നഗരത്തിന്റെ പല സ്ഥലങ്ങളിലും വള്ളങ്ങളേയും പ്രതിഷേധക്കാരെയും പോലീസ് തടഞ്ഞതോടെ സമരം അണപൊട്ടിയൊഴുകി. സമാധാനപരമായി ആരെയും ബുദ്ധിമുട്ടിക്കാതെ പ്രതീകാത്മകമായി യാനങ്ങളും, മത്സ്യത്തൊഴിലാളികളെയുമിറക്കിയുള്ള സമരമായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും, സമരം ആസൂത്രണം ചെയ്തവരെപ്പോലും ഞെട്ടിച്ച് കൊണ്ടുള്ള സമരാവേശത്തിന് നഗര ഹൃദയം സാക്ഷിയായി. ആയിരങ്ങൾ പങ്കെടുത്ത മത്സ്യത്തൊഴിലാളി സമരം പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ഉയർത്തിയ ആവശ്യങ്ങളെ വീണ്ടം ജന ശ്രദ്ധയിലേക്കെത്തിച്ചു.
ഇന്ന് രാവിലെ അഞ്ചുതെങ്ങു നിന്നും മാമ്പള്ളിയിൽ നിന്നും മരിയനാടിൽ നിന്നുമെത്തിയവരെയെല്ലാം സെന്റ് ആൻഡ്രൂസിലും, പള്ളിത്തുറയിലും, ചാക്കയിലുമൊക്കെ മുകളിൽ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് ആദ്യം പോലീസ് തടഞ്ഞിരുന്നു. പ്രത്യേകിച്ച കാരണമൊന്നുമില്ലാതെ അതിജീവനത്തിനായി പൊരുതുന്നവരെ സമരം ചെയ്യാൻ പോലുമനുവദിക്കില്ലെന്ന് അധികാരികൾ കടുംപിടിത്തം പിടിച്ചതോടെ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈഞ്ചക്കൽ ജങ്ഷൻ സമരാനുകൂലികളെക്കൊണ്ട് നിറഞ്ഞു. പോലീസ് വഴിയിൽ തടഞ്ഞ ജനങ്ങൾ പാട്ടും മുദ്രാവാക്യവുമായി ഹൈവേകളും ബൈവേകളും ഉപരോധിച്ചതോടുകൂടി ട്രാഫിക്ക് കൈവിട്ട് പോയെന്ന് മനസ്സിലാക്കി പോലിസ് പരാജയം സമ്മതിച്ചത് .
ബന്ധപ്പെട്ടവരെ അറിയിച്ച് മത്സ്യബന്ധനയാനങ്ങളും മത്സ്യത്തൊഴിലാളികളുമായി നടത്താനുദ്ദേശിച്ച സമാധാനപരമായ സമരത്തെയാണ്, തീവ്രവാദികളോടെന്ന പോലുള്ള നിലപാടെടുത്ത് അട്ടിമറിക്കാൻ ഗവൺമെന്റ് നിർദ്ദേശമനുസരിച്ച് ക്രമസമാധാനപാലകർ ശ്രമിച്ചതെന്നത് വ്യക്തമായിരുന്നു.
വിഴിഞ്ഞത്തു നിന്നുള്ളവരെ അതാതു സ്ഥലത്തുവച്ചും തുടർന്ന് തിരുവല്ലം പാലത്തിനു സമീപം വച്ചുമാണ് പോലീസ് യാത്രാനുമതി നിഷേധിച്ചത്. പൂന്തുറയിൽ നിന്നും യാത്ര തുടങ്ങാൻ പോലും ആദ്യം സമ്മതിച്ചില്ല.
പലസ്ഥലങ്ങളിലും വൈദികർക്കും പോലീസിനോട് കയർക്കേണ്ടിവന്നു. ചിലയിടങ്ങളിൽ പോലീസും, പാർട്ടി അനുഭാവികളും തലേന്നു തന്നെ ലോറിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നതോടെ നേരത്തെ എടുത്ത തീരുമാനമാണിതെന്ന് വ്യക്തമായിരുന്നു. കാരണമൊന്നും പറയാതെ, നേരത്തെ അനുവാദം വാങ്ങി നടത്തുന്ന സമരം ആസൂത്രിതമായ പൊളിക്കാനുള്ള ശ്രമം ഞെട്ടിച്ചുവെന്നും, അപലപിനീയമാണെന്നും അഭി. തോമസ് നെറ്റോ പിതാവ് പറഞ്ഞിരുന്നു.