മൺവിള: തെരുവിന്റെ മക്കളെ ദൈവമക്കളാക്കുന്ന ‘SADHANA’ റിന്യൂവൽ സെന്റർ അതിന്റെ 18-ാം വാർഷികം ആഘോഷിച്ചു. തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. “എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്” എന്ന സുവിശേഷ ഭാഗം ഓർമ്മപ്പെടുത്തി സാധനയിലെ അന്തേവാസികളിലും ദൈവത്തെ ദർശിച്ചുകൊണ്ട് അവരെ പരിചരിക്കുന്നവർ, അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സുമനസ്സുകൾ, ഇവയെല്ലാം ഏകോപിപ്പിക്കുന്ന സെന്ററിന്റെ നടത്തിപ്പുകാർ ഇവരെയെല്ലാം തന്റെ പ്രസംഗത്തിൽ അഭിവന്ദ്യ മെത്രാപൊലീത്ത അഭിനന്ദിക്കുകയും നന്ദിയർപ്പിക്കുകയും ചെയ്തു.
ഫാ. അലക്സ് പീറ്റർ സ്വാഗതമേകിയ സമ്മേളനത്തിൽ ശ്രീ. ഡൈനീഷ്യസ്, വാർഡ് മെമ്പർ ശ്രീമതി നൈജ എന്നിവർ ആശംസകളർപ്പിച്ചു. സെന്ററിന്റെ ഡയറക്ടർ ഫാ. റോബിൻസൺ കൃതജ്ഞതയേകി. തുടർന്ന് ജൂബിലി നഴ്സിംഗ് കോളേജിലെയും, ബോയ്സ് സെന്ററിലെ വിദ്യാർത്ഥികളും, ഒബ്ലേറ്റ്സ് സിസ്റ്റേഴ്സും അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.