വത്തിക്കാൻ: 1223 ൽ യേശുവിന്റെ ജനനനിമിഷങ്ങളെ ജീവനുള്ള കഥാപാത്രങ്ങളെ കൊണ്ട് ഇറ്റലിയിലെ ഗ്രെച്ചോയിൽ വിശുദ്ധ ഫ്രാൻസിസ് ആദ്യമായി പുനരാവിഷ്ക്കരിച്ചതിന്റെ എണ്ണൂറാം വാർഷികത്തിൽ, പുൽക്കൂട്ടിൽ വിവിധങ്ങളായ കഥാപാത്രങ്ങളുടെ ഔന്നത്യവും, വൈശിഷ്ട്യതയും എടുത്തുകാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ രചിച്ച എന്റെ പുൽക്കൂട്(il mio presepe) ഗ്രന്ഥം നവംബർ മാസം ഇരുപത്തിയൊന്നാം തീയതി ചൊവ്വാഴ്ച്ച പ്രകാശനം ചെയ്തു. പത്രോസിനടുത്ത തന്റെ അജപാലനശുശ്രൂഷയുടെ വിവിധ അവസരങ്ങളിൽ യേശുവിന്റെ ജനനരംഗത്തെ സംബന്ധിച്ചും, പുൽക്കൂട്ടിലെ പല കഥാപാത്രങ്ങളെ സംബന്ധിച്ചും നടത്തിയ ചിന്തകളെയും, പ്രസംഗങ്ങളെയും, ധ്യാനങ്ങളെയുമൊക്കെ ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
യേശുവിന്റെ ജനനരംഗത്തിനും അതിലെ കഥാപാത്രങ്ങൾക്കും ഇന്നത്തെ ജീവിതവുമായുള്ള അഭേദ്യമായ ബന്ധത്തെ പുസ്തകം എടുത്തു കാണിക്കുന്നു. ഇന്നും പുനരാവിഷ്കരിക്കുന്ന ബെത്ലെഹെമിലെ രാത്രിരംഗം എല്ലാവരുടെയും, അവിശ്വാസികളുടെപോലും ഹൃദയങ്ങളെ സ്പർശിക്കാൻ ഉതകുന്നതാണെന്ന് പുസ്തകത്തിൽ പറയുന്നു. ഇപ്രകാരം സമൂഹത്തിൽ സാഹോദര്യം, സൗഹൃദം, വിനയം, സമാധാനം എന്നീ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുവാൻ ഇന്നും യേശുവിന്റെ ജനനാവിഷ്കാരത്തിനു സാധിക്കുമെന്നും അടിവരയിടുന്നു.
യേശു, മറിയം, യൗസേപ്പ്, മാലാഖമാർ, ഇടയന്മാർ, രാജാക്കന്മാർ , നക്ഷത്രം, പുൽത്തൊട്ടി എന്നിങ്ങനെ ഓരോ വ്യക്തിത്വങ്ങളും, ആഴത്തിലുള്ള ധ്യാനത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു.ദാരിദ്ര്യത്തിലും, ആർദ്രതയിലും ഓരോ മനുഷ്യനും വേണ്ടി സ്വയം സമർപ്പിക്കുന്ന ദൈവസ്നേഹത്തിന്റെ ആഴവും, അർത്ഥവും കണ്ടെത്തുവാൻ പാപ്പാ തന്റെ രചനയിലൂടെ എല്ലാവരെയും ക്ഷണിക്കുന്നു.