“യോഹന്നാൻ സുവിശേഷത്തിൽ പ്രകാശിതമാകുന്ന ഈശോയുടെ നേതൃത്വം” എന്ന വിഷയത്തിൽ നടത്തിയ ഗവേഷണ പഠനത്തിനാണ് അതിരൂപതാംഗമായ ഫാ. മരിയ മൈക്കിളിന് ഡോക്ടറേറ്റ് ലഭിച്ചത്. ബെൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗവേഷക വിദ്യാർത്ഥിയായിരുന്നു ഡോ. മരിയ മൈക്കിൾ.
ഇക്കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയേഴാം തിയ്യതി വൈകുന്നേരം ഇന്ത്യൻ സമയം 5:30 ന് ഓൺ ലൈനിൽ നടന്ന പ്രബന്ധാവതരണത്തിന് ശേഷമാണ് ബൈബിൾ പഠനരംഗത്തെ മുൻനിരയൂണിവേഴ്സിറ്റികളിലൊന്നായ ലൂവേയ്ൻ യൂണിവേഴ്സിറ്റി ഫാ. മരിയ മൈക്കിളിന് ഗവേഷകബിരുദം നൽകിയത്. സുമ്മാ കൂം ലൗദേയോടുകൂടിയാണ് അദ്ദേഹം ഗവേഷണനേട്ടം കരസ്ഥമാക്കിയത്.
യോഹന്നാൻ സുവിശേഷത്തിലെ ഇരുപത്തൊന്നാം അദ്ധ്യായത്തെ (യോഹ 21:1-23) ആസ്പദമാക്കിയാണ് ഈശോയിലെ നേതൃത്വത്തെക്കുറിച്ചുള്ള പഠനം ഹിസ്റ്റോറിക്കൽ-ലിറ്റററി ക്രിട്ടിക്കൽ സംഗേതങ്ങളുപയോഗിച്ച് നടത്തിയിരിക്കുന്നത്. ലൂവേയ്ൻ യൂണിവേഴ്സിറ്റിയിലെ പ്രോഫ. ജോൺ ലീമാൻസ് ചെയർമാനും, ഗ്രീസിലെ ഏഥൻസ് യൂണിവേഴ്സിറ്റിയിലെ പ്രോഫ. ക്രിസ്റ്റോസ് കരക്കോളിസ്, ഫിൻലാൻഡിലെ ഹെൽസിങ്കി യൂണിവേഴ്സിറ്റിയിലെ പ്രോഫ്. ഔട്ടി ലെഹ്ത്തിപ്പൂ, ജെർമനിയിലെ റൂഹ്ർ യൂണിവേഴ്സിറ്റിയിലെ പ്രോഫ്. തോമസ് സോഡിങ് എന്നിവർ അംഗങ്ങളുമായ സമിതിക്കു മുൻപാണ് ഡോ. മരിയ മൈക്കിൾ ഗവേഷക പ്രബന്ധം അവതരിപ്പിച്ചത്.
ഫാ. മരിയ മൈക്കിൾ 1979-ിൽ ഫെലിക്സ് – ജസീന്ത ദമ്പതികളുടെ മകനായി പൂത്തുറൈ ഇടവകയിൽ ജനിച്ചു. 2007-ിൽ സൂസപാക്യം മെത്രാപ്പോലീത്തായിൽ നിന്നും വൈദികപട്ടം സ്വകീരിച്ചു. സെന്റ് വിൻസെന്റ് സെമിനാരിയിൽ പ്രീഫക്റ്റായും സേവനമനുഷ്ഠിച്ചിരുന്നു.