- കടലിലെ നേരിയമാറ്റംപോലും മത്സ്യസമ്പത്തിനെ ബാധിക്കും. അപ്പോൾ അടിത്തട്ടാകെ ഇളക്കിമറിച്ചാലോ? കടലിലെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുമെന്ന് നിസ്സംശയം പറയാം
- കടലിൽ മാത്രമല്ല, തീരത്തും ഖനനം കെടുതികൾ സൃഷ്ടിക്കും.തിരമാലകളെ തടുത്തുനിർത്തുന്ന മണൽത്തിട്ടകൾ ക്രമേണ നഷ്ടമാകുന്നതോടെ കടലാക്രമണം രൂക്ഷമാകും
- കേന്ദ്ര സർക്കാരിന്റെ വിവാദ കടൽമണൽ ഖനനപദ്ധതി അതേപടി നടപ്പാക്കിയാൽ കേരളതീരത്ത് കാത്തിരിക്കുന്നത് എന്തൊക്കെയാണ്? വിദഗ്ധർ പറയുന്നു
കേരളക്കരയാകെ ഇളക്കിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവാദ കടൽമണൽ ഖനനപദ്ധതി അതേപടി നടപ്പാക്കിയാൽ കടലിന്റെ അടിത്തട്ടാകെ കലങ്ങിമറിയുമെന്നു സമുദ്രശാസ്ത്രജ്ഞർ. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതങ്ങൾ മത്സ്യസമ്പത്തിന്റെ വൻശോഷണത്തിനു കാരണമാകുമെന്ന പഠന റിപ്പോർട്ടുകളും നിലവിലുണ്ട്. അപ്പോഴും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾക്ക് ഉത്തരം നൽകാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണു കേന്ദ്രസർക്കാർ. രാജ്യത്താദ്യമായി സ്വകാര്യ കമ്പനികൾ കടലിൽനിന്നു മണലെടുക്കാൻ പോകുന്നതു കേരളത്തിലാണ്.
കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതം കടലിലെ സൂക്ഷ്മ സസ്യ– ജന്തു ജാലങ്ങളെ പാടേ ഇല്ലാതാക്കുമെന്ന്, കേന്ദ്ര സഹായത്തോടെ കേരള ഫിഷറീസ് –സമുദ്ര പഠന സർവകലാശാല (കുഫോസ്) 2002–2006 കാലയളവിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കടൽ കലങ്ങുമ്പോൾ മത്സ്യങ്ങൾക്കു പ്രാണവായു കുറയും. കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഇളകിമറിഞ്ഞു വീണ്ടും അടിത്തട്ടിൽ ചെന്നടിയും. ചെളി ഇളകുന്നതോടെ പ്രകാശസംശ്ലേഷണം നടക്കാതെ, മത്സ്യങ്ങളുടെ ഭക്ഷ്യശ്രേണിയിൽപ്പെട്ട സൂക്ഷ്മ ജീവികൾ അഥവാ ബെന്തോസ് അധിവസിക്കുന്ന മേഖല (Benthic zone) തകിടം മറിയും. മത്സ്യങ്ങളുടെ പ്രജനനമേഖല ഇല്ലാതായി മത്സ്യസമ്പത്ത് ഗണ്യമായി കുറയുമെന്നും പഠനത്തിൽ കണ്ടെത്തി.
1960–65 കാലത്ത് ഇന്ത്യ– നോർവേ പദ്ധതിയുടെ ഭാഗമായി നടന്ന പഠനങ്ങളിലാണു കൊല്ലം പരപ്പ് എന്ന മത്സ്യസങ്കേതം കണ്ടെത്തുന്നത്. പിന്നീട് ഈ മേഖലയിൽ കുഫോസിന്റെ പഠനത്തിന്റെ ഭാഗമായി ട്രോളിങ് നടത്തിയപ്പോൾ ഒരു മണിക്കൂറിനുള്ളിൽ 10,000 കിലോഗ്രാം കിളിമീനാണു വലയിൽ കുടുങ്ങിയത്! 16 ഇനം ചെമ്മീനുകളുടെ ആവാസകേന്ദ്രമാണിത്. കൊല്ലം പരപ്പ് കണ്ടെത്തിയശേഷമാണു വാണിജ്യാടിസ്ഥാനത്തിലുള്ള ചെമ്മീൻ കയറ്റുമതി ആരംഭിച്ചതുതന്നെ. പരവ, ചാള, അയല, മത്തി, വേളാപ്പാര, വാള… എണ്ണിയാലൊടുങ്ങാത്ത മത്സ്യയിനങ്ങളാൽ സമൃദ്ധമാണ് ഈ പരപ്പ്.
കടലിൽ മാത്രമല്ല, തീരത്തും ഖനനം കെടുതികൾ സൃഷ്ടിക്കും. തിരമാലകളെ തടുത്തുനിർത്തുന്ന മണൽത്തിട്ടകൾ ക്രമേണ നഷ്ടമാകും. ഈ പ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2030 ആകുമ്പോഴേക്കും സമുദ്രത്തിന്റെ 30% സംരക്ഷിതമേഖലയായി നിലനിർത്തുമെന്ന സമുദ്ര ഉടമ്പടിയിൽ യുഎൻ അംഗരാജ്യങ്ങളെല്ലാം ഒപ്പു വച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇക്കാര്യം മറന്ന് കച്ചവടത്തിനായി കടൽ തുറന്നിടുകയാണെന്നതാണു കേന്ദ്ര സർക്കാർ നേരിടുന്ന പ്രധാന ആരോപണം. പരിസ്ഥിതി ആഘാതപഠനം നടത്താതെയുള്ള ഖനനം കടലിന്റെ സ്വാഭാവിക പരിസ്ഥിതിയെ തകിടം മറിക്കുമെന്നു സമുദ്ര ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു
കടപ്പാട്: ജയചന്ദ്രൻ ഇലങ്കത്ത്, മനോരമ