അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ ശാക്തീകരണത്തിനും വീണ്ടെടുപ്പിനുമായി ഒരു ആഴ്ച നീണ്ടുനിൽക്കുന്ന കർമ്മപരിപാടികളുമായി ‘ഫാമിലി അഗാപ്പേ’ അഞ്ചുതെങ്ങ് ഇടവകയിൽ മാർച്ച് 9 മുതൽ 16 വരെ നടക്കും. കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ‘ഫാമിലി അഗാപ്പേ’ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. അതിരൂപത ബിസിസി കമ്മിഷൻ നടത്തിയ ഹോം മിഷന്റെ തുടർപ്രവർത്തനമായാണ് കുടുംബപ്രേഷിത ശുശ്രൂഷ ഫാമിലി അഗാപ്പേ എന്ന പേരിൽ കുടുംബങ്ങളുടെ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്.
ജൂബിലി വർഷത്തിൽ എല്ലാ കുടുംബങ്ങളെയും കേട്ടുകൊണ്ട് പ്രത്യാശയുടെ തീർഥാടകരാക്കാനുള്ള പരിശ്രമമാണ് ഫാമിലി അഗാപ്പേയിൽ ലക്ഷ്യം വയ്ക്കുന്നതെന്ന് കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ് പറഞ്ഞു. ഈ പരിപാടിയിൽ അഞ്ചുതെങ്ങ് ഇടവകയിൽ ഒരാഴ്ചക്കാലം കുടുംബ നവീകരണ ധ്യാനം, ദിവ്യബലി, കൗൺസിലിംഗ്, കുമ്പസാരം, പ്രത്യേക ശ്രദ്ധവേണ്ടവരുടെ സന്ദർശനം, ഗർഭിണികൾക്കും അവരെ പരിചരിക്കുന്നവർക്കും വേണ്ടി നടത്തുന്ന എലീശ്വാ ധ്യാനം, കുടുംബശാക്തീകരണ ക്ലാസ്സുകൾ, സെമിനാറുകൾ, മാധ്യമ മുക്ത കുടുംബ മണിക്കൂർ ക്യാമ്പയിൻ, യുവജനങ്ങൾക്കും കൗമാരകാർക്കും വേണ്ടിയുള്ള ഇൻസ്പയറിംഗ് അഥവാ ലൈഫ് പ്രിപ്പറേഷൻ കോഴ്സ് , ആർ. സി മാട്രി മോണിയൽ ക്യാമ്പയിൻ, വിളംബര റാലി, തെരുവ് നാടകം എന്നിവ നടക്കും.
ഏകസ്ഥർ, ഭിന്നശേഷിക്കാർ (കേൾവി – സംസാര ബുദ്ധിമുട്ടുള്ളവർ, കാഴ്ച പരിമിതർ, ഓട്ടിസം – മാനസിക വെല്ലുവിളി നേരിടുന്നവർ, അംഗപരിമിതർ…), കിടപ്പ് രോഗികൾ – രോഗികൾ, വിധവകൾ – വിഭാര്യർ, തകർന്ന കുടുംബങ്ങൾ, കൗദാശിക ജീവിതത്തിൽനിന്നും അകന്നു ജീവിക്കുന്നവർ, ദേവാലയവുമായി അകന്നു ജീവിക്കുന്നവർ, മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടവർ എന്നിവരെ സനദ്ധപ്രവർത്തകർ നേരിൽ സന്ദർശിക്കും. കൂടാതെ വിവിധ ഫോറങ്ങളുടെ രൂപീകരണവും, വിവാഹ ജീവിതത്തിൽ 25-ഉം 50-ഉം വർഷം പൂർത്തിയാക്കിയ ജൂബിലി ദമ്പതികളെ ആദരിക്കും. സമാപന ദിവ്യബലിക്ക് അഭിവന്ദ്യ സൂസപാക്യം പിതാവ് മുഖ്യകാർമികത്വം വഹിക്കും. ഫാമിലി അഗാപ്പേയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ അഞ്ചുതെങ്ങ് ഇടവകയിൽ ഇടവക വികാരി ഫാ. സന്തോഷിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.