക്ഷയോടെ പുതുവത്സരത്തെ വരവേൽക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗോഡൗണിൽ കഴിയുന്ന കുട്ടികൾ വിദ്യാഭ്യാസത്തിലൂടെ ഭാവിയിൽ ഉയർന്ന നിലകളിലേക്ക് എത്തുവാൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
സിമന്റ് ഗോഡൗണുകളിലെ അന്തേവാസികൾക്ക് പുതുവത്സരത്തോടനുബന്ധിച്ചുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ഡയ്സൺ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവേൽ, അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര, വലിയതുറ ഇടവക വികാരി ഫാ. സാബാസ്, ശ്രീ. തദയൂസ്, ശ്രീ. രാജു, അധ്യാപകർ, വിദ്യാർഥികൾ എന്നിവരും ഗോഡൗണിലെ അന്തേവാസികൾക്കൊപ്പം പരിപാടിയിൽ സന്നിഹിതരായിരുന്നു.