പൊഴിയൂർ: രൂക്ഷമായ കടലേറ്റത്തിൽ പൊഴിയൂർ മുല്ലശ്ശേരി വാർഡിൽ വീടുകൾ ഭാഗികമായി തകർന്നു. പൊയ്പ്പള്ളിവിളാകം, മുല്ലശ്ശേരി എന്നിവിടങ്ങളിലും വീടുകൾ തകർച്ചാഭീഷണി നേരിടുന്നുണ്ട്. പൊഴിയൂർ–നീരോടി റോഡ് ഭൂരിഭാഗവും കടലെടുത്തു. 4 മീറ്റർ വരെ വീതിയുണ്ടായിരുന്ന റോഡിന്റെ പല ഭാഗങ്ങളും ഒലിച്ചുപോയി. ഇതുവഴിയുള്ള യാത്രാസൗകര്യം ഇല്ലാതായി.
നൂറുകണക്കിനു കുടുംബങ്ങൾ അധിവസിക്കുന്ന തീരദേശ മേഖലയിൽ കടലേറ്റം ജനജീവിതം ദുസ്സഹമാക്കി. തമിഴ്നാടിന്റെ ഭാഗമായുള്ള നീരോടി മുതൽ തമിഴ്നാട് സർക്കാർ പുലിമുട്ട് സ്ഥാപിച്ച് തീരം സംരക്ഷിച്ചതിന് ശേഷമാണ് പൊഴിയൂർ പ്രദേശം ഭയാനകമായ തീരശോഷണത്തിനിരയാകുന്നത്. ദിനം പ്രതി ഇവിടത്തെ തീരം കടലെടുത്തു. സ്ഥാപിച്ചിരുന്ന കല്ലുകൾ പലഭാഗത്തും കടല്കൊണ്ടുപോയി. നിലവിൽ ഒരു തീരഗ്രാമം മുഴുവൻ ഇല്ലാതാകുന്ന സ്ഥിതി സംജാതമായിരിക്കുന്നു. നിരവധി തവണ പ്രദേശവാസികൾ സർക്കാരിന് തീരസംരക്ഷണത്തിനായി അപേക്ഷ സമർപ്പിച്ചു. ഇത്രയും ഭീകരമായ അവസ്ഥയിലെത്തിയിട്ടും തീരം സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എത്രയും വേഗം ശാസ്തീയമായി പഠിച്ച് പൊഴിയൂർ തീരദേശഗ്രാമം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊണ്ടില്ലങ്കിൽ പൊഴിയൂർ തീരഗ്രാമം പൂർണ്ണമായി കടലിനടിയിലാകും.