തിരുവനന്തപുരം: ആനി മസ്ക്രീൻ ജന്മദിനവും കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ സ്ഥാപകദിനവും ആഘോഷിച്ചു. ജൂൺ 6 വെള്ളിയാഴ്ച രാവിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഹാളിൽ നടന്ന ചടങ്ങിൽ KLCWA രൂപത പ്രസിഡന്റ് ശ്രീമതി ജോളി പത്രോ സ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ചൂഷണത്തിന് വിധേയരാകരുതെന്നും എല്ലാ മേഖലകളിലും അവർ സുരക്ഷിതരായിരിക്കണമെന്നും കളക്ടർപറഞ്ഞു.
സാമൂഹ്യനീതിയിലധിഷ്ഠിതമായ രാഷ്ട്ര നിർമ്മാണം നടത്തുന്നതിന് ആനി മസ്ക്രീൻ മാതൃകയാണെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് ജ്. നെറ്റോ പറഞ്ഞു. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യുജിൻ എച്ച് പെരേര, അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ, പാളയം ഇടവക വികാരി മോൺ.വില്‍ഫ്രണ്ട് ഇ, ഫാ. കോസ്മോസ് തോപ്പിൽ, ഫാ. സെബാസ്റ്റ്യൻ കളമ്പാടൻ, വിമല സ്റ്റാൻലി, ഷേർളി സ്റ്റാൻലി, മെററിൾഡ മൈക്കിൾ, നക്ഷത്ര സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

1902-ൽ ലത്തീൻ കത്തോലിക്ക കുടുംബത്തിൽ ഗബ്രിയേൽ മസ്ക്രീൻ, മറിയം എന്നീ ദമ്പതികളുടെ മകളായി ജൂൺ 6-നാണ് ആനി മസ്ക്രീൻ ജനിച്ചത്. കാൽ നൂറ്റാണ്ടിലധികംകാലം തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ രംഗത്ത് ഉറച്ച നിലപാടുകളോടെ നിലകൊണ്ട ധീര വനിതയാണ് ആനി മസ്ക്രീൻ. തിരുവിതാംകൂർ അസംബ്ലിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിത, തിരുകൊച്ചിയിലെ ആദ്യ വനിതാ മന്ത്രി, ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ അംഗം, ഭരണഘടനയുടെ കരട് രേഖയിൽ ഒപ്പിട്ട ആദ്യ തിരുവിതാംകൂർ സമാജിക, തെക്കേ ഇന്ത്യയിൽനിന്നും ഇന്ത്യയുടെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ സമാജിക, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക വനിത, തിരുവിതാംകൂറിൽനിന്നും ഉത്തരവാദ ഭരണസമരത്തിൽ ഏറ്റവുമധികകാലം ജയിൽവാസം അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ രാഷ്ട്രീയ സേവനം നൽകിയ ആനി മസ്ക്രീനിന്റെ ജീവിതം ഏവർക്കും പ്രചോദനമേകുന്നതാണ്.