ലത്തീൻ കത്തോലിക്കരും സാമൂഹിക – രാഷ്ട്രീയ നേതൃത്വവും എന്ന വിഷയാടിസ്ഥാനത്തിൽ അതിരൂപതയൊരുക്കിയിരിക്കുന്ന ഏകവർഷ പാഠ്യപദ്ധതിയുടെ രണ്ടാമത്തെ സെഷൻ ഇന്ന് വെള്ളയമ്പലം ടി. എസ്. എസ്. എസ് ഹാളിൽ നടന്നു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടന്ന പരിശീലന പരിപാടിയിൽ മത്സ്യതൊഴിലാളികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങളെന്ന വിഷയത്തിൽ ശ്രീ. ഇഗ്നെഷ്യസ് മൺട്രോയും മത്സ്യമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ശ്രീ. ടിറ്റോയും ക്ലാസുകൾ നയിച്ചു.
മെയ് മാസം 13-ആം തിയതി വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ചായിരുന്നു ആദ്യ സെഷൻ. 2023 മെയ് മുതൽ 2024 ഏപ്രിൽ വരെ വെള്ളയമ്പലത്തു വച്ച് നടക്കുന്ന ഏകവർഷ പഠന പരിശീലന പരിപാടിയിൽ 18- നും 40-നും മധ്യേ പ്രായമുള്ള 60 പേരാണ് പങ്കുകാരാവുന്നത്. പ്രതിജ്ഞാബദ്ധരായ ലത്തീൻ കത്തോലിക്ക നേതാക്കളെ സാമൂഹിക – രാഷ്ട്രീയ നേതൃത്വത്തിലേക്ക് രൂപപ്പെടുത്തുക, വൈകാരികവും മാനസികവും ബൗദ്ധികവുമായ വികാസവും പക്വതയും ആർജിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള നേതൃത്വം സൃഷ്ടിക്കുകയെന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമാക്കുന്നത്. വിവിധ ശുശ്രൂഷകളുടെയും സമുദായ സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് കോഴ്സ് നടത്തപ്പെടുന്നത്.