പുതിയതുറ: 1997ൽ കേരള ജീസസ് യൂത്ത് മുന്നേറ്റം പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ Cultural Exchange Program ന് തുടക്കം കുറിച്ചു. നമ്മുടെ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദിവാസി, നഗര, ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കളെ ഒരുമിച്ച് കൊണ്ടുവരുകയും തങ്ങളിലെ ( അതിഥികളുടെയും ആതിഥേയരുടെയും) ക്രിസ്തീയ വിശ്വാസം പരിപോഷിപ്പിച്ച് ആത്മീയ ജീവിതത്തിൽ വളർച്ച കൈവരിക്കുകയും സുവിശേഷ വൽക്കരണത്തിൽ സഭയുടെ ഭാഗമായി മാറാൻ തങ്ങളെ തന്നെ ഒരുക്കുകയാണ് Cultural Exchange ന്റെ ലക്ഷ്യം.
2024 ഡിസംബർ 13 നു ചാലക്കുടി ഡിവൈൻ റിട്രീറ്റ് സെന്ററിൽ രാജ്യത്തിന്റെവിവിധഭാഗങ്ങളിൽ നിന്നെത്തിയ 250 ഓളം യുവജനങ്ങൾ രണ്ടു ദിവസത്തെ ഓറിയന്റേഷനിലും ഡിസംബർ 15 മുതൽ 20 വരെ ധ്യാനത്തിലും പങ്കെടുത്തു. തുടർന്ന് കേരളത്തിലെ വിവിധ ജീസസ് യൂത്ത് സോണുകൾ അവരുടെ മിഷൻ സ്ഥലങ്ങളിൽ നിന്ന് വന്ന യുവജനങ്ങളെ അവരുടെ സോണുകളിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ജീസസ് യൂത്തിന്റെ മിഷൻ സംസ്ഥാനമായ ഛത്തീസ്ഗഡിലെ 16 യുവജനങ്ങൾ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പുതിയതുറ ഇടവകയിൽ ഡിസംബർ 20 ആം തീയതി എത്തിച്ചേർന്നു.
![](https://archtvmnews.com/wp-content/uploads/2025/01/WhatsApp-Image-2025-01-04-at-19.20.08_5f163438-1024x473.jpg)
ഇടവക വികാരി റവ. ഡോ. ഗ്ലാഡിൻ അലക്സ്സും സഹവികാരി റവ. ഫാ. ഫ്രെഡി വർഗീസും ഇടവകയുടെ നാമത്തിൽ ഇവരെ സ്വാഗതം ചെയ്തു. ഇടവകയിലെ തന്നെ ജീസസ് യൂത്ത് ഫാമിലി മിനിസ്ട്രിയിലെ 6 ഭവനങ്ങളിലാണ് ഇവർക്കായുള്ള താമസം ഒരുക്കിയത്. തുടർന്നുള്ള നാളുകളിൽ പുതിയതുറയിലെയും പുല്ലുവിളിയിലെയും ജീസസ് യൂത്ത് കൂട്ടായ്മകളിലും ബിസിസി-കളിലും കോൺവെന്റുകളിലും കൊച്ചുതുറ മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപനമായ ശാന്തിഭവനും (old age home) ഇവർ സന്ദർശിച്ചു. നമ്മുടെ ഇടവകകളിലെ ക്രിസ്തീയ വിശ്വാസം എപ്രകാരമാണ് ജീവിക്കുന്നതെന്ന് മനസിലാക്കുകയും ചെയ്തു. ഇടവകയിലെ മതബോധന ക്ലാസുകളിലും ക്രിസ്തുമസ് റാലിയിലും ഇവർ അവതരിപ്പിച്ച സാംസ്കാരിക കലാപരിപാടികൾ ഇവരുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു. ഡിസംബർ 25ന് കർത്താവിന്റെ തിരുപിറവി ദിവസം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും അവർ താമസിച്ചിരുന്ന വീട്ടിലെ കുടുംബങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുകയും ചെയ്തു. ഡിസംബർ 26ന് വി. ദേവസഹായം പിള്ളയുടെ സാന്നിധ്യം തുടിക്കുന്ന നട്ടാലം, കാറ്റാടിമല എന്നിവിടങ്ങളും തുടർന്ന് കോട്ടാറും കന്യാകുമാരിയും സന്ദർശിച്ചു. പിറ്റേദിവസം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റവ. ഡോ. ക്രിസ്തുദാസ് പിതാവിനെ സന്ദർശിച്ച് തങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്തു. ഡിസംബർ 28 മുതൽ 31 വരെ ഇരിഞ്ഞാലക്കുട സോണിൽ കൂടിയ 250 ഓളം വരുന്ന യുവജനങ്ങളുടെ ഭാഗമായി ഇവർ മാറുകയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും തങ്ങൾ സ്വീകരിച്ച വിശ്വാസത്തിന്റെ ആർജ്ജവത്തോടെ ഡിസംബർ 31നു തിരികെ നാട്ടിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്തു.