വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ഇടവകകളിലെ സ്റ്റുഡന്റ്‌സ് ഫോറം പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനായി പരിശീലക പരിശീലന വർക്ക്ഷോപ്പ് (TOT) സംഘടിപ്പിച്ചു. 2026 ഏപ്രിൽ 11 ശനിയാഴ്ച വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ വെച്ചാണ് വർക്ക് ഷോപ്പ് നടന്നത്.
ഫൊറോന വൈദിക കോഡിനേറ്റർ ബഹു. ഫാ. രജീഷ് വി. രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷാ ഡയറക്ടർ ബഹു. ഫാ. സാജു റോൾഡൻ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ ചരിത്രം, ലക്ഷ്യങ്ങൾ, പ്രവർത്തന രീതികൾ എന്നിവയെക്കുറിച്ചും ഇടവക തലങ്ങളിൽ ഫോറം എങ്ങനെ കൂടുതൽ ആകർഷകമായും ഫലപ്രദമായും മുന്നോട്ട് കൊണ്ടുപോകാമെന്നും അദ്ദേഹം വിശദീകരിച്ചു.
‘ജീവനും വെളിച്ചവും’ മാസികയിൽ രൂപത നൽകുന്ന സ്റ്റുഡന്റ്‌സ് ഫോറം യോഗ സഹായി എങ്ങനെ ഓരോ മാസവും ഫലപ്രദമായി ഉപയോഗിക്കാം, സ്റ്റുഡൻസ് ഫോറം ആനിമേറ്റർമാരുടെ ഉത്തരവാദിത്തങ്ങൾ, കുട്ടികളിലെ സഭാകമ്പം മാറ്റുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന ചർച്ചകൾ പങ്കെടുത്തവർക്ക് ഏറെ അറിവ് പകർന്നു. ഫൊറോനയിലെ 8 ഇടവകകളിൽ നിന്നുള്ള വിദ്യാഭ്യാസ സമിതി കൺവീനർമാരും സ്റ്റുഡന്റ്‌സ് ഫോറം ആനിമേറ്റർമാരും ഉൾപ്പെടെ 13 അംഗങ്ങൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു.

