വത്തിക്കാന്‍ സിറ്റി: എല്ലാ രൂപതകളിലും സംഘടിത പ്രോ-ലൈഫ് സംരംഭങ്ങള്‍ക്കായി ആഹ്വാനം ചെയ്യുന്ന 40 പേജുള്ള രേഖ അല്‍മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ചു. മനുഷ്യജീവിതത്തിന്റെ മൂല്യത്തെയും അലംഘനീയതയെയും കുറിച്ചുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ഇവാഞ്ചലിയം വിറ്റ’ പ്രസിദ്ധീകരിച്ചതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് .’ജീവിതം എല്ലായ്‌പ്പോഴും നല്ലതാണ്: മനുഷ്യജീവിതത്തിന്റെ അജപാലന പരിപാലനത്തിനുള്ള പ്രക്രിയകള്‍ ആരംഭിക്കുന്നു’ എന്ന രേഖ പ്രസിദ്ധീകരിച്ചത്.
സ്ത്രീകള്‍, ഗര്‍ഭസ്ഥശിശുക്കള്‍, കുട്ടികള്‍, കൗമാരക്കാര്‍, വൈകല്യമുള്ളവര്‍, വൃദ്ധര്‍, ദരിദ്രര്‍, കുടിയേറ്റക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള നിരവധി അക്രമങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ട കാലഘട്ടത്തില്‍, മനുഷ്യജീവന് വേണ്ടിയുള്ള അജപാലന പരിശീലന പദ്ധതി രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ രേഖയുടെ ആമുഖത്തില്‍ പറയുന്നു.
ജീവന്റെ സംരക്ഷണത്തിന് വേണ്ടി ഏകീകൃതവും വ്യക്തവും സ്ഥിരതയുള്ളതുമായ അജപാലന ചട്ടക്കൂട് ആവശ്യമാണ്. ഇതിനായി രൂപതകള്‍ക്ക് മുന്‍കൂട്ടി തയാറാക്കിയ ഒരു പാസ്റ്ററല്‍ രസക്കൂട്ട് നല്‍കുന്നതല്ലെന്നും പകരം ഈ ചട്ടക്കൂടിന്റെ ഭാഗമായി ഒരോ രൂപതയും മനുഷ്യജീവന്റെ പരിപാലനത്തിന് വേണ്ടിയുള്ള അജപാലന ശുശ്രൂഷകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രേഖയില്‍ നിഷ്‌കര്‍ഷിക്കുന്നു.