_ബ്ര. ജിബിൻ-
200 മുതൽ 250 ദിവസങ്ങൾ വരെ ശരാശരി ജോലി ലഭിച്ചിരുന്ന അവസ്ഥയിൽ നിന്നും കഴിഞ്ഞവർഷം വെറും 65 ദിവസങ്ങൾ മാത്രമാണ് മൽസ്യബന്ധനത്തിന് ലഭിച്ചതെന്ന് ‘ദി ഹിന്ദു’ പത്രം ചൂണ്ടിക്കാട്ടുന്നു. 2021 സീസണിലും ഇതേ അവസ്ഥതന്നെയാണ് തുടരുന്നത്. ഈ വർഷം ആരംഭിച്ചത് തന്നെ മത്സ്യബന്ധനനിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള തുടർച്ചയായ കലാവസ്ഥാമുന്നറിയിപ്പുകളോടെയാണ്. ഇന്നും തിരുവനന്തപുരം ജില്ലാ കളക്റ്റർ വീണ്ടും കാലാവസ്ഥാ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കേരളത്തിലെ ഏതെങ്കിലും ഒരു പ്രദേശം മാത്രമല്ല മറിച്ച് കേരളത്തിൻറെ കടലോരഗ്രാമങ്ങൾ മുഴുവനും സമാനമായ സ്ഥിതിഗതി തന്നെയാണ് അഭിമുഖീകരിക്കുന്നത്. ഓഖി ദുരന്തത്തിനുശേഷം കടൽ അപകടമരണങ്ങൾക്കുമേലുള്ള തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും കൈകഴുകാൻ വേണ്ടിയാണ് തുടർച്ചയായ ഇത്തരം മുന്നറിയിപ്പുകളെന്നും കടൽ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് നിയന്ത്രണങ്ങളും, കാലം തെറ്റിയുള്ള കടൽ കയറ്റവും കാലാവസ്ഥാവ്യതിയാനവും മൂലമേറ്റവുമധികം ദുരന്തമനുഭവിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികുംടുംബങ്ങളാണ്. ദിവസവരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പരമ്പരാഗത മൽസ്യത്തൊഴിലാളികുടുംബങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കുപോലും നിവൃത്തിയില്ലാതെ അലയുന്ന കാഴ്ചയാണ് കോവിഡ് കാലഘട്ടം മുന്നിലെത്തിക്കുന്നത്. ജൂൺ മാസത്തെ ട്രോളിങ് നിരോധനവും കാലവർഷവും കൂടെയാകുമ്പോൾ ഇപ്രാവശ്യത്തെ കഷ്ടപ്പാടുകളുടെ പട്ടിക പൂർത്തിയാകും. പുതിയ അദ്ധ്യായന വർഷത്തിലെ ഓൺലാൻ വിദ്യാഭ്യാസത്തിന്റെ ചിലവുകളും നിർവ്വഹിക്കണ്ടിവരുന്നുണ്ട്. ചാകരയും സ്വപ്നംകണ്ടുകഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് വലിയ തിരിച്ചടിയായി മാറിരിക്കുകയാണ് നിലവിലെ കോവിഡ് മാനദണ്ഡങ്ങളും, പ്രകൃതി ദുരന്ത നിയന്ത്രണങ്ങളും.
2021 ആരംഭിച്ചത് മുതൽ ലോക്ക്ഡൗണ്ണിന് പുറമെ ശനി, ഞായർ ദിവസങ്ങളിലെ ട്രിപ്പിൾ ലോക്ക്ഡൗണും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഇടവിട്ടുള്ള ദിവസങ്ങളിലെ മൽസ്യബന്ധനശ്രമങ്ങൾ തീർത്തും ‘കലക്കുവെള്ളത്തിലെ മീൻപിടിത്തമായി’ തന്നെ തുടരുന്നു. തുറന്നിരിക്കുന്ന വിഴിഞ്ഞം പോലുള്ള വിരലിലെണ്ണാവുന്ന ഹാർബറിലേക്കുള്ള പ്രേവേശനത്തിനു ആളുകൂടിയതോടെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നുമുണ്ട്. ഇതു കൂടാതെയാണ് അശാസ്ത്രീയമായ നിർമ്മാണം കാരണം അപകടമരണം സംഭവിക്കുന്ന മുതലപ്പൊഴി ഫിഷിങ് ഹാർബറിലെ അവസ്ഥ. ഇന്നലെയും ഫിഷിങ്ങിനിറങ്ങിയ മര്യനാട് സ്വദേശിയായ പത്തൊമ്പത് കാരൻ വള്ളം മറിഞ്ഞ് മരിച്ചിരുന്നു.
പരമ്പരാഗത മൽസ്യത്തൊഴിലാളികൾ പ്രതിദിന മൽസ്യവുമായി വില്പനക്ക് എത്താതായതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും നിയന്ത്രണങ്ങൾ ഇല്ലാതെ ഐസ്-മൽസ്യങ്ങൾ കൊണ്ടുവരുന്നത് കൂനിൻമേൽ കുരുപോലെയാണ്. ഇതിനൊക്കെ പുറമേയാണ് ഇടനിലക്കാരുടെ ഇപ്പോഴത്തെ കൊള്ളലാഭ കച്ചവടവും ഗുണ്ടായിസവും, ചുരുങ്ങിയ സമയത്തിനുള്ളിൽ വിപണനം പൂർത്തിയാക്കണമെന്നതുകൊണ്ടുതന്നെ, ഇതും പരമ്പരാഗത മൽസ്യവിപണനക്കാർ തന്നെ സഹിക്കേണ്ടി വരുന്നു എന്നതാണ് സത്യം.