തിരുവനന്തപുരം: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾക്കെതിരെ അതിരൂപത കെ എൽ. സി. ഡബ്ലിയു. എ – യുടെയും സാമൂഹ്യശുശ്രൂഷ സ്ത്രീക്കൂട്ടായ്മയുടെയും നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും, ധർണ്ണയും നടത്തി. കലാപം തുടങ്ങി മൂന്ന് മാസങ്ങളാവുമ്പോഴും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അക്രമം അവസാനിപ്പിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായി ശ്രമങ്ങൾ നടത്താത്തതിനെതിരെയും സ്ത്രീകൾ മാനഭംഗത്തിന് ഇരയാകുന്നതിനെതിരെയുമാണ് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കെ. എൽ. സി. ഡബ്ലിയു. എ- രൂപത പ്രസിഡന്റ് ശ്രീമതി. ജോളി പത്രോസിന്റെയും സാമൂഹ്യശുശ്രൂഷ സ്ത്രീക്കൂട്ടായ്മ രൂപത പ്രസിഡന്റ് ശ്രീമതി സുശീല ജോയുടെയും നേതൃത്വത്തിൽ നടന്ന രാജ് ഭവൻ മാർച്ച് പ്രഫ. ഡോ. രാജരാജേശ്വരി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശരീരങ്ങൾ അധികാരത്തിനായി പിച്ചി ചീന്തപെടുമ്പോൾ വേദനിക്കുന്നത് സമൂഹമാണെന്നും, ആ വേദന അധികാരികൾ തിരിച്ചറിയണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശ്രീമതി ഡോളി ഫ്രാൻസിസ് സ്വാഗതമേകിയ ധർണ്ണയിൽ ശ്രീമതി മേരി പുഷ്പ്പം, ശ്രീമതി ഫ്രീസ്‌ക കുരിശപ്പൻ, ശ്രീമതി അന്ന റീറ്റ, ശ്രീമതി സുജ, ശ്രീമതി മേരിക്കുട്ടി, ശ്രീമതി സിസിലി, ശ്രീമതി ജെർമി, ശ്രീമതി അമലദാസി, ശ്രീമതി ലീജ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ശ്രീമതി തങ്കം ടൈറ്റസ് പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.