കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, മണിപ്പൂർ ഇംഫാൽ അതിരൂപത ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൻ, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസ, കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. പോൾ മൂഞ്ഞേലി മണിപ്പൂരിലെ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
കലാപബധിത പ്രദേശങ്ങൾ സന്ദർശിച്ച സംഘം വഴിയിൽ വിവിധ സ്ഥലങ്ങളിലെ സ്വകാര്യ വീടുകൾ, പള്ളികൾ/ആരാധനാലയങ്ങൾ, സ്‌കൂളുകൾ, സ്ഥാപനങ്ങൾ എന്നിവ വലിയ തോതിൽ നശിപ്പിച്ചിരിക്കുന്നതായി കണ്ടു. 1000-ലധികം കുടുംബങ്ങൾ താമസിച്ചിരുന്ന സുഗ്നുവിൽ വീടുകളും വസ്തുവകകളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. കുക്കി-സോ, നാഗ, മെയ്തേയ് തുടങ്ങി എല്ലാ സമുദായങ്ങൾക്കും വിദ്യാഭ്യാസപരവും സാമൂഹികവും വികസനപരവുമായ സേവനം നൽകിയ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂളും ഇടവകയും നശിപ്പിച്ചു. കാഞ്ചിപ്പൂരിലെ കാത്തലിക് സ്‌കൂൾ കാമ്പസിലെ ഹോളി റിഡീമർ ചർച്ച്, റീജിയണൽ പാസ്റ്ററൽ ട്രെയിനിംഗ് സെന്റർ, സംഗൈപ്രൗവിലെ സെന്റ് പോൾസ് ഇടവക എന്നിവയും പൂർണമായി നശിച്ചു. കലാപബാധിതരായ കുട്ടികളുടെ ഉത്കണ്ഠയും വിഷമവും വ്യക്തമായി കാണാൻ കഴിയും, ഈ സമയത്ത് നമുക്ക് എങ്ങനെ മികച്ച കമ്മ്യൂണിറ്റികളും സ്ഥാപനങ്ങളും കെട്ടിപ്പടുക്കാം എന്നതിന് ഉത്തരമില്ല.
ഈ പരാധീനതകൾക്കിടയിൽ, ഈ സ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്തവരുടെ യഥാർത്ഥ അവസ്ഥയും അവരുടെ മക്കളുടെ ഭാവിയും എന്തായിരിക്കുമെന്ന് ഞങ്ങൾ ഒരുപോലെ ആശങ്കാകുലരാണെന്ന് സന്ദർശനം നടത്തിയവർ പറഞ്ഞു. കച്ചിങ്ങിലെ ഇൻഡോർ സ്റ്റേഡിയത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ കുടിയിറക്കപ്പെട്ടവർക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ സംഘം വിതരണം ചെയ്യുകയും പുഖൗവിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സിബിസിഐയുടെ മാനുഷിക പ്രതികരണ സംഘടനയായ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ് (സിആർഎസ്), ഇംഫാൽ അതിരൂപതയുടെ സോഷ്യൽ സർവീസ് വിംഗായ രൂപത സോഷ്യൽ സർവീസസ് സൊസൈറ്റി (ഡിഎസ്എസ്എസ്) എന്നിവയുമായി സഹകരിച്ച് ദുരിതാശ്വാസ ക്യാമ്പുകളെ സഹായിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ കണക്കനുസരിച്ച് കാരിത്താസ് ഇന്ത്യ മൂന്ന് കോടിയുടെ ദുരിതാശ്വാസ സഹായം നൽകി. മണിപ്പൂരിൽ നീണ്ടുനിൽക്കുന്ന അക്രമസംഭവങ്ങളിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ടെന്നും, എല്ലാത്തരം അക്രമങ്ങളെയും അതിക്രമങ്ങളെയും ആക്രമണങ്ങളെയും ഞങ്ങൾ അപലപിക്കുന്നെന്നും സന്ദർശനം നടത്തിയവർ പ്രതികരിച്ചു.
അക്രമം നിയന്ത്രിക്കുന്നതിൽ നിയമ നിർവ്വഹണ ഏജൻസികളുടെ നീണ്ട നിശ്ശബ്ദതയിലും നിസ്സംഗതയിലും ഞങ്ങൾ ഒരുപോലെ ആശങ്കാകുലരാണ്. ഭരണസംവിധാനം നമ്മുടെ രാജ്യത്തിന്റെ മതേതര ഘടന ഉയർത്തിപ്പിടിക്കുകയും ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും വിവിധ സമുദായങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തിന്റെ അന്തരീക്ഷം വളർത്തിയെടുക്കുകയും ചെയ്യണമെന്നത് ഞങ്ങളുടെ ആത്മാർത്ഥമായ അഭ്യർത്ഥനയാണ്. ഇന്ത്യയിലും പ്രത്യേകിച്ച് മണിപ്പൂർ സംസ്ഥാനത്തും സമാധാനവും ഐക്യവും കൊണ്ടുവരുന്നതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സംഭാഷണ പ്രക്രിയയിലേക്ക് പ്രവേശിക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നതായി സിബിസി ഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി.