പുത്തൻതോപ്പ്: അഗോള കത്തോലിക്ക സഭയിൽ 2025 വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ജനുവരി 26-ന് ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ പിതാവിന്റെ അധ്യക്ഷതയിൽ പുത്തൻതോപ്പ് ഇടവകയിൽ വച്ച് പുതുക്കുറിച്ചി ഫൊറോനയിലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. അഭിവന്ദ്യ മെത്രാപ്പോലിത്ത വൈദികരുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ ജുബിലി പതാക ഉയർത്തി തദവസരത്തിൽ ജൂബിലി ഗാനം മുഴങ്ങി. തുടർന്ന് തോമസ് ജെ. നെറ്റോ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയർപ്പിച്ചു.
ഫൊറോനാ തലത്തിലും ഇടവക തലത്തിലും നടത്തുന്ന ജൂബിലി പദ്ധതികളുടെ പ്രഖ്യാപനം ഫൊറോന വികാരി ഫാ. ഹയസിന്ദ് എം. നായകം നടത്തി. വിശ്വാസത്തിൽ പ്രത്യാശയോടെ വളരുന്നതിനും, സാധുജനങ്ങൾക്കു ജൂബിലി പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യവും സന്തോഷവും ലഭ്യമാകുന്ന ഭവന നിർമ്മാണം പോലുള്ള പദ്ധതികളും, മിഷൻ ഇടവകകളെ ദത്തെടുക്കൽ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൊച്ചുത്രേസ്യയുടെ ജീവിതവും അവിടുന്നു നമ്മെ സ്നേഹിച്ചു എന്ന ചാക്രിക ലേഖനത്തിൻറെ പ്രചോദനവും ഉൾകൊള്ളുന്നതായിരുന്നു പദ്ധതികൾ. പദ്ധതികൾ സമയ ബന്ധിതമായി എല്ലാം നടപ്പിലാക്കുവാനും വിശുദ്ധ കൊച്ചുത്രേസ്യയുടെ കരംപിടിച്ച് പ്രത്യാശയുടെ തീർത്ഥാടകരാകുവാനും വചന സന്ദേശത്തിലൂടെ ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ ആഹ്വാനം ചെയ്തു. ഫൊറോനയിലെ എല്ലാഇടവകകളിൽ നിന്നും കൗൺസിൽ അംഗങ്ങൾ, മതാദ്ധ്യാപകർ അൾത്താര ബാലകർ, ഭക്ത സംഘടനാംഗങ്ങൾ സന്യസ്തർ എന്നിവർ പങ്കെടുത്തു. ഫൊറോന സെക്രട്ടറി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.