വെട്ടുതുറ: പുതുക്കുറിച്ചി ഫൊറോന ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയസിന്റെ ആഭിമുഖ്യത്തിൽ സന്യസ്തർക്കായി “നിർമിത ബുദ്ധിയും സമർപ്പിത ജീവിതവും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെട്ടുതുറ സെന്റ് ജോസഫ്സ് കനോഷ്യൻ കോൺവെന്റിൽ നടന്ന പരിപാടിയിൽ ഫൊറോനയിലെ വിവിധ സന്യാസസമൂഹങ്ങളിൽ നിന്നായി അമ്പതോളം സന്യസ്തർ പങ്കെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ മനുഷ്യവ്യക്തിത്വം, മാനവികത, വിശ്വാസം, സമർപ്പിത ജീവിതത്തിന്റെ മൂല്യങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ക്ലാസിൽ ചർച്ച ചെയ്തു.
പാങ്ങോട് കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് ഡയറക്ടർ ഫാ. ജെയിംസ് ആലക്കുഴിയിൽ OCD ക്ലാസിന് നേതൃത്വം നൽകി. Magnifica Humanitas എന്ന ചാക്രിയ ലേഖനത്തിന്റെ പശ്ചാത്തലത്തിൽ സാങ്കേതികവിദ്യയെ വിവേകപൂർവം ഉപയോഗിക്കേണ്ടതിനെക്കുറിച്ചും സമർപ്പിത ജീവിതത്തിലെ മനുഷ്യബന്ധങ്ങളുടെയും ആത്മീയതയുടെയും പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രാർത്ഥനാ ശുശ്രൂഷയോടെ ആരംഭിച്ച പരിപാടിയിൽ ബോർഡ് ഓഫ് ക്ലർജി ആൻഡ് റിലീജിയസ് ഡയറക്ടർ റവ. ഡോ. തദ്ദേവൂസ് ഫിലിപ്പ് ഏവർക്കും സ്വാഗതം നേർന്നു സംസാരിച്ചു. ഫാ. തച്ചിൽ എസ് ജെ ഏവർക്കും കൃതജ്ഞതയർപ്പിച്ചു.

