വത്തിക്കാൻ: സമൂഹത്തിൽ ദയനീയാവസ്ഥയിൽ കഴിയുന്ന സഹോദരങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമെന്നും അവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരണമെന്നും സെപ്റ്റംബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം ഉൾക്കൊള്ളുന്ന വീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുവാൻ വിധിക്കപെട്ടവരെ അവഗണിക്കരുതെന്നും, പുറന്തള്ളരുതെന്നും മറിച്ച് അവരെ ചേർത്തുപിടിച്ചുകൊണ്ട് അവർക്കായി പ്രാർത്ഥിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
വലിച്ചെറിയപ്പെടുന്ന ഒരു സംസ്കാരം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽ, സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ, അത് ദാരിദ്ര്യത്തിന്റെയോ, ആസക്തികളുടെയോ, മാനസിക അനാരോഗ്യത്തിന്റെയോ, അംഗവൈകല്യതയുടെയോ പേരിലായിക്കൊള്ളട്ടെ, അവരെ വിസ്മരിക്കുന്ന പ്രവണത അവസാനിപ്പിക്കുവാനും പാപ്പാ ആവശ്യപ്പെടുന്നു.
നിസ്സംഗതയുടെ ഒരു മനസ്സ് നമ്മിൽ എങ്ങനെയാണ് രൂപപ്പെട്ടത്? എന്ന ചോദ്യമാണ് പാപ്പായുടെ സന്ദേശത്തിന്റെ ഉള്ളടക്കം. തെരുവിൽ അന്തിയുറങ്ങുന്നവന്റെ ജീവൻ നഷ്ടപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഒരു മാധ്യമവും അതെ പറ്റി ചർച്ചകൾ നടത്താത്തത്. ലോകത്തിന്റെ ഓരോ ഭാഗത്തും ഇത് പോലെ നമ്മളാൽ അവഗണിക്കപ്പെട്ടു കൊണ്ട്, ആരാലും സ്മരിക്കപ്പെടാതെ തെരുവിന്റെ കോണുകളിൽ ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നുവെന്ന വസ്തുതയും പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മപ്പെടുത്തുന്നു.
അതിനാൽ ‘വലിച്ചെറിയുന്ന സംസ്കാര’ത്തിനു പകരമായി ‘സ്വീകരിക്കുന്ന ഒരു സംസ്കാരം’ വളർത്തിയെടുക്കുവാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു. നമ്മുടെ സഹോദരങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുകൊണ്ട് അവരെ സഹായിച്ചു കൂടെ നിർത്തുന്നതാണ് സ്വീകരണത്തിന്റെ സംസ്കാരം. ഈ സ്വീകാര്യത നമ്മുടെ ഹൃദയങ്ങളിൽ നിന്നുമാണ് തുടങ്ങേണ്ടത്. സഭയുടെ ഹൃദയത്തിൽ എല്ലാവർക്കും സ്ഥാനമുണ്ടെന്നത് നിസംശയമായ ഒരു വസ്തുതയാണ്. മാംസളമായ ഒരു ഹൃദയമാണ് സഭയെന്ന അമ്മയുടേത്. ഈ അമ്മയെ പോലെ അമ്മയുടെ മക്കളായ വിശ്വാസികളും തരളിതമായ ഒരു ഹൃദയത്തിൽ അവശതയനുഭവിക്കുന്ന സഹോദരങ്ങളെ ചേർത്ത് നിർത്തണമെന്ന് പാപ്പാ ഉപസംഹരിക്കുന്നു.