അഞ്ചുതെങ്ങ്: ജൂബിലി വർഷത്തിൽ കുടുംബങ്ങൾക്ക് പ്രത്യാശ പകർന്ന് വീണ്ടെടുപ്പ് സാധ്യാമാക്കാൻ കുടുംബ പ്രേഷിത ശുശ്രൂഷ അഞ്ചുതെങ്ങ് ഇടവകയിൽ നടത്തുന്ന പ്രഥമ ഫാമിലി അഗാപ്പേ പ്രവർത്തനങ്ങൾ അഞ്ച് ദിനങ്ങൾ പിന്നിട്ടു. അഞ്ചാം ദിനത്തിൽ പതിവുപോലെ രാവിലെ 9 മണിക്ക് ജീവിതത്തിൽ വെല്ലുവിളികളും മാനസിക സംഘർഷങ്ങളിലും കടന്നുപോകുന്നവർക്കായുള്ള കൗൺസിലിംഗും കുമ്പസാരവും നടന്നു. അതേസമയം കുടുംബ ശുശ്രൂഷ വോളന്റിയേഴ്സ് മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടവരെ സന്ദർശിച്ച് പ്രത്യാശ പകരുകയും ലഹരിയിൽ നിന്നുള്ള വിമോചനത്തിനായുള്ള മാർഗ്ഗങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
ഇടവക ദേവാലയത്തിൽ ഗർഭിണികൾക്കും അവരെ പരിചരിക്കുന്നവർക്കും ആത്മീയ, മാനസിക, ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനായി നടന്ന് എലീശ്വാ ധ്യാനത്തിന് ഫാ. കാർവിൻ നേതൃത്വം നൽകി. ഉച്ചയ്ക്ക് വയോധികരുടെ ഫോറം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ കൂടിവരവും ശാക്തീകരണ ക്ലാസ്സും നടന്നു. വൈകുന്നേരം നടന്ന ദിവ്യബലി ക്രമീകരണങ്ങൾക്ക് വയോധികർ നേതൃത്വം നൽകി. തുടർന്ന് കപ്പുച്ചിൻ വൈദികരുടെ നേതൃത്വത്തിൽ കുടുംബനവീകരണ ധ്യാനവും നടന്നു.