വികസനത്തിന്റെ പേരിൽ നാട് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു.വിഴിഞ്ഞം തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്ന ജനബോധന യാത്രയുടെ മൂന്നാം ദിവസത്തെ സമാപന സമ്മളനം പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി ദേവാലയങ്കണത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ പുരോഗതിയാണ് വികസനത്തിന്റെ ഉദ്ദേശമെങ്കിൽ അത് സത്യസന്ധമായി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ ഭരിക്കുന്നുവർക്കുണ്ട്. അതിൽ വന്ന പാളിച്ചകളാണ് ഈ ദിവസങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ അധ്യക്ഷനായിരുന്നു. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി വൈസ് ചെയർമാൻ ബി. ഭദ്രൻ മുഖ്യപ്രഭാഷണം നടത്തി. കമാൽ എം മാക്കിയിൽ, സുരേഷ് കുമാർ, ജാഥാ ക്യാപ്റ്റൻ ജോസഫ് ജൂഡ്, വൈസ് ക്യാപ്റ്റൻ അഡ്വ. ഷെറി ജെ തോമസ്, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ ജാഥ കൺവീനർ പി.ജെ.തോമസ്, ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ, ഫാ.സേവ്യർ കുടിയാംശേരി, ഫാ.ജോൺസൻ പുത്തൻ വീട്ടിൽ, കെഎൽസിഎ രൂപത പ്രസിഡന്റ് ജോൺ ബ്രിട്ടോ, എന്നിവർ പ്രസംഗിച്ചു.
രാവിലെ ചെല്ലാനം സെന്റ് ജോർജ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച വാഹനപ്രചരണ ജാഥ മോൺ.ജോയ് പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു.അന്ധകാരനഴി, ഒറ്റമശേരി, അർത്തുങ്കൽ, പെരുന്നേർമംഗലം,കാട്ടൂർ, തുമ്പോളി എന്നിവടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ സമാപിച്ചു. തുടർന്ന് നടന്ന കാൽനട ജാഥ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത, മാർ ജോസഫ് പെരുന്തോട്ടം ഫ്ലാഗ്ഓഫ് ചെയ്തു
ജാഥാ സ്ഥിരം അംഗങ്ങളായ ഫാ. ജിജു അറക്കത്തറ, ഫാ.മാത്യു പുതിയാത്ത്,
ഫാ.ഷാജ് കുമാർ,വിൻസ് പെരിഞ്ചേരി, സിബി ജോയ്, ജസ്റ്റീന ഇമ്മാനുവൽ,
കെഎൽസിഎ ആലപ്പുഴ രൂപത ജന.സെക്രട്ടറി സന്തോഷ് കൊടിയനാട്, കോട്ടപ്പുറം രൂപത കെഎൽസിഎ പ്രസിഡന്റ് അലക്സ് താളൂപാടത്ത്, വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.
വിയാനിയിൽ വികാരി ഫാ. എഡ്വർഡ് പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ജനങ്ങൾ അണിനിരന്ന സമാപന സമ്മേളനമാണ് നാടിന് സാക്ഷ്യമായത്. കെസിവൈഎം രൂപത പ്രസിഡന്റ് വർഗീസ് മാപ്പിള ചൊല്ലിക്കൊടുത്ത സമുദ്ര സംരക്ഷണ പ്രതിജ്ഞയോടെയാണ് സമ്മേളനം സമാപിച്ചത്.