തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തു രാജത്വ തിരുനാൾ 15 മുതൽ 24 വരെ നടക്കും. 15ന് വെള്ളിയാഴ്ച രാവിലെ 6നും 9നും 11നും കുർബാന, 4.30ന് നടക്കുന്ന ദിവ്യബലിക്ക് അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് രാജപ്പൻ മുഖ്യകാർമികനാകും. തുടർന്നു 6.30ന് ഇടവക വികാരി ഫാ.ഡോ.വൈ.എം.എഡിസൻ തിരുനാൾ കൊടിയേറ്റും.
23ന് വൈകിട്ട് 6.30ന് ക്രിസ്തു രാജ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ശംഖുമുഖത്തേക്കും കൊച്ചുവേളിയിലേക്കും നടത്തും. 24ന് ഞായറാഴ്ച വൈകിട്ട് 5.30ന് തിരുനാൾ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമികത്വം വഹിക്കും. ഞായറാഴ്ച 11 മുതൽ വെട്ടുകാട് സെന്റ് മേരീസ് എച്ച്എസ്എസിൽ 40000 പേർക്ക് സ്നേഹവിരുന്ന് ഒരുക്കും. തിരുനാളിനോടനുബന്ധിച്ച് നിർധനരായ 5 കുടുംബങ്ങൾക്കു വീടുകൾ നിർമിച്ചു നൽകുമെന്നു ഫാ.വൈ.എം.എഡിസൻ അറിയിച്ചു.
മറ്റു ദിവസങ്ങളിൽ വിവിധ സമയങ്ങളിൽ വിവിധ റീത്തുകളിലും ഭാഷകളിലും ദിവ്യബലി, ക്രിസ്തുരാജ പാദപൂജ, വചന വിചിന്തനം, ജപമാല എന്നിവയുണ്ടാകും. കെഎസ്ആർടിസി ദേവാലയത്തിലേക്കു പ്രത്യേക സർവീസുകൾ നടത്തും. നവംബർ 29ന് 5.30ന് ദിവ്യബലിക്ക് ശേഷം കൊടിയിറക്കും.
ശ്രദ്ധേയമായി ചർച്ച് മ്യൂസിയം
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ചർച്ച് മ്യൂസിയം തീർഥാടകരെ ആകർഷിക്കുന്നു. വിവിധ ദേവാലയങ്ങളിൽ നിന്നുശേഖരിച്ച പുരാതന വസ്തുക്കൾ, തൂണുകൾ, മണികൾ, കൈമണികൾ, വിളക്കുകൾ എന്നിവയാണു പ്രധാനമായും മ്യൂസിയത്തിലുള്ളത്. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, മാതാവിന്റെ ഗ്രോട്ടോ, പഴയ പള്ളിയുടെയും ഗോപുരത്തിന്റെയും മാതൃക എന്നിവയുമുണ്ട്. മുൻവർഷങ്ങളിൽ പ്രദക്ഷിണത്തിന് ഉപയോഗിച്ച ക്രിസ്തു രാജ തിരുസ്വരൂപം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ചുള്ള ചാപ്പലിൽ 200 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. നിത്യാരാധനാലയവും ഇതോടൊപ്പമുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാണു മ്യൂസിയത്തിന്റെ പ്രവർത്തനം.