വത്തിക്കാന്‍ സിറ്റി: 1947നും 1966നും മധ്യേ ഇറ്റാലിയൻ സ്വദേശിക്ക് ലഭിച്ച പരിശുദ്ധ കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണവും സന്ദേശവും അംഗീകരിച്ച് വത്തിക്കാന്റെ വിശ്വാസ കാര്യാലയം. റോസ മിസ്റ്റിക്ക മാതാവ് എന്ന പേരില്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച പ്രത്യക്ഷീകരണത്തിനാണ് ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ പരിശുദ്ധ കന്യകാമറിയം നൽകിയ ദർശനം, സഭാപഠനങ്ങൾക്ക് എതിരല്ലായെന്ന് വ്യക്തമാക്കി വത്തിക്കാൻ വിശ്വാസ തിരുസംഘ ഡിക്കസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്, ബ്രെഷയിലെ ബിഷപ്പ് പിയർ അന്തോണിയോ ദ്രേമോലാദയ്ക്ക് കത്തയച്ചുവെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
എഴുപത്തിയേഴ് വർഷങ്ങൾക്കു മുൻപ് 1947ലെ വസന്തകാലത്താണ് ലൊംബാർഡി പ്രവിശ്യയിലെ മോന്തേക്യാരി എന്ന ചെറുപട്ടണത്തിലെ ആശുപത്രിചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പിയെറിന ഗില്ലി എന്ന നഴ്‌സിന് പരിശുദ്ധ അമ്മ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഏറെ ദുഃഖിതയായി കാണപ്പെട്ട അമ്മയുടെ ഹൃദയം തുളച്ചുകൊണ്ടു മൂന്നു വാളുകൾ കടന്നുപോകുന്നതായിട്ടാണ് അന്ന് കാണപ്പെട്ടത്.
എന്നാൽ അതേ വർഷം ജൂലൈ 13ന് ശുഭ്രവസ്ത്രം ധരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട അമ്മയുടെ നെഞ്ചിൽ വാളുകൾക്കു പകരം ഉണ്ടായിരുന്നതു വെള്ള, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മൂന്നു റോസാപ്പൂക്കളായിരുന്നു. 1947 ഡിസംബർ 8 അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ മോന്തേക്യാരി കത്തീഡ്രലിൽ നല്കിയ പ്രത്യക്ഷീകരണത്തില്‍ മിസ്റ്റിക്കൽ റോസ് എന്ന് അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും എല്ലാ വർഷവും ഡിസംബർ 8ന് ഉച്ചയ്ക്ക് ലോകത്തിന് വേണ്ടിയുള്ള കൃപയുടെ മണിക്കൂറായി ആഘോഷിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും വെളിപ്പെടുത്തിയിരിന്നു. തുടര്‍ന്നും ദൈവമാതാവ് നിരവധി സന്ദേശങ്ങളും നല്‍കിയിരിന്നു.