വത്തിക്കാൻ: ലെയോ പതിനാലാമൻ പാപ്പായുടെ സഭാഭരണത്തിൻറെ ഔപചാരിക ആരംഭംകുറിക്കുന്ന ദിവ്യബലി മെയ് 18-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ അർപ്പിക്കപ്പെടും. പതിനെട്ടാം തീയതി പ്രാദേശിക സമയം രാവിലെ 10 മണിക്ക്, അതായത്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് ആയിരിക്കും ലിയൊ പതിനാലാമൻ പാപ്പാ മുഖ്യകാർമ്മികനാകുന്ന ഈ സ്ഥാനാരോഹണ ദിവ്യബലി.
മെയ് ഏഴാംതീയിതി ആരംഭിച്ച “കൊൺക്ലേവിൻറെ” രണ്ടാം ദിനത്തിൽ, അതായത്, മെയ് എട്ടാം തീയതി (08/05/25) ആണ് ലെയൊ പതിനാലാമൻ എന്ന പേരു സ്വീകരിച്ചിരിക്കുന്ന കർദ്ദിനാൾ റോബെർട്ട് ഫ്രാൻസീസ് പ്രെവോസ്റ്റ് (Robert Francis Prevost) പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്. ലിയൊ പതിനാലാമൻ ഇരൂനൂറ്റിയറുപത്തിയേഴാമത്തെ പാപ്പായും പത്രോസിൻറെ ഇരുനൂറ്റിയറുപത്തിയാറാമത്തെ പിൻഗാമിയുമാണ്. തൻറെ സഭാഭരണാരംഭ ദിവ്യബലി മെയ് പതിനെട്ടിനാണെങ്കിലും ലെയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ചകളുൾപ്പടെയുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.