ബർമിങ്ഹാം : ഇംഗ്ലണ്ടില്‍ പ്രാര്‍ത്ഥന സഫലീകരണത്തിന് നന്ദി സൂചകമായി പൊതു ക്രൈസ്തവ സ്മാരകം ഒരുങ്ങുന്നു. ‘ദ ഇറ്റേണല്‍ വാള്‍ ഓഫ് ആന്‍സേര്‍ഡ് പ്രയര്‍’ എന്നാണ് സ്മാരകത്തിന് പേര് നല്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസികളുടെ പ്രാര്‍ത്ഥന സഫലീകരിച്ചതിന്‍റെ നന്ദി സൂചകമായി നിര്‍മ്മിക്കുന്ന ‘ദ ഇറ്റേണല്‍ വാള്‍ ഓഫ് ആന്‍സേര്‍ഡ് പ്രയര്‍’ എന്ന സ്മാരകത്തിന്‍റെ നിര്‍മ്മാണം ഇംഗ്ലണ്ടില്‍ പുരോഗമിക്കുന്നു. 6 മൈലുകള്‍ക്കപ്പുറം കാണത്തക്ക രീതിയിലാണ് സ്മാരകം നിര്‍മ്മിക്കുന്നത്. ഇതിന്‍റെ നിര്‍മ്മാണം 2026ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.
10 ലക്ഷം ഇഷ്ടികകള്‍ ഉപയോഗിച്ചാണ് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിന് സമീപത്തായി സ്മാരകം നിര്‍മ്മിക്കുന്നത്. ഓരോ ഇഷ്ടികയും വിശ്വാസികളുടെ പ്രാര്‍ത്ഥനയെയാണ് സൂചിപ്പിക്കുന്നതെന്ന് പദ്ധതിക്ക് തുടക്കം കുറിച്ച റിച്ചാര്‍ഡ് ഗാമ്പിള്‍ എന്ന വ്യക്തി വെളിപ്പെടുത്തി. ബിസ്പോക്ക് ആപ്പ് വഴി ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ ഫോണുകള്‍ ഇഷ്ടികയ്ക്ക് സമീപംവെച്ചാല്‍ എന്ത് പ്രാര്‍ത്ഥന നിയോഗമാണ് സാധിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയത് വായിക്കാനും അവസരമുണ്ട്.
ഒരു എന്‍ജിനീയറോ, ആര്‍ക്കിടെക്ടോ ഒന്നുമല്ലാതിരുന്നതിനാല്‍ എങ്ങനെ ഒരു സ്മാരകം പണിയണമെന്ന് ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും, പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 9 വര്‍ഷം മുമ്പ് സ്മാരകത്തിന്‍റെ പണി തുടങ്ങിവയ്ക്കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്ന് പിന്നണി പ്രവർത്തകർ പറയുന്നു. സ്മാരക നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം കണ്ടെത്തിയത്.