പുഷ്പഗിരി: പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ ‘സമ്മർ സ്പാർക്ക്’ എന്ന പേരിൽ സമ്മർ ക്യാമ്പിന് തുടക്കം കുറിച്ചു. പുഷ്പഗിരി പാരിഷ് ഹാളിൽ നടക്കുന്ന സമ്മർ സ്പാർക്കിൽ കുട്ടികളിൽ വ്യക്തിത്വ വികസനം, നേതൃപാടവം, സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുകയെന്നതാണ് ലക്ഷ്യമിടുന്നത്. ഫാ. റോഡ്രിഗസ് കുട്ടിയുടെയും സാമൂഹ്യ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡൊണി ഡി പോളിന്റെയും സാന്നിധ്യത്തിൽ നടന്ന സമ്മർ സ്പാർക്കിന്റെ ഉദ്ഘാടനം കുമാരി ശ്രീജ IFS നിർവഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി പരിശീലകരുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ, ടാലന്റ് സെഷനുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, സൃഷ്ടിപരമായ പരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ അവബോധം, സൈബർ സുരക്ഷ, ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ക്യാമ്പിന്റെ പ്രത്യേകത. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പ് കുട്ടികൾക്ക് അറിവും വിനോദവും ഒരുപോലെ പകർന്നു നൽകുന്ന വേദിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് നാളെ സമാപിക്കും.
