മുട്ടത്തറ: ബി.സി.സി കമ്മീഷന്റെ നേതൃത്വത്തില്‍ വിവിധ ശുശ്രൂഷാ സമിതികളെ കോര്‍ത്തിണക്കിക്കൊണ്ട് നടന്നുവരുന്ന കുടുംബകേന്ദ്രീകൃത അജപാലന യജ്ഞം (ഹോം മിഷൻ) മുട്ടത്തറ പ്രതീക്ഷ ഫ്ളാറ്റ് സമുച്ചയത്തില്‍ മാർച്ച് 17-ന് ആരംഭിക്കും. വലിയതുറ സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെയും കൊച്ചുതോപ്പ് ഫാത്തമിമാതാ ദേവാലയത്തിലെയും 8 ബി.സി.സി. യൂണിറ്റുകളിലെ 250 ഓളം വിശ്വാസികള്‍ക്കായാണ് ഹോം മിഷന്‍ സംഘടിപ്പിക്കപ്പെടുന്നത്.
സാധാരണയായി ഇടവകകള്‍ കേന്ദ്രീകരിച്ചാണ് കുടുംബകേന്ദ്രീകൃത അജപാലന യജ്ഞം നാളിതുവരെ നടന്നുവന്നതെങ്കിലും ഫെറോന വികാരി ഫാ. സാബാസ് ഇഗ്നേഷ്യസിന്‍റെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് രണ്ട് ഇടവകാംഗങ്ങൾ അധിവസിക്കുന്ന ഒരു പ്രദേശം കേന്ദ്രീകരിച്ച് നടത്തുന്നത്. മാർച്ച് 10-ന് നടന്ന മുന്നൊരുക്ക ആലോചന യോഗത്തില്‍ വലിയതുറ ഇടവക വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ്, കൊച്ചുതോപ്പ് ഇടവക വികാരി ഫാ. ബിജിന്‍ ബസിലി, അതിരൂപത ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേല്‍ ആര്‍., വലിയതുറ ഇടവക സഹവികാരി ഫാ. സഫിന്‍ ഐശന്‍, ഡീക്കന്‍ വിഗില്‍ ഫ്ളാറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്, കുരിശടി കണ്‍വീനര്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍, ഇടവക കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു. അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസ് പിതാവിന്റെ ദിവ്യബലിയോടെ മാര്‍ച്ച് മാസം 23-ാം തീയതി ഹോം മിഷന്‍ സമാപിക്കും.