വെള്ളയമ്പലം: 2024 വർഷത്തെ സമർപ്പിതരുടെ ദിനാചരണത്തിന്റെ ഭാഗമായി സമർപ്പിത സംഗമം നടന്നു. ഫെബ്രുവരി 17 ശനിയാഴ്ച വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ 260-ലധികം സമർപ്പിതർ പങ്കെടുത്തു. യുവജന ശുശ്രൂഷ ഈ കാലഘട്ടത്തിൽ എന്ന വിഷയത്തിന്മേൽ ഫാ. ഡൊമനിക് SDB യും സഭാ സമൂഹത്തിൽ സമർപ്പിതരുടെ പങ്കെന്ത്? എന്ന വിഷയിത്തെ ആസ്പദമാക്കി അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവും സമർപ്പിതർക്കായി നടത്തിയ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന ദിവ്യബലിക്ക് അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപൊലീത്ത മുഖ്യകാർമികത്വം വഹിച്ചു.
യുവജന പങ്കാളിത്തം സജീവമാകാൻ അവരെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറണമെന്നും, ഉപദേശകരാവാതെ അവരോടൊപ്പം നടക്കുന്ന സന്യസ്തരെയും വൈദികരെയുമാണ് യുവജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഫാ. ഡൊമനിക് SDB പറഞ്ഞു. എമ്മാവൂസ് അനുഭവങ്ങൾ യുവജനങ്ങൾ നമ്മിൽ നിന്നും ആഗ്രഹിക്കുന്നൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തുവിൽ രൂപീകൃതമായ സഭയിൽ യുവജനങ്ങളുടെ സാനിധ്യം സജീവമായി വേണം. അതിനായി അവരെ മുൻ നിരയിൽ കൊണ്ടുവരാനുള്ള സാഹചര്യം നമ്മൾ ഒരുക്കുന്നുണ്ടോയെന്ന ആത്മപരിശോധന നാമോരോരുത്തരും നടത്തണമെന്ന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പറഞ്ഞു. 2024 കേരള സഭ യുവജന വർഷമായി ആചരിക്കുന്ന ഈ വേളയിൽ യുവജനങ്ങളെ ചേർത്ത്പിടിക്കുന്ന കർമ്മപരിപാടികൾ സഭയുടെ എല്ലാ തലങ്ങളിലും നടക്കണമെന്ന് കെസിബിസി യുവജന കമ്മിഷൻ സെക്രട്ടറി കൂടിയായ ക്രിസ്തുദാസ് പിതാവ് ആഹ്വാനം ചെയ്തു.
ചുങ്കക്കാരനായ മത്തായിയെപ്പോലെ ഒരോ സമർപ്പിതരും എല്ലാം ഉപേക്ഷിച്ച് വിളിയുടെ പൊരുളറിഞ്ഞ് ക്രിസ്തുവിനെ അനുഗമിക്കുന്നവരാകണമെന്ന് തന്റെ വചന സന്ദേശത്തിൽ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപൊലീത്ത പറഞ്ഞു.